സജീബ് നരണിപ്പുഴ
പൊട്ടിയ തെരുവിളക്കുകൾക്കു താഴെ
മരിച്ചു കിടക്കുന്നുണ്ടൊരു തെരുവ്
അമീറും ഹസനും കൈകോർത്ത്
പിടിച്ച് നടന്ന അതേ തെരുവ്
ഈ തെരുവിന്റെ തിരത്ത് നിന്നാണ്
ഐലൻ ബോട്ട് കയറിപ്പോയത്
നജീബ് പുറപ്പെട്ട് പോയതും
ഇതേ തെരുവിൽ നിന്നാണ്
ഈ തെരുവിന്റെ ഓരങ്ങളാണ്
ജുനൈദിന്റെ നിലവിളികൾക്ക് കാതോർത്തത്
ഘനീഭവിച്ച നിശ്ശബ്ദതയിലും
പോയകാല സ്മരണയിലെന്നപോലെ
അടക്കിപിടിച്ച വിതുമ്പലുകളും
ആശയറ്റ സ്വപ്നങ്ങളുടെ
കരിഞ്ഞ ഗന്ഥവും
ചുവന്ന നിറമാർന്ന തെരുവിനെ
കൂടുതൽ ഭയാനകമാക്കുന്നു
തെരുവിന് ഉപ്പിന്റെ രുചിയാണ്
ജനിമൃതിക്കുള്ളിൽ നിറയാൻ വേണ്ടി
കൊതിക്കുന്ന നിറയാത്ത ജീവനകളുടെ
കണ്ണീരിന്റെ രൂചി.
കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക്
ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക്
വിസ്മൃതിയിലാഴുന്ന ചരിത്രങ്ങളാവാൻ
വേണ്ടി മാത്രം
കൈമാറ്റം ചെയ്യപ്പെടുന്ന തെരുവുകൾ
തെരുവിന്റെ ഓരത്തിരുന്ന്
കരയുന്ന അമ്മമാരേ
നിങ്ങൾ കഴിഞ്ഞ കാലത്തിന്റെ
ആവർത്തനങ്ങൾ മാത്രമാണ്
വരും കാലത്തിനു വേണ്ടിയുള്ള
തുടർച്ച മാത്രം.