സാറാ ജെസിൻ വർഗീസ്
വീടുവിട്ടിറങ്ങിയ ഒരമ്മയെ പോലെയാണ്
നീയടുത്തില്ലാത്ത നേരങ്ങളിൽ എന്റെ മനസ്സ്.
മോട്ടോർ ഓണാക്കിയിരുന്നോ,
ഗ്യാസ് സിലിണ്ടർ ഓഫാക്കിയോ,
വാതിലുകൾ അടച്ചിരുന്നോ-
യെന്നൊക്കെ ആധിയോടെ ഓർക്കുന്ന പോലെ,
ഓടിയെത്തിനോക്കാനും കഴിയാതെ
ഒരു ദീർഘദൂര ബസ്സിന്റെ
മൂന്നാൾ സീറ്റിലെ
നടക്കുക്കിരിക്കുന്ന പോലെ ശ്വാസം മുട്ടും.
തിരികെയെത്തി വീടിന്റെ താഴ്ത്തുറന്ന്,
ധൃതിയിലക്കത്ത് കയറി,
ചായയുടെ ഫ്ലാസ്ക്ക് നിറക്കുകയും,
വാട്ടർ ഹീറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന്
ഉറപ്പിക്കുകയും ചെയ്യുന്ന പോലെ,
ദൂരെയിരുന്നോരോ വാക്കിലും
അന്വേഷണങ്ങളിലും നിർദ്ദേശങ്ങളിലും
പൊട്ടുംപൊടിയും പോലും തിരക്കുകയും,
നീയവിടെ ഭദ്രമാണെന്ന് ഉറപ്പിക്കുകയും ചെയ്യും.
വായിച്ച പുസ്തകങ്ങളും
എഴുതി ബാക്കിയാക്കിയ പേനയും,
മുഷിഞ്ഞ വസ്ത്രങ്ങളും
പിന്നെ തോർത്തും രാസ്നാദിപൊടിയും
യാഥാസ്ഥാനത്തെന്ന പോലെ,
ഞാൻ തിരികെയെത്തുന്ന വരെ
നിനക്കുള്ളതൊക്കെ അവിടെയൊരുക്കി,
ഞാനില്ലാത്ത നിന്നിടങ്ങളിലേക്ക്
അതിക്രമിച്ചു കയറിക്കൊണ്ടിരിക്കും.
അമ്മയകലയായ വീട് പോലെ,
നീയില്ലാത്ത നേരങ്ങളിൽ ഒറ്റയ്ക്കിരിക്കാൻ
പേടിയാണെന്ന് തോന്നുന്നു എനിക്കെന്നിൽ,
ശ്വാസനിശ്വാസങ്ങളുടെ ഇടനേരങ്ങളിൽ പോലും
നിന്നിലേക്ക് കുതിക്കാറുണ്ട് മനപൂർവം.