മനീഷ് നരണിപ്പുഴ
അന്ന്
വല്ലാത്തൊരരാജകത്വത്തിലേക്ക്
പറിച്ചെറിയപ്പെടും
നിശ്ചയിച്ചു വെച്ച
യാത്രാവഴികളെല്ലാം
മറ്റാരാലോ മാറ്റി വരക്കപ്പെടും
യുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ
എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും
എവിടേക്കോ കാടുകയറി
ഏതോ ബോധി വൃക്ഷ തണലിൽ
ശാന്തനാവാൻ ശ്രമിക്കും
അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ
കളിയാക്കുന്ന ഉയിർ പോലെ
പ്രണയം പിന്നെയും ഞെളിപിരി കൊള്ളും
അപ്പോഴും ഉള്ളമൊരശ്വം കണക്കെ
തോൽക്കാനാവാതെ
നിന്നിലേക്ക് മേധം തുടരും
ഉന്മത്തതയുടെ പാതിമയക്കത്തിൽ
പൂച്ചകളെ കണ്ടു ഞെട്ടി ഉണർന്ന്
പിന്നെയും പിന്നെയും തിരയും
ഗോവണിയും കയറി
തിരഞ്ഞു നടക്കുമ്പോൾ
പൂച്ചകളോരോന്നായി മയങ്ങി വീഴും
ഒന്ന് രണ്ട് മൂന്ന്…..
എണ്ണി സങ്കടപ്പെട്ടു നടക്കുമ്പോൾ
കൊട്ടാര വാതിൽ പതുക്കെ തുറക്കപ്പെടും
സിംഹാസനത്തിലിരിക്കുന്ന
നിന്റെ വലതുമിടതും
അവരുണ്ടാവും, നിന്റെ ഭടന്മാർ
അനുസരണയില്ലാത്ത കുട്ടിയെ പോലെ
എത്ര വേണ്ടെന്നു വിലക്കിയാലും
നിന്നിലേക്ക് നടന്നു കയറും
നേരെ നീട്ടിയ മുന്തിരിച്ചാർ
നമ്മളൊന്നിച്ചു കുടിച്ചു കുടിച്ച്
ആരുമറിയാതാ മടിയിൽ മയങ്ങും
പൂച്ചകളോരോന്നായി
ഉണർന്നു തുടങ്ങുമ്പോൾ
ഭടന്മാർ എന്നെ കണ്ടെത്തും
ഒരു മാത്രയിൽ
വല്ലാത്തൊരു നിസ്സംഗതയിലിരിക്കുന്ന
നിന്നിൽ ഞാൻ മരിക്കും
പതുക്കെ പതുക്കെ ഞാൻ നീയായും
പിന്നീട് തിരിച്ചും പരിണാമപ്പെടും
അങ്ങനെയാണ് നീയെന്നിൽ ആവാഹിക്കപ്പെടുക
അതെ നീ ഞാൻ തന്നെ ആകുന്നു
തൂണിലും തുരുമ്പിലും
അനാദിയായ പ്രണയം പൂക്കുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in