സീന ജോസഫ്
ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ
എന്താണിത്ര അഗ്നിത്തിളക്കം
എന്നു നീ ചോദിക്കരുത്.
നീ വെട്ടിക്കീറിയ നെഞ്ചിലെ
ചോര വീഴിത്തിയാണ്
ഞാനവരെ വളർത്തിയത്.
രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്
എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്.
നീ തച്ചുടച്ച എന്റെ കൺകളിലെ
ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്
അവ മത്സരിക്കുന്നത്.
വഴിയുടെ വലതുവശം ചേർന്നുള്ള
ആ വീട്ടിൽ വച്ചായിരുന്നു
നീയെന്നെ അറിഞ്ഞത്.
ഞാൻ നിന്നെ അറിഞ്ഞുവെന്ന് അഹങ്കരിച്ചത്!
ആ മാതിരിയുള്ള വീടുകൾ ഇപ്പോൾ
എന്നിൽ ചിരിയാണുണർത്തുക.
എന്റെ സാധുത്വം നിന്റെ അതിസാമർത്ഥ്യത്തിനു
മുൻപിൽ ശ്വാസം നിലച്ചു നിന്നതോർക്കുമ്പോൾ
ചിരിക്കാതിരിക്കുന്നതെങ്ങനെ?
നിന്റെ ഇറങ്ങിപ്പോക്കിൽ, വിള്ളലുകൾ
വീണ ഭൂമിയിലാണ് ഞാൻ
ആദ്യമായി തനിച്ചുയർന്നു നിന്നത്.
വാർന്നു പോയ ചോരക്കു പകരം
അതിജീവനത്തിന്റെ കയ്പ്പുനീരാണ്
എന്റെ സിരകളിൽ പതഞ്ഞൊഴുകിയത്.
നീയൊന്നു തിരിഞ്ഞു നോക്കിപ്പോയാൽ
ഞാനിപ്പോഴും പഴയ പൂമൊട്ടായി
മാറുമെന്നുള്ള ഭയം കൊണ്ടാണ്
ഒരു വാൾത്തലപ്പിന്റെ
മിനുസമാർന്ന മൂർച്ചയോടെ
എന്റെ ജീവിതം നിന്റെ മുന്നിൽ
ഞാൻ ആടിത്തിമിർക്കുന്നത്!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in