തിരുമുറിവുകളുടെ ഭാഷ

0
211

മറിയം

അടുക്കള ഒരു തിരുഹൃദയമാണ്,
അവൾ അതിലെ ഉണങ്ങാത്ത മുറിവും

തിളച്ചുതൂവുന്ന കഞ്ഞിക്കലത്തിൽ
പിടഞ്ഞുമരിക്കുന്നുണ്ട് കണ്ണീർത്തുള്ളി

തേച്ചുമിനുക്കിയ പാത്രത്തിന്റെ നടുവിൽ
വറുത്തുവച്ചിട്ടുണ്ട് ഒരു സ്വപ്നമൽസ്യം

പടിവാതിൽക്കൽ എത്തിനോക്കി
പമ്മിനിൽപ്പുണ്ട് ഒരു തേങ്ങൽ

ചിരവയിലിരുന്ന് ആർത്തുപെയ്യുന്നു
പണ്ടെന്നോ പഠിച്ച ഗുണനപ്പട്ടികകൾ

അതിരാവിലെ അടിച്ചുവാരിക്കളഞ്ഞത് അരയാതെകിടന്ന ചില ഉൾവിളികളാണ്

തൊടിവക്കിലെ കിണറ്റിൻകരയിൽനിന്നും നനഞ്ഞിറങ്ങിവന്നത് മറന്നുവച്ച കവിതകളാണ്

ഊതിക്കെടുത്തിക്കൂട്ടിവച്ച കനലുകളിൽ പൊതിഞ്ഞത് കാലംമറന്ന ഓർമ്മച്ചിറകുകളാണ്

അലക്കുകല്ലിലടിച്ചുരച്ചത് പ്രാക്കുവിളികളേറ്റു മുഷിഞ്ഞുപോയ മനസിന്റെ മാറാപ്പാണ്

മുറ്റത്തെയരങ്ങിൽ ‘തെയ്യം തക്ക’ പറഞ്ഞിഴഞ്ഞുനടക്കുന്നത്
താളംവേച്ച കാലുകളുള്ള ചിലങ്കകെട്ടാത്തീർക്കിലിച്ചൂലാണ്

അപ്പൊഴും
അടുക്കളയെന്ന തിരുഹൃദയത്തിലെ
ഉരഞ്ഞുനീറുന്ന മുറിവുകളിൽ
പ്രതീക്ഷയുടെ പക്ഷികൾ
കാത്തിരിപ്പിന്റെ
നേർത്തനാരുകൾ ചേർത്തു
കൂടുമെനയുന്നു

(‘നീ വരൂ വരൂ എന്നുപറഞ്ഞ് എന്നെയിങ്ങനെ വിളിക്കാതെ കാറ്റേ’
എന്നാരാണ് പറഞ്ഞത്…? )


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here