രതീഷ് കുമാര്‍ സി. പി.
ആകാശം മുട്ടി നിന്ന,
ഇത്ര നാളും അന്നം തന്ന
കവിതയിൽ നിന്നും
താഴെയൊഴുകുന്ന
മറ്റൊരു കവിതയിലേക്കിറങ്ങണം.
അവസാനകാറ്റിലൂഞ്ഞാലാടിയാടി..
ശരീരം പാതിയോളം
അടിയിലേക്കെത്തുമ്പോൾ
അടിവയറ്റിലേൽക്കുന്ന
മീൻമുത്തങ്ങളാൽ ഇക്കിളിപ്പെട്ട് പഴയ വാക്കുകൾ മരവിക്കണം.
നെഞ്ഞോളമെത്തുമ്പോൾ
കൂടുകെട്ടിപ്പാർത്ത
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത് കടലാസ്സു തോണികളാക്കി ചുറ്റും വലുതായിവലുതായി, ദൂരേക്ക് പോകുന്ന വൃത്തങ്ങളിലൂടെ എങ്ങോട്ടെന്നറിയാതെ യാത്രയാക്കണം.
ഓളത്തിന്റെ കൈകളിൽ
തലമുടികളിളകിപ്പരക്കുമ്പോൾ അവയെ വില്ലാക്കിമാറ്റി
ദീർഘനിശ്വാസത്തോടൊപ്പം പഴഞ്ചൻ ഈണവും താളവുമെല്ലാം ഇരുളിലൂട കലത്തിൽ എയ്തുവിടണം.
രാത്രി കനക്കുംമുമ്പ്
പുതിയ കവിതയുടെ ശൈത്യത്തിലേക്ക്
ശാന്തമായി ആഴ്ന്നിറങ്ങണം.
പുലരുമ്പോഴേക്കും
ആ കവിതയിൽത്തന്നെ ഉറങ്ങിയമരണം.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in