വി. ടി. ജയദേവന്‍
ഒരുവളുടെ വിരല്‍ത്തുമ്പുമായി
ഒരാള്‍ പ്രേമത്തിലായി.
അയാള്‍ ആദ്യം കണ്ടതും
പരിചയപ്പെട്ടതും ആ വിരല്‍ത്തുമ്പിനെ.
ചിന്താമഗ്നയായ അവളുടെ കണ്ണു വെട്ടിച്ച്
റസ്റ്റോറന്റിലെ മേശപ്പുറത്ത്
വെറുതെ നടക്കാനിറങ്ങിയതായിരുന്നു
വിരല്‍ത്തുമ്പ്.
എവിടെയൊക്കെയോ
മുട്ടി നോക്കുന്നുണ്ടായിരുന്നു,
തൊട്ടു നോക്കുന്നുണ്ടായിരുന്നു.
മതിലുകള്‍ക്കപ്പുറത്തേയ്ക്ക്
ഏന്തി നോക്കുന്നുണ്ടായിരുന്നു.
ആഴങ്ങള്‍ക്കുള്ളിലേയ്ക്ക്
എത്തി നോക്കുന്നുണ്ടായിരുന്നു.
ആ ധീരതയുടെ ഭയം കാണാന്‍ നല്ല ചേല്.
ആ സൗന്ദര്യത്തിന്റെ മേലാകെ
അഴുക്കു പറ്റുന്നതു കാണല്‍ നല്ല പുകില്.
അവള്‍ക്ക് ദേഷ്യം വരുന്നുണ്ട്.
പറഞ്ഞാക്കേക്കില്ല എന്ന് ശാസിച്ച്
ഇടയ്ക്കിടെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.
കെട്ടിപ്പൂട്ടിയിടുന്നുണ്ട്.
ആരുണ്ട് വഴങ്ങുന്നു!
അവള്‍ക്കാവുമോ
അങ്ങോട്ടു പോകുന്ന
മനോവിചാരങ്ങളെയും
ഇങ്ങോട്ടോടുന്ന വിരല്‍ത്തുമ്പിനെയും
ഒരേ പോലെ വരുതിക്കാക്കാന്‍!
ആ ഒറ്റക്കാണലില്‍ അയാള്‍
പോക്കിരി വിരല്‍ത്തുമ്പിനൊപ്പമാവാന്‍
തീരുമാനിച്ചത്രെ.
‘ഇനി ഞാനുമുണ്ടാവും’,
അയാള്‍ വിരല്‍ത്തുമ്പിനോടു കണ്ണിറുക്കി.
നമുക്കൊരുമിച്ചാവാം ഇനിയൊളിച്ചോട്ടങ്ങള്‍,
കണ്ണു വെട്ടിക്കലുകള്‍.
നമുക്കൊരുമിച്ചു കബളിപ്പിക്കാം ഇനിയവളെ…
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in