മോബിൻ മോഹൻ
അങ്ങനെയങ്ങ് ഓടിയൊളിക്കാൻ
പോന്ന ഇടമാണോ കണ്ടം.
തോറ്റ് തുന്നം പാടി
വിയർത്തു വശംകെട്ട
വിളറി വെളുത്ത ബോധങ്ങൾക്ക്
ഓടിമാറാൻ പാതയൊരുക്കലല്ല
കണ്ടത്തിന്റെ കർമ്മം..
മുലച്ചിപറമ്പിൽ
ചോര പൊടിഞ്ഞു
മരിച്ച പെണ്ണിന്റെ
കോപക്കണ്ണീർ
വീണലിഞ്ഞ മണ്ണാണ്.
ഓളുടെ കെട്ടിയോൻ
കണ്ടപ്പന്റെ ആത്മബോധം
താളം ചവിട്ടിയ മണ്ണ്.
ചിറയോട് ചേർത്തുകെട്ടിയ
ചിരുകണ്ടന്റെ വിയർപ്പും
കറുത്ത രക്തവും
കൂടിക്കുഴഞ്ഞ മണ്ണ്.
പേറ്റ് നോവ് മാറാതെ
ഒരു ചിരുതപ്പെണ്ണ്
ഞാറുനട്ടു നീങ്ങുമ്പോൾ
ഒലിച്ചിറങ്ങിയ ചുവപ്പ്
പച്ചക്ക് വളമാക്കിയ മണ്ണ്.
കറുത്ത പാട്ടുകളും
കിളിർത്ത സ്വപ്നങ്ങളും
പുണർന്നുറങ്ങിയ മണ്ണ്.
വെളുപ്പിന്റെ പെൺകൊതിയും
ഉളുപ്പ് വറ്റിയ വിണ്ണയും
പരാജയപ്പെടുമെന്ന്
ഉറപ്പുള്ള തത്വശാസ്ത്രവും
എന്നും കരയിലേ നിന്നിട്ടുള്ളു..
കണ്ടത്തിന്റെ കറുപ്പിലേക്ക്
ഇറങ്ങിയിട്ടില്ല…
മനസിലായല്ലോ..?
തോറ്റോടുന്നവന്റെ
അഭയമല്ല ഒരു കണ്ടവും
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in