കാവാലം സ്മൃതി ദിനം

0
834

നിധിന്‍ വി.എന്‍.

കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന രീതിയില്‍ കലയെ എങ്ങനെ ആവിഷ്കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേയ്ക്കു പരിണമിക്കുന്നു എന്നും മലയാളിക്കു കാട്ടിത്തന്ന പ്രതിഭാധനനാണ് കാവാലം നാരായണപ്പണിക്കര്‍. കവി, നാടകകൃത്ത്, നാടക സംവിധായകന്‍, ഗാനരചയിതാവ്, സൈദ്ധാന്തികൻ എന്നീ രംഗങ്ങളില്‍ പ്രശസ്തനായ കാവാലം നാരായണപ്പണിക്കരുടെ സ്മൃതി ദിനമാണിന്ന്.



കാവാലം എന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക നാടകമെന്ന കലാരൂപമാണ്. എന്നാല്‍ കവിതകളും ഗാനങ്ങളും രചിച്ചുകൊണ്ടാണ് കാവാലം തന്റെ  കലാജീവിതത്തിനു തുടക്കമിട്ടത്. പുഴകളും പാടങ്ങളും ധാരാളമുള്ള, കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ, കാവാലമെന്ന ഗ്രാമത്തില്‍, ഞാറ്റുപാട്ടുകളുടേയും കൊയ്ത്തുപാട്ടുകളുടേയും വഞ്ചിപ്പാട്ടിന്റെയുമൊക്കെ ശ്രുതിലയതാളങ്ങള്‍ ലയിച്ചു ചേര്‍ന്ന അന്തരീക്ഷത്തിലാണ് കാവാലം നാരായണപ്പണിക്കര്‍ ജനിച്ചത്. സംഗീതത്തിന്റെയും കവിതയുടേയും പാട്ടിന്റെയുമൊക്കെ കൈ പിടിച്ചു വളര്‍ന്നത്. കുട്ടനാട്ടില്‍ 1928 ഏപ്രില്‍ 28 -ന് ജനിച്ചു. ഗോദവര്‍മ്മയും കുഞ്ഞുലക്ഷ്മിയുമാണ് മാതാപിതാക്കള്‍. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന സർദാർ കെ.എം പണിക്കരുടെ അനന്തരവനാണ് കാവാലം. ബഹുമുഖപ്രതിഭയായിരുന്ന കെ. അയ്യപ്പപ്പണിക്കരിന്‍റെ അടുത്ത ബന്ധുവും. ഇത് കാവാലത്തിന്റെ വളര്‍ച്ചയില്‍ ഗുണപരമായി എന്ന് പറയേണ്ടതായി ഇല്ലല്ലോ. സാഹിത്യത്തിന്റെ ലോകത്തേക്ക് അച്ഛന്‍ തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുകയായിരുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ ഇതിഹാസകൃതികളുടെയും മഹാകാ‍വ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ-കൗമാരങ്ങളിൽ സഞ്ചരിച്ച  അദ്ദേഹം, ഇതിഹാസങ്ങള്‍ക്ക്‌ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് എന്ന് കരുതി.

വക്കീലായിരുന്ന കാവാലം തന്റെ ജോലി ഉപേക്ഷിച്ചു കൊണ്ടാണ് നാടക ലോകത്തേക്ക് കടന്നു വന്നത്. 1961-ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറിയായി നിയമിതനായി തൃശ്ശൂരിലേക്ക് തന്റെ പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി. സിനിമാഗാന രചനയിലും തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ കാവാലം, 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണ് ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നത്. 1982-ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ‘ആലോലം’ എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതി. പിന്നീട് അറുപതിലേറെ സിനിമകള്‍ക്ക് ഗാനരചന നടത്തി. എം.ജി രാധാകൃഷ്ണനുമായി ചേർന്നാണ് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ട്.

1968-ൽ സി.എൻ ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവികളായ എം ഗോവിന്ദൻ, അയ്യപ്പപണിക്കർ‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകുകയുണ്ടായി. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.

വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി 40 ഓളം സിനിമകള്‍ക്ക് ഗാനങ്ങൾ എഴുതി. വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം കാവാലം നേടി. സാക്ഷി (1968), തിരുവാഴിത്താന്‍(1969), ജാബാലാ സത്യകാമന്‍(1970), ദൈവത്താര്‍(1976), അവനവന്‍ കടമ്പ(1978), നടചക്രം(1979), ഒറ്റയാള്‍(1980), കരിം കുട്ടി(1985), കൈക്കുറ്റപ്പാട്(1993) എന്നിവയാണ് കാവാലത്തിന്റെ പ്രധാന നാടകങ്ങള്‍. 2016 ജൂണ്‍ 26-ന് അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here