കോഴിക്കോട്: യഥേഷ്ടം നീട്ടാവുന്ന മാന്ത്രികവാലുമായി കപീഷ് വീണ്ടുമെത്തുന്നു. കുട്ടികളുടെ പ്രസിദ്ധീകരണമായ ‘പൂമ്പാറ്റ’യിലൂടെ വിവിധ തലമുറകളിലെ ലക്ഷക്കണക്കിന് കുഞ്ഞുവായനക്കാരെ കൂടെക്കൂട്ടിയ ചിത്രകഥയാണ് പുസ്തകരൂപത്തിലെത്തുന്നത്. 1978 ജൂണ്‍ മുതല്‍ 89 ഒക്ടോബര്‍ വരെയാണ് പൂമ്പാറ്റയില്‍ കപീഷ് ഉണ്ടായിരുന്നത്. പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതോടെ ‘ബാലരമ’യിലേക്ക് ചേക്കേറിയ കപീഷ് രണ്ടായിരംവരെ തുടര്‍ന്നു. ഇപ്പോള്‍ രണ്ടുപതിറ്റാണ്ടിനുശേഷം ചിങ്ങം ഒന്നിന് പുസ്തകരൂപത്തിലാണ് കപീഷ് വീണ്ടുമെത്തുന്നത്.
എഴുത്തുകാരനായ അനന്ത പൈയും ചിത്രകാരന്‍ മോഹന്‍ദാസുമായിരുന്നു കപീഷിന്റെ ശില്‍പ്പികള്‍. ഗൃഹാതുരമായ ഓര്‍മകളുണര്‍ത്തി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന കട്ട് കളറിലാണ് പുസ്തകരൂപത്തില്‍ മടങ്ങിവരവ്. പൂമ്പാറ്റ മാഗസിന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നിരന്തരമായ ഇടപെടലിലാണ് കുട്ടിക്കുറുമ്പന്‍ മടങ്ങിയെത്തുന്നത്. പൈകോ പ്രസിദ്ധീകരണമായ പൂമ്പാറ്റയില്‍ കപീഷിന് ഏറെ വായനക്കാരുണ്ടായിരുന്നു.
പൂമ്പാറ്റ എഡിറ്ററും കേരള സാഹിത്യഅക്കാദമി മുന്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ഗോപാലകൃഷ്ണനാണ് എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റ്. 64 പേജുള്ള പുസ്തകം 120രൂപയ്ക്ക് കേരളത്തിലെ എല്ലാ പുസ്തകശാലകളിലും ലഭ്യമാവും. പൈകോ തന്നെയാണ് പ്രസാധകര്‍. ദ്വൈമാസികയായോ ത്രൈമാസികയായോ കപീഷ് തുടര്‍ന്നും പ്രസിദ്ധീകരിക്കുമെന്ന് പൈകോ പ്രതിനിധി അജയ് വി പൈ പറഞ്ഞു. 8848239587 എന്ന നമ്പറില്‍ വിളിച്ചാല്‍ പുസ്തകം തപാലില്‍ ലഭിക്കും.
കഡുവനം എന്ന വലിയ കാട്ടിലെ രസകരമായ സംഭവങ്ങളാണ് കപീഷ് എന്ന ചിത്രകഥയിലൂടെ കുട്ടികളിലേക്ക് എത്തിയത്. പിന്റു, ബന്ദില, മോട്ടു തുടങ്ങിയ രസികന്‍ കഥാപാത്രങ്ങളും കപീഷിന് കൂട്ടായി ഉണ്ടായിരുന്നു. വിഖ്യാത എഴുത്തുകാരന്‍ ബഷീര്‍ ഉള്‍പ്പെടെ കപീഷിന് ഒട്ടേറെ വിഐപി ആരാധകരും ഉണ്ടായിരുന്നു. സഖാവ് കപീഷ് എന്നായിരുന്നു ബഷീറിന്റെ വിശേഷണം. ആരാധനമൂലം ബഷീര്‍ വീട്ടിലെ പൂച്ചയ്ക്കും കപീഷെന്ന് പേരിട്ടിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

