പൂക്കാട് കലാലയം കളി ആട്ടം ഏപ്രിൽ 6 മുതൽ 11 വരെ

0
274

കോഴിക്കോട്: ചേമഞ്ചേരി പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല നാടക കൂട്ടായ്മ കളി ആട്ടം 2019 ഏപ്രിൽ 6 മുതൽ 11 വരെ കലാലയം സർഗവനിയിൽ നടക്കും. നാലു മുതൽ 9 വരെ ക്ലാസ്സിൽ പഠിക്കുന്നവർക്കാണ് കേമ്പിലേക്ക് പ്രവേശനം നൽകുന്നത്. കൊച്ചു കുട്ടികൾക്കായി ഏപ്രിൽ 8, 9, 10 തിയ്യതികളിൽ കുട്ടിക്കളി ആട്ടവും സംഘടിപ്പിക്കുന്നുണ്ട്. കളികൾ, പാട്ട്, നാടകവ്യായാമം, യോഗ, താളപരിചയം, കാവ്യപരിചയം, പ്രശസ്തരുമായുള്ള സല്ലാപങ്ങൾ, കളിവീടുകൾ, നാടകയാത്രകൾ, കരകൗശല വസ്തു നിർമ്മാണ പരിചയം, ഡമോൺസ്ട്രേഷനുകൾ, നാടകോത്സവം തുടങ്ങി വിവിധ മേഖലകളിലൂടെയാണ് കളിആട്ടം മുന്നേറുക. പ്രശസ്ത നാടക പ്രവർത്തകരായ മനോജ് നാരായണൻ, എ. അബൂബക്കർ എന്നിവർ നേതൃത്വം നൽകുന്ന കേമ്പിൽ കലാ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രശസ്തർ പരിശീലകരായെത്തും.
ഏപ്രിൽ 6 ന് കാലത്ത് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ കളിആട്ടം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഇത്തവണത്തെ ചലച്ചിത്ര അവാർഡ് ജേതാക്കളായ നാടകപ്രവർത്തകർ സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, ഗായകൻ വി.ടി. മുരളി, നാടക പ്രവർത്തകരായ എ.ശാന്തകുമാർ, ശ്രീജ ആറങ്ങോട്ടുകര, ജെ. ശൈലജ, പ്രൊഫ. കെ. പാപ്പൂട്ടി, കെ.ടി. രാധാകൃഷ്ണൻ , എം.എം. സചീന്ദ്രൻ തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഏപ്രിൽ 10ന് ചിൽഡ്രൻസ് തിയറ്റർ പ്രവർത്തകരുടെ ഒത്തുചേരലും സംവാദവും സെമിനാറും നടക്കും.
നാടകോത്സവത്തിൽ
ഏപ്രിൽ 6 ന് പിറ നാടക പാഠശാല ആറങ്ങോട്ടുകര തൃശൂർ അവതരിപ്പിക്കുന്ന ഈ ഏടത്തി നുണയേ പറയൂ, മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട് എന്നീ രണ്ടു നാടകങ്ങൾ അവതരിപ്പിക്കും. സംവിധാനം ശ്രീജ ആറങ്ങോട്ടുകര .
ഏപ്രിൽ 7ന് തൃശ്ശൂർ രംഗചേതനയുടെ നാടകം കെ.വി. ഗണേഷ് സംവിധാനം ചെയ്ത അപ്പുണ്ണി, പൂക്കാട് കലാലയം ചിൽഡ്രൻസ് തിയറ്ററിന്റെ കിട്ടപുരാണം.
ഏപ്രിൽ 8 ന് കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിക്കുന്ന നാടകം കക്കൂകളി, കലാദർശൻ കക്കോടി അവതരിപ്പിക്കുന്ന ഡോക്യൂ ഡ്രാമ മഹാത്മ- സൂര്യവെളിച്ചം. ഏപ്രിൽ 9ന് കോഴിക്കോട് സങ്കീർത്തനയുടെ ഹേമന്ദ് കുമാർ രചനയും മനോജ് നാരായണൻ സംവിധാനവും ചെയ്ത നാടകം ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി.
ഏപ്രിൽ 10ന് പാലക്കാട് വട്ടേനാട് ഗവ. എച്ച്. എസ്. എസ് അവതരിപ്പിക്കുന്ന അരുൺലാൽ സംവിധാനം ചെയ്ത നാടകം. – മീൻ കൊട്ടയിലെ സുബർക്കം എന്നീ നാടകങ്ങൾ അവതരിപ്പിക്കും. 10 ന്
കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അത്യപൂർവ്വമായ പാവനാടകം നോക്കുവിദ്യ പാവകളി അവതരിപ്പിക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന നാടകോത്സവത്തിൽ കേമ്പംഗങ്ങൾക്ക് പുറമെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പ്രവേശനം നൽകും. ലോകപ്രശസ്ത നാടകങ്ങളുടെ വീഡിയോ പ്രദർശനവും കളി ആട്ട ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

വിജയരാഘവൻ ചേലിയ ചെയർമാനും കെ. ശ്രീനിവാസൻ ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് കളി ആട്ടത്തിന് നേതൃത്വം നൽകുന്നത്.
ഏപ്രിൽ 2 വരെയാണ് കളി ആട്ടത്തിലേക്ക് പ്രവേശനം നൽകുന്നത്. വിശദാംശങ്ങൾക്ക് 0496 2687888, 944673 27 28 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here