കവിത
കല സജീവൻ
ചിത്രീകരണം: ഹരിത
തെരുവിലൊരു പെണ്ണുണ്ട്.
ആരെ കണ്ടാലും കഥയുണ്ടാക്കിക്കളയും.
മരക്കതകുള്ള പഴയ ജനാലകൾ കൊണ്ട്
അടച്ചുറപ്പിച്ച വീട്ടിലെ മനുഷ്യനെ കുറിച്ച്
അവളുണ്ടാക്കിയ കഥ കേൾക്കണോ –
അയാൾക്ക് ഇരുട്ടിൽ ദംഷ്ട്ര മുളയ്ക്കുമെന്ന് –
അയൽരാജ്യത്തേയ്ക്ക് നുഴഞ്ഞു കയറുമെന്ന് –
വേലിപ്പഴുതിലെ എലികളെ ചുട്ടു തിന്നാണത്രെ
അയാളിത്രയും തടിച്ചതെന്ന്.
മാനം മര്യാദയ്ക്ക് ജീവിക്കുന്ന ആണൊരുത്തൻ
ഇതു കേട്ട് മിണ്ടാതിരിക്കുമെന്നാണോ
നിങ്ങൾ വിചാരിക്കുന്നത്.?
അസംഭവ്യം.
ശോശന്നപ്പൂക്കൾ വിൽക്കുന്ന
വെള്ളാരങ്കണ്ണിയെ കുറിച്ച്
അവളുണ്ടാക്കിയ കഥ കേൾക്കണോ?
വെളുത്ത വീഞ്ഞു വറ്റിച്ചാണത്രെ
നേരം പുലരുമ്പോഴേയ്ക്കും
അവളിത്രയും പൂക്കളുണ്ടാക്കുന്നത്.
പതിവ്രതയായ പെണ്ണൊരുത്തി
ഇത്തരം അപവാദങ്ങൾ കേട്ട്
ഹൃദയം തകർന്ന് മരിച്ചു
പോകാത്തത് ഭാഗ്യമെന്നേ പറയേണ്ടൂ.
മനുഷ്യരെ കുറിച്ചു മാത്രമല്ല
വീടുകളെ കുറിച്ചു പോലും
അവൾ കഥയുണ്ടാക്കിക്കളയും.
പത്തഞ്ഞൂറു വർഷം പഴക്കമുള്ള
ഓക്കുമരം മുറിച്ചുകളഞ്ഞിട്ടാണ്
മിസ്റ്റർ’ജെ.യുടെ പന്നിക്കൂടുപോലുള്ള
വീടുണ്ടാക്കിയതെന്ന് നാട്ടിൽ പാട്ടായത്
അങ്ങനെയാണു പോലും.
ഓക്കുമരത്തെ ചൊല്ലിയല്ല
പന്നിക്കൂടെന്ന പേരിനെ ചൊല്ലിയാണ്
വേവലാതിയെന്ന്
വീടുവെഞ്ചരിക്കാൻ വന്ന പാതിരിയോട്
മിസ്റ്റർ’.ജെ.കുമ്പസാരത്തിനിടയിൽ സൂചിപ്പിക്കുകയുണ്ടായി.
തോടു നികത്തിയാണ് നാട്ടിലെ കലാശാല പണിതതത്രെ.
വെള്ളമില്ലാത്ത നാട്ടിലേയ്ക്ക് യാത്രയില്ലെന്ന്
കാലായനപ്പക്ഷികൾ പറഞ്ഞു പോലും.
എന്നിട്ടും ബാക്കി വന്ന കഥകൾ മെടഞ്ഞ്
മുടിക്കെട്ടിനൊപ്പമവൾ തിരുകി വെച്ചു.
അവളെ പേടിച്ചാരും ആ വഴി നടക്കില്ലെന്ന
നിലയായിട്ടുണ്ട്.
കഥകൾ പറഞ്ഞു പറഞ്ഞ് അവൾക്ക് ചുറ്റും
വേരുകൾ മുളയ്ക്കാൻ തുടങ്ങിയത് ഈയിടെയാണ്.
വേരുകൾ നീണ്ടു നീണ്ട് നീണ്ട്
വലിയ തറവാടുകളുടെ അടിത്തട്ടിലേയ്ക്ക്
പോയിട്ടുണ്ട്.
ചിലതൊക്കെ കടപുഴകി വീഴുമായിരിക്കും.
ഒന്നുറപ്പാണ്,
ഇനി മുതൽ ചരിത്രം
ഹേർസ് റ്റോറിയെന്ന് തിരുത്തി വായിക്കപ്പെടും.
…
ഡോ.കല സജീവൻ
തൃശ്ശൂർ ശ്രീകേരള വർമ കോളേജ്, മലയാള വിഭാഗത്തിൽ അസി.പ്രൊഫസറാണ്. താമസം ആമ്പല്ലൂരിൽ – വള്ളത്തോൾ സാഹിത്യമഞ്ജരീ പുരസ്കാര ജേതാവ്. ഭാഷാപോഷിണി, തോർച്ച, ചന്ദ്രിക, സ്ത്രീ ശബ്ദം എന്നീ ആനുകാലികങ്ങളിൽ കവിതകളും അംഗീകൃത അക്കാദമിക് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യത്തെ കവിതാ സമാഹാരംജിപ്സിപ്പെണ്ണ്.ഈ സമാഹാരത്തിന് എഴുത്തുകാരികളുടെ മികച്ച കവിതാ സമാഹാരത്തിനുള്ള ഇന്ത്യൻ ട്രൂത്ത് കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.