കണ്ണൂര്‍: ഉത്തര മലബാറുകാര്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന വലുതാണെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍. ബര്‍ണശ്ശേരി ഇ. കെ. നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂര്‍ക്കോത്ത് കുമാരനും പോത്തേരി കുഞ്ഞമ്പു വക്കീലും ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ സ്ഥാനം പ്രഥമ ഗണനീയാണ്. മലയാളിയുടെ വായനയെ പരിപോഷിപ്പിച്ച പ്രസിദ്ധീകരണമാണ് ഭാഷോപോഷിണി. ഇടയ്ക്കുവച്ച് നിലച്ചെങ്കിലും വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. ഭാഷാപോഷിണി ആദ്യ ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ ഉത്തര മലബാറുകാരനായ മൂര്‍ക്കോത്ത് കുമാരന്റേതാണ്. കീർത്തിമാനായ മനുഷ്യനായിരുന്നു അദ്ദേഹം. കച്ചവടത്തില്‍ എത്ര ലാഭം ഉണ്ടാക്കുന്നു എന്നതല്ല, ആ ലാഭം എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് മഹിമ. ഇത്തരം വ്യക്തികള്‍ ലാഭനഷ്ടങ്ങളെക്കുറിച്ച് ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.