കണ്ണൂര്‍: കൈരളി ബുക്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് പ്രൗഢഗംഭീര തുടക്കം. കണ്ണൂര്‍ ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ വൈകീട്ട് നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ചെയര്‍മാനും ചെറുകഥാകൃത്തുമായ ടി പത്മനാഭന്‍, നോവലിസ്റ്റ് എം മുകുന്ദന്‍,
ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി വി ബാലകൃഷ്ണന്‍, ഗോകുലം ഗോപാലന്‍, ജെമിനി ശങ്കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി പത്മനാഭന്‍ അധ്യക്ഷനായി.
വ്യവസായ പ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ടി പത്മനാഭനും, ദന്വന്തരി ദേശീയ അവാര്‍ഡ് ജേതാവ് ഇടൂഴി ഭവദസന്‍ നമ്പൂതിരിയെ ഗോകുലം ഗോപാലനും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സി വി ബാലകൃഷ്ണനെ ജെമിനി ശങ്കരനും ആദരിച്ചു. ചിത്ര-ഫോട്ടോ-ചരിത്ര പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. ഡോ. സി വി രവീന്ദ്രനാഥ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി ആന്‍ഡ്രൂസ്, കന്റോണ്‍മെന്റ് ബോര്‍ഡ് അഗം രതീഷ് ആന്റണി, കേനന്നൂര്‍ സീ സൈഡ് റോട്ടറി ക്ലബ് പ്രസിഡന്റ് ജിഗീഷ് നാരായണന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍, റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി സോമശേഖരന്‍, സംവിധായകന്‍ പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി വി ബാലകൃഷ്ണന്‍ സ്വാഗതവും ഫെസ്റ്റിവല്‍ കണ്‍വീനര്‍ ഒ അശോക് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത ഒഡീസി നര്‍ത്തകി സന്ധ്യാ മനോജിന്റെ ഒഡീസി രാവ് അരങ്ങേറി.