HomeTHE ARTERIASEQUEL 01കൈകോർക്കാം ദ്വീപുകാരോടൊപ്പം

കൈകോർക്കാം ദ്വീപുകാരോടൊപ്പം

Published on

spot_imgspot_img

കന്മന ശ്രീധരൻ
ഫോട്ടോസ് : ബിജു ഇബ്രാഹിം

ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ ചർച്ചയിൽ അവർ നടത്തിയ ഭാഷാപ്രയോഗമാണത്രെ കാരണം. ബയോ വെപ്പൺ എന്ന പ്രയോഗം. പിന്നീട് അവർ തന്നെ വിശദീകരിച്ചത് കേന്ദ്രസർക്കാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഒരു ജൈവായുധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നു പറയാനാണ് ഞാൻ ശ്രമിച്ചതെന്നാണ്. നമ്മുടെ ഭരണഘടന പൗരൻമാർക്കനുവദിച്ചിരിക്കുന്ന അഭിപ്രായ പ്രകടനത്തിനുള്ള അവകാശം. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിനു തന്നെ വെല്ലുവിളി ഉയർത്തുകയാണെന്ന് രാജ്യത്തെ ഉന്നത നീതി പീഠങ്ങൾ ഈയിടെയായി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കയാണ്. എന്നിട്ടും കലിയടങ്ങാത്ത കേന്ദ്രഭരണാധികാരികൾ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഈയൊരു സാഹചര്യത്തിലാണ് സാംസ്കാരികപ്രവർത്തകർ ദ്വീപ് നിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്.

athmaonline-lakshadweep-biju-ibrahim-005

സഹജാതരോടുളള സ്നേഹവും കരുതലും ആണ് മനുഷ്യത്വത്തിന്റെ മുഖമുദ്ര. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്കാരികവുമായും നമ്മളോട് ഏറ്റവും അടുപ്പമുള്ള ഒരു ജനത. കേരളത്തിൽ നിന്ന് 200 മുതൽ 400 വരെ കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹം. 36 ദ്വീപുകൾ, അതിൽ 11 ദ്വീപുകളിലെ കാര്യമായി ജനവാസം ഉള്ളൂ. എഴുപതിനായിരത്തിൽ താഴെ വരുന്ന ജനസംഖ്യ. കൊപ്രയും ചക്കരയും കയറും ഒക്കെ ഉണ്ടാക്കി വിറ്റും ചൂര മീൻ പിടിച്ചും ഒക്കെ ജീവിതം നയിക്കുന്നവർ. ഡോലി പാട്ടും ലാവാ നൃത്തവും ഒക്കെയായി ആഹ്ലാദിച്ച് കഴിഞ്ഞിരുന്നവർ, പരിസ്ഥിതി ലോലമായ പ്രദേശം. കൊടുങ്കാറ്റും ചുഴലിക്കാറ്റും ഒക്കെ ഏതു നിമിഷവും ആഞ്ഞടിച്ചേക്കാം. ഇതിനോടെല്ലാം ഇണങ്ങി കഴിഞ്ഞ് സംഘ യജ്ഞം കൊണ്ട് അതിജീവനത്തിന്റെ ചരിത്രം സൃഷ്ടിച്ച ദ്വീപ് നിവാസികൾ. ആ നാട് ചരിത്രത്തിൽ ഏറ്റവും വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു ഇന്ന്.

കാറ്റിലും കോണിലും പെട്ട് കരകാണാ കടലിൽ അലയുന്ന ഒരു തോണി പോലെ ദ്വീപുകാരുടെ മനസ്സ് ആടിയുലയുകയാണ്. അറബികടലിലെ യാത്രകളോളം തന്നെ പഴക്കമുണ്ട് ലക്ഷദ്വീപ് ചരിത്രത്തിന്. അറബികളുടെ മലബാർ ലക്ഷ്യമാക്കിയുള്ള യാത്രകളിലെ ഇടത്താവളമായിരുന്നു ഈ ദ്വീപസമൂഹം എന്നതിന് ചരിത്രത്തിൽ ധാരാളം സൂചനകൾ ഉണ്ട്. പോർച്ചുഗീസുകാരുടെ കേരളത്തിലേക്കുള്ള വരവ് ദ്വീപിന്റെ ചരിത്രവും മാറ്റുന്നുണ്ട്. അവർ ദ്വീപിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ തുനിഞ്ഞു. ഭൂമിയുടെ ഉടമയായിരുന്ന കോലത്തിരി രാജാവിന്റെ പ്രതിനിധികളായ മമ്മാലിമാരെ അവർ കൊന്നൊടുക്കി. ദ്വീപ് നിവാസികളെ കടുത്ത പീഡനങ്ങൾക്ക് വിധേയമാക്കി. അതെല്ലാം പൊരുതി തോൽപ്പിച്ചവരാണ് ദ്വീപ് വാസികൾ. അറയ്ക്കൽ രാജവംശവും ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും ദ്വീപിനുമേൽ പിടിമുറുക്കിയപ്പോളും അവർ ചെറുത്തുനിൽപ് നടത്തിയിട്ടുണ്ട്. അങ്ങനെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഒരു ജനസമൂഹം ആയാണ് ലക്ഷദ്വീപ് എന്നും അറബിക്കടലിൽ തല ഉയർത്തി നിന്നു പോന്നിട്ടുള്ളത്. തനതായ ഭാഷയും കലയും സാഹിത്യവും സംസ്കാരവും എല്ലാം അവർ നേടിയെടുത്തത് അങ്ങനെയാണ്.

athmaonline-lakshadweep-biju-ibrahim-010

ജനങ്ങളിൽ ബഹുഭൂരിഭാഗവും ഏതാണ്ട് 97/98 ശതമാനം മുസ്ലീങ്ങളാണ്. എന്നാൽ അന്യമതദ്വേഷമോ, വർഗ്ഗീയവാദമോ ഒരിക്കലും ദ്വീപിൽ വേരോടിയിട്ടില്ല. മുസ്ലിം രാഷ്ട്രീയം അവിടെ ഒരിക്കലും പച്ച പിടിച്ചില്ല. മതനിരപേക്ഷ സമത്വ ചിന്തകളുടെ വളക്കൂറുള്ള മണ്ണായിരുന്നു അത്. അവിടെ എത്തുന്ന അവർ ആതിഥ്യം കൊണ്ട് വീർപ്പു മുട്ടിക്കും. വിരുന്നുകാർക്ക് സുഖ സൗകര്യങ്ങൾ ഒരുക്കുക എന്നത് അവരുടെ ഒരു ജീവിതശൈലിതന്നെ ആയിരുന്നു. ലക്ഷദ്വീപിൽ ചിത്രീകരണം നടത്തിയ സിനിമകളാണ് കമലിന്റെ പ്രണയ മീനുകളുടെ കടൽ, പൃഥ്വിരാജിന്റെ അനാർക്കലി എന്നിവ. ആ ചലച്ചിത്ര കലാകാരന്മാരുടെ അനുഭവ സാക്ഷ്യങ്ങൾ ഇത് വിളംബരം ചെയ്യുന്നുണ്ട്. ദ്വീപിനെയും അവിടുത്തെ ആവാസവ്യവസ്ഥയെയും സാമൂഹിക അന്തരീക്ഷത്തെയും ആഴത്തിൽ മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം അപകടകരവും ദൂരവ്യാപകവുമായ ഫലങ്ങൾ ഉളവാക്കുന്നവയാണ് ഇന്ന് അവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്നു ബോധ്യമാകയുള്ളൂ.

അറബിക്കടലിലെ ആ പവിഴ ദ്വീപുകളിൽ നിന്ന് ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത് അശാന്തിയുടെ രോദനങ്ങൾ ആണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സമുദ്രത്തിന്റെ അമ്ലീകരണവും പവിഴപ്പുറ്റുകളുടെ നാശവും അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങൾ ലക്ഷദ്വീപ് ജനതയുടെ പാരിസ്ഥിതികവും സാമൂഹികവുമായ അതിജീവനങ്ങൾക്ക് വെല്ലുവിളികൾ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനിടയിലാണ് കേന്ദ്ര ഭരണാധികാരികൾ അഡ്മിനിസ്ട്രേറ്റർ എന്ന കോടാലിക്കയ്യുമായി ദ്വീപ് നിവാസികളുടെ ജീവിതത്തിൽ വേരറുക്കാൻ ഉള്ള ശ്രമം തുടങ്ങിയത്.

athmaonline-lakshadweep-biju-ibrahim-009

ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശം ആയതോടു കൂടിയാണ് രാഷ്ട്രപതിയുടെ പ്രതിനിധിയായി അഡ്മിനിസ്ട്രേറ്റർമാർ രംഗപ്രവേശനം ചെയ്തു തുടങ്ങിയത്. ഇവരിൽ ദ്വീപുകാരുടെ മനം കവർന്ന ഭരണാധികാരിയായിരുന്നു മലയാളിയായ മൂർക്കോത്ത് രാമുണ്ണി. ദ്വീപ് സമൂഹത്തെ ആധുനിക ജീവിതവുമായി കൂട്ടിയിണക്കുക എന്ന മഹത്തായ ദൗത്യം ആയിരുന്നു അദ്ദേഹം നിർവഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അറിയാം അറുപതുകളിലെയും അതിനു മുൻപത്തെയും ദ്വീപ് ജീവിതത്തിന്റെ അവസ്ഥ. അവരുടെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിച്ചവർ ആയിരുന്നു അഡ്മിനിസ്ട്രേറ്റർ മാരിൽ പലരും. ഐ. എ.എസ് കാരായിരുന്നു അന്നു അഡ്മിനിസ്ട്രേറ്റർമാരായി നിയമിക്കപ്പെട്ടിരുന്നത്. ആ കീഴ്‌വഴക്കങ്ങൾ എല്ലാം ലംഘിച്ചുകൊണ്ടാണ് മുപ്പത്തി ഏഴാമത്തെ അഡ്മിനിസ്ട്രേറ്റർ ആയി പ്രഫുൽ ഖോഡാ പട്ടേലിനെ മോഡി നിയമിച്ചിരിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ നിയമനമാണ് എന്നർത്ഥം.

ഈ പ്രഫുൽ പട്ടേൽ ആരാണെന്ന് ഇന്നെത്ര പേർ ഓർമ്മിക്കുന്നുണ്ട്? 2010ൽ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് അവിടത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷാ (ഇന്നത്തെ നമ്മുടെ കേന്ദ്ര മന്ത്രി) ജയിലിലടക്കപ്പെട്ടു. അന്നത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദി, ആഭ്യന്തരമന്ത്രിയായി നിയോഗിച്ചത് ഈ പ്രഫുൽ പട്ടേലിനെയായിരുന്നു. അതിനുള്ള ഒരേ ഒരു കാരണം പട്ടേലിന്റെ പിതാവുമായി മോഡിക്ക് ഉണ്ടായിരുന്ന ബന്ധം ആണ്. പക്ഷെ 2012 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടേൽ ദയനീയമായി തോറ്റു. പിന്നീട് കുറെക്കാലം രാഷ്ട്രീയ വനവാസത്തിൽ ആയിരുന്നു.

athmaonline-lakshadweep-biju-ibrahim-011

2014ൽ മോഡി പ്രധാനമന്ത്രി ആയപ്പോൾ വീണ്ടും തന്റെ വിശ്വസ്തനായ പട്ടേലിനെ താക്കോൽ സ്ഥാനങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് കീഴ് വഴക്കങ്ങൾ എല്ലാം കാറ്റിൽപറത്തി ദാമൻ ദിയുവിന്റെ അഡ്മിനിസ്ട്രേറ്റർ പദവി അദ്ദേഹത്തെ ഏൽപ്പിച്ചത്. അധികാരം ഏറ്റെടുത്ത ഉടൻ വികസനത്തിന്റെ പേരിൽ ജനജീവിതത്തിന്റെ താളം തെറ്റിക്കുക ആയിരുന്നു ഈ പ്രഫുൽ പട്ടേൽ ചെയ്തത്. ജീവിതം ദുസ്സഹമായപ്പോൾ പ്രതിഷേധങ്ങൾ ഇരമ്പി. സ്കൂളുകളെ ജയിലുകൾ ആക്കി മാറ്റി ആയിരുന്നു അന്ന് ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്തിയത്.

ആ മനുഷ്യനാണ് ഇപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ വിലസുന്നത്. ശാന്തശീലരായ ജനങ്ങൾക്ക് മേൽ അയാൾ കുതിര കയറുകയാണ്. കൈവശം വെച്ചു പോന്നിരുന്ന ഭൂമിയുടെ മേലുള്ള അവകാശം 3 വർഷം കൂടുമ്പോൾ തെളിയിക്കണം, പുതുക്കണം വൈകിയാൽ കനത്തപിഴ. രണ്ട് ലക്ഷം രൂപ. വൈകുന്ന ഓരോ ദിവസവും 20000 അധിക പിഴ. ഇതൊന്നും ചോദ്യം ചെയ്യാൻ ആർക്കും ആവുന്നില്ല. ഉരുക്കുമുഷ്ടി ഉപയോഗിച്ച് എല്ലാം അടിച്ചമർത്തും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി മാറ്റുകയാണ്. ജനങ്ങളുടെ ജീവിതോപാധിയായ മത്സ്യബന്ധനം, സംസ്കരണം, വിപണനം ഇവയിലൊക്കെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

athmaonline-lakshadweep-biju-ibrahim-003

തീര സംരക്ഷണത്തിന്റെ പേരിൽ വലകളും എൻജിനുകളും മറ്റു ഉപകരണങ്ങളും എല്ലാം സൂക്ഷിച്ചിരുന്ന ടെൻഡുകൾ അടിച്ചു തകർക്കുകയാണ്. റോഡ് വികസനത്തിന്റെ പേരിൽ വീടുകളും മറ്റ് കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്നു. സർവീസ് മേഖലകളിലുള്ള തദ്ദേശീയരായ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. അംഗൻവാടികൾ അടച്ചു പൂട്ടുകയാണ്. മാംസാഹാരം നിരോധിക്കുന്നു, സസ്യാഹാരം അടിച്ചേൽപ്പിക്കുകയാണ്. വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടുകയാണ്. ദ്വീപു ഡയറി എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന് പോലും വിലക്ക് ഏർപ്പെടുത്തി. വാട്സപ്പ് മെസ്സേജ് അയച്ച വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഗുണ്ടാനിയമം നടപ്പിലാക്കി. കേരളവുമായി ദ്വീപ് നിവാസികൾക്കുള്ള പൊക്കിൾകൊടിബന്ധം അറുത്തുമാറ്റാൻ ആവുന്നതെല്ലാം ചെയ്യുകയാണ്. ബേപ്പൂരും ആയുള്ള ദീർഘകാലത്തെ ചരക്കുഗതാഗതം തിരിച്ചു വിടുകയാണ്. ദ്വീപ് ഉൽപന്നങ്ങൾക്ക് ഇതരസംസ്ഥാനങ്ങളിൽ വിപണി കണ്ടെത്തുകയാണ്. കേരളവുമായി പ്രത്യേകിച്ച് കോഴിക്കോടുമായുള്ള ബന്ധം മുറിച്ചു മാറ്റുകയാണ്.

athmaonline-lakshadweep-biju-ibrahim-008

ഇങ്ങനെ തനിക്ക് തോന്നുംപടിയെല്ലാം ചെയ്യുന്ന ഈ പ്രഫുൽ പട്ടേൽ എന്ന മനുഷ്യൻ ഒരു ഉപകരണം മാത്രം ആണെന്ന് ഇന്നു എല്ലാവർക്കുമറിയാം. അയാൾ കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയായ ഒരു ഓഫീസർ മാത്രം. സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ആ ആൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ശിഥിലമാകുകയും രാഷ്ട്രീയ അധികാരം ഫാസിസ്റ്റുകളുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്തതിന്റെ തുടർച്ചയാണ് ഇത്. ഇന്ത്യയുടെ ബഹുസ്വരതയെ സാംസ്കാരിക ദേശീയത എന്ന രാഷ്ട്രീയ ഹിന്ദുത്വയുടെ ഏകശിലാത്മകതയിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിൽ. സംഘപരിവാറിന്റെ നെടും നാളത്തെ പരിശ്രമങ്ങളുടെ ചരിത്രം ഉണ്ട് ഇതിനുപിന്നിൽ. ഗുജറാത്തിൽ നടന്ന വംശഹത്യ ആ ഭരണകൂട ഭീകരതയുടെ സ്റ്റേറ്റ് സ്പോൺസേഡ് ടെററിസത്തിന്റെ ചോര ഇന്നും വാർന്നു കൊണ്ടിരിക്കുകയാണ്.

കുങ്കുമ പൂക്കളുടെ, ചിനാർ മരങ്ങളുടെ, നീല തടാകങ്ങളുടെ നാടായ കാശ്മീർ, ‘ഭുവനങ്ങളിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ ആ സ്വർഗ്ഗം ഇവിടെയാണ്, ഇവിടെയാണ്, ഇവിടെ മാത്രം’ എന്നു വാഴ്ത്തപ്പെട്ട കാശ്മീരിന്റെ ഇന്നത്തെ നില എന്താണ്. ലക്ഷദ്വീപ് എന്ന പവിഴ ദ്വീപുകൾക്ക് മുകളിലാണ് ഇപ്പോൾ കഴുകൻ ചിറകിട്ടടിച്ചു കൊണ്ടിരിക്കുന്നത്. കാശ്മീരിനെ പോലെ ഭൂനിയമങ്ങൾ ഇവിടെയും മാറ്റം വരുത്തുകയാണ്. ആർക്കും ഭൂമി വാങ്ങാമെന്നുവന്നാൽ ഭൂമി മുഴുവ൯ കോർപ്പറേറ്റുകളുടെ കയ്യിലാണ് എത്തിച്ചേരുക. ടൂറിസത്തെ വ്യവസായമായി മാറ്റിക്കൊണ്ടിരിക്കുന്ന വൻകിട വാണിജ്യ സ്ഥാപനങ്ങൾ ഭൂവുടമകളായി മാറും. ചൂതാട്ടവും മയക്കുമരുന്നുകളും മദ്യവും വ്യാപിക്കും. കാസിനോകൾ അതിസമ്പന്നതയുടെ വിളയാട്ടഭൂമിയായി ദ്വീപിനെ മാറ്റി തീർക്കും. ഇത് തിരിച്ചറിഞ്ഞ് ദ്വീപ് ജനതയുടെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളീയസമൂഹം അതിന്റെ സവിശേഷമായ മൂല്യബോധം ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ പോരാട്ടത്തിന് ഒപ്പം ചേർന്ന് നിൽക്കുകയാണ്. നമ്മുടെ ജനപ്രതിനിധികളും നിയമസഭയും എല്ലാം അവസരത്തിനൊത്ത് ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിൽ സംഘടിതമായ വിദ്വേഷ പ്രചാരണവുമായി ഫാസിസ്റ്റുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

athmaonline-lakshadweep-biju-ibrahim-007

രാജ്യദ്രോഹം, തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ പതിവ് പല്ലവികളുമായാണ് അവർ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്താൻ ജനകീയ വിദ്യാഭ്യാസ പരിപാടികളിലൂടെ ബോധവൽക്കരിക്കാൻ ഉള്ള ദൗത്യം ഏറ്റെടുക്കേണ്ടത് സാംസ്കാരിക പ്രവർത്തകരാണ്. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്‌ലറുടെ ആദ്യചുവടുകൾ കണ്ടപ്പോൾ തന്നെ പാബ്ലോ നെരൂദാ അത് തിരിച്ചറിഞ്ഞിരുന്നു.1930 കളിൽ ഫാസിസത്തിന്റെ കൊലവിളികൾക്ക് എതിരെ മാക്സിം ഗോർക്കിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന കൂട്ടായ്മയുടെ ചോദ്യം ‘സാംസ്കാരിക നായകരേ നിങ്ങൾ ആരുടെ പക്ഷത്ത്’ എന്നതായിരുന്നു. വിശ്വവിഖ്യാതനായ ഗുണ്ടർ ഗ്രാസിന്റെ പ്രവാചക സ്വഭാവം ഉള്ള വാക്കുകൾ ജർമൻ ഏകീകരണത്തിന്റെ കെടുതികളിലൂടെ കണ്ടു തിരിച്ചറിഞ്ഞവർ ആണ് നാം. ഫ്രാൻസ് എന്നത് ഒരു രാഷ്ട്രത്തിന്റെ പേരാണെന്നും അതൊരു രോഗത്തിന്റെ പേരായി മാറാതിരിക്കട്ടെ എന്നും അൽജീരിയൻ യുദ്ധകാലത്ത് ദാർശനികനായ ജീൻപോൾ സാർത്ത്ര് പറഞ്ഞതും പ്രസിദ്ധമാണ്.

athmaonline-lakshadweep-biju-ibrahim-012

എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജീവിച്ചീടുന്നു ഞാൻ;

എന്നു പാടിയ മലയാളത്തിന്റെ പ്രിയ കവി എം.വി കൃഷ്ണവാര്യരുടെ നേരവകാശികളായ നമുക്ക് ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിൽ അണിചേരാതെ എങ്ങനെ നിശബ്ദരാവാ൯ കഴിയും. പ്രതിലോമ ചിന്തകൾക്കെതിരെ ശബ്ദമുയർത്താനും കലാപം ചെയ്യാനും ഒരുങ്ങുന്നവർക്ക് മാത്രമേ ഒരു നൂതന ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനാവുകയുള്ളൂ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...