കവിത
അജേഷ്.പി
ഭൂമി നെറുകെ
പിളർന്നതിൽ
ചിതറിപ്പോയ ചെറു
പച്ചപ്പുകളെ ചുറ്റി
കടലൊഴുകുന്നുണ്ട് ശാന്തമായി.
വെയിലേറ്റ്
നാണിച്ചു പോയ
കരയെ തൊടാൻ
കടൽ ധൃതികൂട്ടും
ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട്
കരയെ നനയ്ക്കും.
മണലിലെഴുതിയ
കടലമ്മയെന്ന വാക്കിനെ
മുറിച്ച്
ഏലേലം താളത്തിൽ
വല നെയ്ത സ്വപ്നങ്ങൾ
വഞ്ചിയിലേറി
കടലിലേക്കിറങ്ങും.
ചെറുചൂടുള്ള ചോറ്
എരിവു തിങ്ങിയ മീൻ
കടലിന്റെ ദാനങ്ങൾ കൊണ്ട്
വിശപ്പിനെ തുന്നിക്കെട്ടും.
രാത്രിയാകാശം കണ്ട്
നക്ഷത്രങ്ങളെണ്ണി
ഉപ്പു മണം വിതറുന്ന
കാറ്റിന്റെ വേഗത്തിൽ
കടലിനെപ്പറ്റി പാട്ടു പാടും.
കടലങ്ങനെ ഊണൂട്ടിയ അമ്മയാകും
കര സ്വാതന്ത്ര്യം തന്ന അച്ഛനും.
ഒരു രാത്രിക്കപ്പുറം
കടലിനെയാരോ
മോഷ്ടിച്ചിരിക്കുന്നു,
കരയെ ചങ്ങലക്കിട്ടിരിക്കുന്നു.
പാറാവ്,
നിശബ്ദത,
ഒറ്റ
കടലേ കടലേ
കടലമ്മേ…
ഒച്ചകൾക്കും
നിലവിളികൾക്കും
വിശപ്പിനും
തൊട്ടടുത്തുണ്ടെങ്കിലും
വിലക്കാണ്,
കടലിന്
കരയെ തൊടാൻ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.