ചിത്രകുടുംബത്തിലെ പെൺകുട്ടിയാണ് ജുമാന

0
425

ചിത്രകല

രമേഷ് പെരുമ്പിലാവ്

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണ്, ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക്, ചായപ്പെൻസിലുകൾ തുടങ്ങി നിരവധി മീഡിയങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. വർത്തമാന കാലത്ത് ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ചിത്രകലയിൽ ഏറെ മുന്നിലാണ്.

jumana-01

വെളിച്ചവും നിഴലും അവയുടെ ലയവിന്യാസങ്ങളും വർണ്ണങ്ങളും ചേർന്ന സമ്മിശ്രാവസ്ഥയിലാണ് നാം പ്രകൃതിയിൽ വസ്തുക്കളെ ദർശിക്കുന്നത്. ഇതിൽ നിന്നും കലാകാരന്മാർ/ കലാകാരികൾ ഭാവനയിൽ രൂപപ്പെടുത്തുന്ന അനുമാനമാണ് രേഖകൾ. ഈ രേഖകളെ ചിത്രതലത്തിൽ വരച്ച് ഫലിപ്പിക്കുന്നതിലാണ് ചിത്രകാരരുടേയും ചിത്രത്തിന്റേയും മേൻമ പ്രകടമാകുന്നത്.

jumana-02

അത്തരത്തിൽ രേഖകളെ സൂക്ഷമതലത്തിൽ നോക്കിക്കണ്ട് വർണ്ണങ്ങളിലൂടെ വിസ്മയം തീർക്കുന്ന ചിത്രകാരിയാണ് വി.പി.ജുമാന വരയിൽ പല തലങ്ങൾ പ്രതിഫലിപ്പിക്കാൻ ജുമാന ശ്രമിക്കാറുണ്ട്. ക്രൈയിൻ ഷോട്ടുകൾ പോലെ ആകാശ കാഴ്ചകളായി തോന്നിക്കും ചില ചിത്രങ്ങൾ, വിദൂരക്കാഴ്ചകൾ പോലെ ചില ചിത്രങ്ങൾ, ഏറ്റവും അടുത്തു നിന്ന് കാണുമ്പോലെ മറ്റു ചിലത്. ത്രിമാന ചിത്രങ്ങൾ പോലെയും തോന്നാം ചിലവ. വെറുതെ വരയ്ക്കുകയല്ല ഈ ചിത്രകാരി, ഒരോ ചിത്രങ്ങളിലും തന്റേതായൊരു സിഗ്നേച്ചർ പതിപ്പിക്കാൻ കഴിയുന്നുണ്ട് എന്നത് തന്നെയാണ് ജുമാനയുടെ ചിത്രങ്ങളുടെ വേറിട്ട വഴി.

jumana-03

കാളപ്പുട്ട് ചിത്രത്തിലെ കാളകൾ തെറിപ്പിക്കുന്ന വെള്ളം ചിത്രം കാണുന്ന ആളുടെ മേൽ തെറിക്കും. തെയ്യത്തിന്റെ ചുറ്റുമുള്ള തീയുടെ ചൂട് നമ്മളിലേക്കും പകരും. നിലാവത്ത് മരച്ചുവട്ടിൽ നിൽക്കുന്ന പെൺകുട്ടിയാവാൻ കൊതി തോന്നും. മുറ്റത്ത് നിന്നും മഴ കൊള്ളുന്ന കുട്ടിയായി നാം മാറും. ഒരു ചായ എനിക്കും എന്ന് പറയിപ്പിക്കുന്ന ചായക്കടക്കാരൻ ചിത്രം. ഇത്രയും ഭംഗിയോടെ കഞ്ഞിയും അച്ചാറും വിളമ്പിവെച്ചത് മുമ്പൊരിക്കലും കണ്ടു കാണില്ല, അത്രമേൽ ഹൃദ്യമാണ് ആ സ്റ്റീൽ പാത്രങ്ങളുടെ തിളക്കം. പച്ചപ്പ് തണൽ വിരിച്ച ഇടവഴിയും, പച്ചപ്പ് വിരിച്ച പാടത്തെ വെള്ളവും ലൈൻ കമ്പികളും, മുറ്റത്ത് കളിക്കുന്ന പെൺകുട്ടിയും, അത് നോക്കിയെന്ന പോലെ ചവിട്ടു പടിയിൽ ഇരിക്കുന്ന ആൺകുട്ടിയും, വെള്ളത്തിലൂടെ നീന്തി വരുന്ന പുലിയും, പട്ടയെടുത്ത് മഴയത്ത് വരുന്ന ആനയും പാപ്പാന്മാരും, പാടത്തിനോരത്ത് നിർത്തി വെച്ച ബൈക്കുമെല്ലാം കാണുമ്പോൾ ജുമാനയെന്ന ചിത്രകാരിയുടെ വരയുടെ നൈപുണ്യം വിളിച്ചു പറയും.

jumana-04

തന്റെ ചിത്രങ്ങളിലൊക്കെയും ഒരു ഗ്രാമ ഭംഗിയും അതിന്റെ തനിമയും പഴമയും നിലനിർത്താൻ ചിത്രകാരി ശ്രമിക്കുന്നത് മിക്ക ചിത്രങ്ങളിലും കാണാൻ കഴിയും. അമൂർത്തമായതോ, അബ്സ്ടാക്ടയതോ അല്ലാത്ത ഏറെ വ്യക്തതയുള്ള ലളിതമായ ചിത്രശൈലിയാണ് ജുമാന പിന്തുടരുന്നത്. പ്രകൃതിയിൽ നമ്മൾ മരങ്ങളെ കാണുന്നത് വെളിച്ചവും നിഴലും നിറഭേദങ്ങളും നിറഞ്ഞ സമ്മിശ്രാവസ്ഥയിലാണ്. തീഷ്ണ പ്രകാശം പതിക്കുന്ന ഇളം മഞ്ഞനിറം, സ്വാഭാവികമായ ഇലപ്പച്ചനിറം, ഇലകൾ തമ്മിലുണ്ടാക്കുന്ന ഷാഡോ, ശിവരങ്ങൾ തമ്മിൽ സൃഷ്ടിക്കുന്ന നിഴൽ അതിലിടയിലൂടെ കാണുന്ന വൃക്ഷ ശിഖരങ്ങൾ, ഇവയെല്ലാമുണ്ടെന്ന തോന്നലുണ്ടാക്കുന്ന രീതിയിലായിരിക്കണം ചിത്രങ്ങളിൽ വർണം ഉപയോഗിക്കേണ്ടത്. ജുമാനയുടെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുക്ക് നിറങ്ങളുടെ ഈ ലയവിന്യാസത്തിലൂടെ ഇടതൂർന്ന കാട് ദർശിക്കാൻ സാധിക്കും. എഫ് ബിയിൽ തന്റെ ദിനവരകൾ എന്ന പേരിൽ നിരന്തരം രേഖാ ചിത്രങ്ങൾ പോസ്റ്റു ചെയ്യാറുള്ള കഥാകാരൻ കൂടിയായ ഇസഹാഖിന്റെ മകളാണ് ജുമാന, ഈ ചിത്രകാരി പെൺകുട്ടി തന്റെ ചിത്രകലയിലൂടെ നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ജുമാനയുടെ സഹോദരി ആരിഫയും നല്ല മികവ് പുലർത്തുന്ന ചിത്രകാരിയാണ്.

jumana-11
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടമാണ് ജുമാനയുടെ വീട്. ടൂൺസ് അക്കാദമിയിൽ ചിത്രകലയിൽ ഉപരിപഠനം നടത്തുന്ന ജുമാന, ഡിജിറ്റൽ കലാരംഗത്തും മാന്വൽ ഡ്രോയിംഗിലും കേരളത്തിൽ അറിയപ്പെടുന്ന കലാകാരിയാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന ചിത്രകാരിയാവാൻ ജുമാനയ്ക്ക്
 ആശംസകൾ നേരുന്നു.

©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
@jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp
©jumanavp

google-play-logo

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here