കഥ
ജിതേഷ് ആസാദ്
മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു.
ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് വന്നിട്ട് നിങ്ങളെന്താ എന്നോട് പറയാഞ്ഞേ? മക്കോണ്ടോന്നു വന്നതാ എന്നെ കാണാൻ. ഇത്ര ദൂരം എന്നെ കാണാൻ കടന്നു വന്നിട്ട് ഒരു കപ്പ് ചായ പോലും കൊടുക്കാതെ അങ്ങേരെ പറഞ്ഞയക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി മനുഷ്യാ? അഥീനയുടെ വിഷാദഖനികളിൽ നിന്ന് വളരെ പ്രയാസപ്പെട്ട് വന്ന വാക്കുകൾ അത്രയും പറഞ്ഞൊപ്പിച്ചു.
ദുഖത്തിന് ഒരു ഭൂഖണ്ഡം കടന്നെത്താനാവുമെന്ന് വിശ്വസിക്കാൻ പോളിന് അപ്പോൾ തോന്നിയില്ല.
അഥീന, നീ എന്താ ജോലിക്ക് പോവാത്തെ? രണ്ട് പിള്ളേര് വളർന്നു വരുവാ. വല്ല അന്തോം കുന്തോം ഉണ്ടോ? എന്താ അഥീന വരാത്തെ എന്ന് സ്ഥാപന മേധാവിയായ ലിസ യാതൊരു ദയയയുമില്ലാതെ ഇന്നലെകൂടി പോളിനോട് ചോദിച്ചേ ഉള്ളൂ…
വായനശാല പൊളിക്കുകയാണ്. അവിടെ ഒരു കുഞ്ഞു കെട്ടിടസമുച്ചയം ഉയരാൻ പോവുകയാണ്. താഴെ പിള്ളാർക്ക് കാരംബോർഡ് കളിക്കാനുള്ള റൂം പ്രത്യേകം പണിയുന്നുണ്ട്. ബാക്കി മുറികളെല്ലാം വാടകക്ക് കൊടുക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
യോഹന്നാൻ ചേട്ടോ, വായനശാല വേണ്ട എന്ന് വച്ചാൽ നമ്മടെ ഷേക്‌സ്‌പിയറും ടോൾസ്റ്റോയും ഹ്യൂഗോയും നെരൂദയുമൊക്കെ എവിടെ പോകും? പുസ്തകങ്ങളുടെ കുടിയിറക്കം ആർക്കും ജീവിത പ്രശ്‌നം അല്ലാലെ? യോഹന്നാന്റെ കണ്ണുകൾ അന്നേരം രണ്ട് ദുരിത ഗ്രഹങ്ങൾ മാത്രമാണെന്ന് അഥീനക്ക് തോന്നി. അത് പോട്ടെ നമ്മുടെ എഴുത്തച്ഛനും നമ്പ്യാരും തകഴിയും ബഷീറുമൊക്കെ
എവിടെയിരിക്കും. പ്രബുദ്ധതയിലും അഥീനയിൽ ഇടക്ക് പ്രാദേശികവാദം തലപൊക്കി.
നിന്റെ വരവറിയിക്കാൻ…. ഞാനും എന്റെ ഭ്രാന്തും അശക്തമാണ് അഥീന…അത്രയും പറഞ്ഞുകൊണ്ട് യോഹന്നാൻ വായനശാലയിൽ നിന്ന് ഇറങ്ങിനടന്നു. വെയിൽ വെറും നേരംപോക്കിനെന്ന പോലെ അയാളിലേക്കടിച്ചു.
തന്റെ മുൻ പതിപ്പായാണ് യോഹന്നാനെ അഥീനക്ക് തോന്നിയത്. ഓരോ മാസവും കഴിയുമെങ്കിൽ ഓരോ ആഴ്ചയും പുതിയ പുസ്തകങ്ങൾ വാങ്ങിക്കുകയും സ്വന്തം കയ്യിൽ കാശില്ലെങ്കിൽ സുഹൃത്തുക്കളെ വശത്താക്കി പരമാവധി പുസ്തകങ്ങൾ സമാഹരിച്ചു വയസാവുമ്പോൾ പെൻഷൻ പറ്റിയ തുക കൊണ്ട് സ്വന്തം 10 സെന്റിൽ ഒരു വായനശാല എന്ന അഥീനയുടെ സ്വപ്നത്തിലേക്ക് വർഷങ്ങ്ൾക്ക് മുൻപേ കടന്നുപോയ മനുഷ്യൻ. ഓരോ ആഴ്ചയും മാസങ്ങളുമായി അലമാരയിൽ ഇരിപ്പുറപ്പിച്ച പുസ്തകങ്ങൾ… ജനിക്കുന്നതിനു മുൻപേ തന്നെ തന്റെ സ്വപ്നം അയാൾ അപഹരിച്ചിരുന്നു എന്നാണ് അഥീനക്ക് തോന്നിയത്.
ജോലിസ്ഥലത്ത് പോൾ അഥീനക്ക് മേലെ സ്ഥാപിച്ച നിരീക്ഷണ കാമറ ആയിരുന്നു ലിസ . അവരുടെ നിരീക്ഷണ വലയത്തിൽ ചില സംഗതികൾ വന്നുപെട്ടിട്ടുമുണ്ട്. അഥീന ഒഴിവു നേരങ്ങളിൽ കൂടുതൽ സമയവും ലൈബ്രറിയിൽ ചിലവഴിക്കുന്നുവെന്നും പുസ്തകങ്ങൾ വായിച്ചുക്കൊണ്ടേയിരിക്കുന്നുമെന്ന രോഗാവസ്ഥയെ കുറിച്ചൊരു മുന്നറിയിപ്പ് അവർ ആദ്യമേ പോളിന് നൽകിയിരുന്നു. പോരാത്തതിന് അവൾ ഗാന്ധി, നെഹ്‌റു, മാർക്സ്, ചോംസ്കി, ഫുക്കോ, അനന്തമൂർത്തി, കൽബുർഗി ,രോഹിത് വെമുല, തുടങ്ങിയ പേരുകൾ സ്റ്റാഫ് റൂമിലും ക്ലാസ് മുറികളിലും ആവർത്തിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്നമാണെന്നും ഒരു ആൾക്കൂട്ടം ഏതുനേരവും ജോലിസ്ഥലത്തേക്ക് ഇരമ്പികയറാൻ സാധ്യതയുണ്ട് എന്ന കാലാവസ്ഥ നിരീക്ഷണവും അവർ പോളിന് മുൻപാകെ സമർപ്പിക്കുകയുണ്ടായി. സത്യത്തിൽ ഈ പറഞ്ഞവരെയൊന്നും അവർക്കറിയില്ലായിരുന്നു. അവരെ പ്രകോപിപ്പിച്ചത് അഥീനയുടെ സംവരണത്തെ കുറിച്ചുള്ള കാഴ്ചപാടുകളായിരുന്നു. അതിനെതിരെയുള്ള ലിസയുടെ സ്വപ്നമായിരുന്നു ആ ആൾക്കൂട്ടം .
എടാ പോൾ… അഥീനയുടെ വിളിയിൽ പോൾ വലിയ രീതിയിൽ ഞെട്ടി. ഡാ… പീറ്റർ… ഡീ… അന്നേ… മക്കളും പോളിനെ പോലെ ഞെട്ടി. ഇന്നലെ സാക്ഷാൽ ചെക്കോവ് റഷ്യയിൽ നിന്നും എന്നെ കാണാൻ വന്നിട്ട് നിങ്ങളെന്താ… മിണ്ടാതിരുന്നേ … ഒക്കെ തന്ത കാലന്മാരായും തള്ള കാലന്മാരായും മാറീലോ… മാതാവേ.. നാളെ ജർമനിയിൽ നിന്ന് ഗുന്തർഗ്രാസ്സ് വരും ഞാൻ ഒറ്റക്ക് സൽക്കരിച്ചോളാം.. കഴുവേറി… മക്കളെ… അഥീനയുടെ തോളിൽ ഒരു മൂങ്ങ കയറിയിരിക്കും പോലെ പോളിനും മക്കൾക്കും തോന്നി. മൂങ്ങയല്ലടോ ക്വിക്സോട്ടാഡോ കൂശ്മാണ്ടങ്ങളെ എന്നൊരു അശരീരി അന്തരീക്ഷത്തിൽ മുഴങ്ങിയത് പക്ഷെ പോളിനെ പോലെ തന്നെ മക്കളും കേട്ടില്ല. പക്ഷെ അറിവ് മരണം ചുമന്നാണ് നടക്കുന്നതെന്ന് ദൈവങ്ങളെക്കാളും പുണ്യാളരെക്കാളും നന്നായി അറിയുന്നത് മനുഷ്യർക്കാണ്.
ഒരു ഭർത്താവും കുട്ടീം ഉള്ളപ്പോ വെറൊരുത്തനെ കാമിച്ചവളുടെ കഥയാണോ അഥീന ഇത്ര വല്യ സംഭവം… ഇതൊന്നും പറഞ്ഞുനടന്ന് മനുഷ്യരെ കേടാക്കല്ലേ… അഥീന… ലിസ ഈർഷ്യയോടെ പറഞ്ഞു. അന്നകരേനിനയുടെ അർത്ഥവും മാറിപോവുകയാണെന്ന് അന്നാണ് അഥീനക്ക് മനസ്സിലായത്.
വായനശാല കൂടുതൽ മെച്ചമാകട്ടെ എന്ന് കരുതിയാവണം യോഹന്നാൻ അതൊരു ട്രസ്റ്റിനെ ഏല്പിച്ചത്.വീതം വെപ്പുകളെല്ലാം കഴിഞ്ഞു തികയാതെ വന്ന കസേരകൾ അധികാരം വായനശാലയിൽ കണ്ടെത്തി. കസേരകൾ ഉറപ്പിക്കാൻ വായനശാല ഒട്ടും സുരക്ഷിതമല്ലെന്ന തോന്നലിലാവണം ഭരണസമിതി വായനശാല വേണ്ടെന്നു വെക്കാനും പകരം ഒരു ചെറു കെട്ടിടസമുച്ചയം കെട്ടിപ്പൊക്കാനും തീരുമാനിച്ചത്. എന്തായാലും യോഹന്നാനോടൊപ്പം പുസ്തകങ്ങളും എഴുത്തുകാരും കോടതി കയറി .
ലിസ പറഞ്ഞ ആ ആൾക്കൂട്ടത്തെ ആയിടെയായി പോളും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. ആൾക്കൂട്ടത്തിന്റെ കലമ്പലുകൾക്കിടയിലാണ് അഥീനയുടെ ഒരു കയ്യിലെ വീണയും മറുകൈയ്യിലെ താളിയോല ഗ്രന്ഥവും പോൾ ശ്രദ്ധിച്ചത്. ശൂലവും വാളുകളും അറവുകത്തികളുമായി ഒരാൾക്കൂട്ടം അഥീനക്ക് നേരെ പുറപ്പെട്ടിട്ടുണ്ടെന്ന ദുസ്വപ്നങ്ങളിൽ അകപ്പെട്ട പോൾ ചില പുലർച്ചകളിൽ ഉണർന്നിരുന്നു. കൂട്ടുകാരനായ യൂസഫിനോട് അയാളുടെ സ്വപ്നങ്ങളെ കുറിച്ചുള്ള ആധികൾ പങ്കുവെച്ചു. ഈ കാലത്തെ സ്വപ്‌നങ്ങൾ അത്രമേൽ സത്യമെന്ന തോന്നലുകളുടെ അകംപുറങ്ങൾ അണിഞ്ഞു വരുന്നതിനാൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ യൂസഫ് പോളിന്റെ സ്വപ്നങ്ങളിൽ നിന്ന് കൈകഴുകി.
പതിവ് പോലെ അന്നും അഥീന വിശുദ്ധ കന്യാമറിയത്തിനും മാർക്സിനും ഇടയിലിരുന്ന് എണ്ണിപ്പെറുക്കി. ഈ പറയുന്ന എഴുതുക്കാരോടും കഥാപാത്രങ്ങളോടും പുസ്തകങ്ങളോടും ഞാൻ സംസാരിക്കാറുണ്ടെന്നും അവർ എന്നെ കേൾക്കാരുമുണ്ടെന്നും പറഞ്ഞാൽ നിങ്ങളെങ്കിലും എന്നെ വിശ്വസിക്കില്ലേ… ഒരുപാട് മനുഷ്യർ നിങ്ങളെ പോലെ തന്നെ അവരാൽ എഴുതപ്പെട്ടതല്ലേ… രണ്ടു പേരും കൂടെയില്ല എന്ന തോന്നലിൽ അഥീന വരാന്തയിലെ തിണ്ണയിലേക്ക് കയറിയിരുന്നു.
മഴ കടന്നുവന്ന ഒരാൾ തിണ്ണയിലേക്ക് അവളോടൊപ്പം കയറിയിരുന്നു. ഖസാക്കിലെ രവിയാണ്… അയാൾ സ്വയം പരിചയപ്പെടുത്തി. കേസ് യോഹന്നാൻ ചേട്ടൻ തോറ്റു. ട്രസ്റ്റിന് താൽപര്യമില്ലെങ്കിൽ വായനശാല നടത്താൻ നിർബന്ധിക്കാൻ ആവില്ലെന്നും നിലവിൽ ശ്രീ.യോഹന്നാന് പ്രസ്തുത വസ്തുവിന് മേൽ ഉടമസ്ഥാവകാശം ഇല്ലാ… എന്നും ഏമാൻ വിധിച്ചു. രവിക്ക് പിറകെ അനേകങ്ങൾ മഴകടന്നു വരാനിരിക്കുന്നുണ്ടെന്ന് അഥീന ഊഹിച്ചു. ജീവിതമൊരു ജോസഫ്.കെ ആണെന്ന് അഥീന ഉറപ്പിച്ചു.
അന്ന് രാത്രിയിലും പോൾ ദുസ്വപ്നങ്ങളുടെ ഉടലായിരുന്നു. ആൾക്കൂട്ടം എന്ന് മാത്രം വിളിക്കാവുന്നൊരു ആൾക്കൂട്ടം അഥീനയുടെ ഉടലിനെ മാറി മാറി ഭോഗിക്കുന്നത് അയാൾ ദുസ്വപ്നങ്ങളുടെ ക്രൂരവെളിച്ചത്തിൽ കണ്ടു. അനന്തരം ആയുധങ്ങൾ ഓരോന്നായി അവളുടെ ഉടലിലേക്ക് ആഴ്ന്നു. അറിവ് ചോര മാത്രമായി പടർന്നു. ആയുധങ്ങളുടെ തലപ്പിൽ തെളിഞ്ഞ കണ്ണുകളിലത്രയും ലിസയുണ്ടായിരുന്നുവെന്ന് പോളിന് തോന്നി. ലിസയിൽ നിറഞ്ഞുകവിഞ്ഞ ചോരമണം മാറിയതും അല്ലാത്തതുമായ മാംസഗന്ധം പോളിന്റെ സ്വപ്നങ്ങളുടെ തിരുമൂക്കിലേക്ക് പ്രവേശിച്ചു. അയാളുടെ സ്വപ്നങ്ങളുടെ മറുപുറത്ത് മൂർച്ചയേറിയ കത്തി വരഞ്ഞ യൂസഫിന്റെ ചങ്കിൽ സ്വപ്നങ്ങളുടെ ചില അവസാന വ്യാഖ്യാനങ്ങളുടെ പിടച്ചിൽ പോൾ കണ്ടു. വരാനിരിക്കുന്ന മഹാദുരിതങ്ങളുടെ വ്യാകരണം പോളിന്റെ തലക്ക് മേലെ തൂങ്ങി കിടന്നു.
കാലഗണനയില്ലാത്ത അറിവ് ആരോപിക്കപ്പെട്ട അഥീനയുടെ തലയോട്ടിയോട് ചേർന്ന കഴുത്തിൽ നിന്ന് യോഹന്നാൻ കുരുക്കഴിക്കുമ്പോൾ ജ്ഞാനത്തിന്റെ ചുവന്നു തുടുത്ത പാടുകൾ തെളിയുന്നത് കണ്ട് വിശുദ്ധ കന്യാമറിയം മാർക്സിനെ നോക്കി. നമ്മള് രണ്ടാളും തോറ്റല്ലോടാ.. മാർക്‌സേ… എന്ന വിശുദ്ധ കന്യാമറിയത്തിന്റെ വിലാപം എതിർ ചുവരിലിരുന്ന് മാർക്സ് വായിച്ചെടുത്തു. അഥീന ഒരു ബഹുവചനമാണെന്ന് അയാൾക്ക് അന്നേരം വെളിപ്പെട്ടു. യൂസഫിന്റെ ഇളംചങ്കിൽ നിന്ന് ചോരയായി മുറിഞ്ഞൊഴുകിയ അവസാനത്തെ ചില സ്വപ്ന വ്യാഖ്യാനങ്ങൾ തന്നിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അയാൾ കരുതി.
വിഷാദത്തിന് ഒരു ഭൂഖണ്ഡം കടന്നെത്താനാവുമെന്ന് തിരിച്ചറിയാനായില്ലെങ്കിലും അതിനൊരു ഭൂഖണ്ഡമാവാൻ കഴിയുമെന്ന് പോളിന് തോന്നി. ശൂന്യതയെ തൂർത്ത് കനം കൂടിയ വെളിച്ചം പോളിന്റെ കണ്ണിലേക്ക് പ്രവേശിച്ചു.
..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
അറിവിന്റെ ദേവതയായ അഥീന,
തെറ്റുകളുടെ ശോണച്ചുവയുള്ള നിഴലിൽ നിന്നും അഥീനയുടെ സ്പർശത്താൽ ഉരുകി വിശുദ്ധനായി മാറിയ പോൾ.
ഉന്മാദത്തിന്റെ ദേവതയായ ലിസ
സ്വപ്നങ്ങളുടെ വ്യാഖ്യാതാവായ യൂസഫ്,
ഗ്രീക്ക് മിത്തോളജിയും ബൈബിളും ഖുറാനും മിന്നലിന്റെ മൂർച്ചയോടെ കടന്നുപോകുന്നു.
വിശ്വാസവും അവിശ്വാസവും മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ഇന്നുകളുടെ ഇരുണ്ട മുറികൾ.
തകർക്കപ്പെടുന്ന ലൈബ്രറിയിൽ നിന്ന് പുറത്താക്കപ്പെടുന്ന എഴുത്തുകാർ,അനാഥരായി അലഞ്ഞു തിരിയുന്ന കഥാപാത്രങ്ങൾ.
അറിവിനെയും സ്വപ്നങ്ങളെയും പരാജയപ്പെടുത്തുന്ന ഭ്രാന്തിന്റെ തേർവാഴ്ച കാണാം ജിതേഷിന്റെ കഥയിൽ.കഥാകൃത്തിനും ആത്മക്കും ആശംസകൾ
കൊള്ളാം – ഭാഷയും വ്യംഗ്യമായ അവതരണവും