ഫാഷ് ന്യൂസുകളുടെ വർത്തമാനകാലത്ത് വായിക്കേണ്ട പുസ്തകം

0
317
jeevitham-keeriya-pagukal

രമേശ് പെരുമ്പിലാവ്

പേമാരി പോലെ പെയ്യുന്ന വാര്‍ത്തകള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും ജനങ്ങളുടെ മനസ്സിനെ സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാതാക്കുന്നു. വാര്‍ത്തകളുടെയൊരു മലവെള്ളപ്പാച്ചിലാണിന്ന്. അനുനിമിഷം വരുന്ന വാര്‍ത്തകള്‍ ഒരു മണിക്കൂര്‍ മുമ്പത്തെ വാര്‍ത്തയെ പഴംങ്കഥയാക്കുന്നു.

ഉറുമ്പ് ചത്ത വാര്‍ത്ത എലി ചാവും വരേയും എലി ചത്ത വാര്‍ത്ത പാമ്പ് ചാവും വരേയും പാമ്പ് ചത്ത വാര്‍ത്ത ഗരുഡന്‍ ചാവും വരേയും നിലനില്‍ക്കില്ല ഈ ഓണ്‍ലൈന്‍ കാലത്ത്.

ചാനല്‍ചര്‍ച്ചകളിലും പത്രസമ്മേളനങ്ങളിലും പറയുന്ന പരദൂഷണങ്ങള്‍ അച്ചടിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന ഒരു മാധ്യമമായി മാറുന്ന അവസ്ഥയിലാണ് ഇപ്പോള്‍ പത്ര-വിഷ്വല്‍ മാധ്യമങ്ങള്‍. നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം ഇഷ്ടപ്പെടുന്നതായി മാറുന്ന ഒരു സാമൂഹ്യ സാഹചര്യമാണ് ഇതിനു കാരണമെന്നതും മനസ്സിലാക്കപ്പെടേണ്ട ഒരു വസ്തുതയാണ്.

ഇത്തരമൊരു കാലഘട്ടത്തിലാണ് അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനം വിഷയമാവുന്ന ‘ജീവിതം കീറിയ പേജുകള്‍’ എന്ന സുകുമാരന്‍ വെങ്ങാട്ടിന്റെ നോവല്‍ വായിക്കേണ്ടത്.

ഇറാഖിലെ സിന്‍ജാന്‍ പ്രവശ്യയിലുള്ള കോച്ചോ എന്ന ചെറുഗ്രാമത്തില്‍ ഓഗസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യസീദികളായിരുന്ന പുരുഷന്മാരടക്കമുള്ളവരെ കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും തടവുകാരായി മൊസൂളിലേക്ക് കൊണ്ടു പോയവരുടെ കൂട്ടത്തില്‍ പതിനാറുകാരിയായ നാദിറയും ഉണ്ടായിരുന്നു.

മനുഷ്യത്വരഹിതമായ കൊടിയ പീഢനങ്ങളുടെ അനുഭവ കഥ നാദിയ പിന്നീട് യുഎന്‍ വേദിയിലടക്കം ലോകത്തോട് വിളിച്ചുപറഞ്ഞു. ഈ സംഭവങ്ങളാണ് ‘ദി ലാസ്റ്റ് ഗേള്‍’ എന്ന ആത്മകഥാ പുസ്തകത്തിന് വഴിത്തിരിവായത്. 2018 ൽ സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാരം നല്‍കി ആദരിച്ച നാദിയ മുറാദിനാണ് എഴുത്തുകാരൻ ജീവിതം കീറിയ പേജുകൾ എന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പച്ചയായ ജീവിത സാഹചര്യങ്ങളിൽ കശക്കി എറിയപ്പെട്ട ജീവിതത്തിന്റെ അകക്കാഴ്ചകളാണ് ഈ നോവലിന്റെ ഭൂമിക. ചുറ്റുവട്ടവും അതിനകത്തുള്ള അനുകൂല – പ്രതികൂല സാഹചര്യങ്ങളുമാണ് ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. സമൂഹത്തിൽ ഒരാളും ഒറ്റയാളല്ല. ഓരോരുത്തരുടെയും നല്ലതും ചീത്തയുമായ ചെയ്തികൾ വ്യത്യസ്തങ്ങളായ പ്രതിചലനങ്ങളാണ് സമൂഹത്തിൽ ഉളവാക്കുന്നത്. അവനവൻ വരച്ചു വെയ്ക്കുന്ന ചിത്രത്തിലൂടെയും പാതയിലൂടെയുമൊന്നുമല്ല ഒരാളും സഞ്ചരിക്കുന്നത്.

നോവലിലെ കഥാപാത്രങ്ങളായ സുനിതയും ഫിറോസും സുരഭി എന്ന പത്രക്കാരിയുമെല്ലാം ഒരു പക്ഷെ, വായനക്കാർ വഴിവക്കിൽ കണ്ടു മറന്ന മുഖങ്ങൾ തന്നെയാകും. ജീവിതത്തെ അത്രമേൽ ഗൗരവത്തോടെയല്ലാതെ സമീപിക്കുകയും അതിന്റെ ദുരിതവും നോവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുമാണ് ഭൂരിഭാഗം മനുഷ്യരും. ഇത്തരം കഥാപാത്രങ്ങളുടെ കൂടെയുള്ള സഹവാസമാണ് ജീവിതം കീറിയ പേജുകൾ മുന്നോട്ട് വെയ്ക്കുന്ന ജീവിതപാഠം.

ഒരു വിമൻസ് മാഗസിനിൽ ജേർണലിസ്റ്റായ സുരഭി, സുനിത ഫിറോസ് എന്ന ആക്ടിവിസ്റ്റിനെ തേടി നടത്തുന്ന അന്വേഷണാത്മകമായ പത്രപ്രവർത്തന യാത്രയാണ് നോവലിന്റെ കഥാതന്തു. വളരെ സമകാലിക പ്രസക്തമായ ഈ വിഷയം ഒരു അപസർപ്പക നോവലിന്റെ ഉദ്വേഗത്തോടെ ആദ്യമദ്ധ്യാന്തം പറയാൻ സുകുമാരൻ വെങ്ങാട്ടിന് കഴിഞ്ഞിട്ടുണ്ട്. നവീനമായ ഒരാഖ്യാനശൈലിയുടെ ഭാവുകത്വമുൾക്കൊള്ളുന്ന രചനാ സങ്കേതമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.

കാസർഗോഡ് ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ സുകുമാരൻ വെങ്ങാട്ട് ഏറെ വർഷങ്ങൾ പ്രവാസിയായി ജോലി ചെയ്തിട്ടുണ്ട്. മോഹസൗധം പണിയുന്നവർ, അശ്വതി ഡോട്ട് കോം, വരണ്ടുണങ്ങിയ നീർമുത്തുകൾ, സ്നേഹമീയാത്ര തുടങ്ങിയ കൃതികളുടെ കർത്താവു കൂടിയാണ്. പാം സാഹിത്യ സഹകരണ സംഘമാണ് ‘ജീവിതം കീറിയ പേജുകൾ’ പബ്ലിഷ് ചെയ്തിരിക്കുന്നത്.
വായനയിലേക്ക് പുസ്തകം എത്തിച്ചു തന്ന പ്രവീണിന് നിറയെ സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here