മനുഷ്യന്റെ ‘ജീവ ‘ ഇടം

0
782
Jeeva janardhanan- anuu pappachan 1200

വർത്തമാനം

ജീവ ജനാർദ്ദനൻ | അനു പാപ്പച്ചൻ

അനു പാപ്പച്ചൻ :
നമസ്കാരം ജീവ,
ജീവ സംവിധാനം ചെയ്ത റിക്ടർ സ്കെയിൽ 7.6 എന്ന സിനിമ സമകാലത്തോട് ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് ഒപ്പം തന്നെ ദൃശ്യപരമായി ആഖ്യാനത്തിലും മികച്ച ഒരു സൃഷ്ടി ആയിട്ട് നിൽക്കുന്ന സിനിമ കൂടിയാണ്. പ്രധാനമായും രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള ഒരു സിനിമയാണെങ്കിലും പാർശ്വവൽക്കരിക്കപ്പെടുന്ന വലിയൊരു ജനവിഭാഗം അനുഭവിക്കുന്ന വേദനയും അവരിൽ അടിച്ചേൽപ്പിക്കപെടുന്ന മുഖ്യധാരയുടെ വികസന സമ്മർദ്ദങ്ങളും ഒട്ടും പ്രകടനപരതയില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാണ് റിക്ടർ സ്കെയിൽ. ആ നിലയ്ക്ക് ഒരു സംവിധായിക എന്നുള്ള രീതിയിൽ ആദ്യമേ തന്നെ ജീവക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്.

സിനിമ / പെൺസിനിമ, സംവിധായകൻ / വനിതാ സംവിധായിക, സൂപ്പർ സ്റ്റാർ / ലേഡി സൂപ്പർ സ്റ്റാർ, എന്നിങ്ങനെ ഇപ്പോഴും നമ്മൾ ലിംഗാധിഷ്ഠിത വിഭജനം പറയാറുണ്ട്. നമുക്കറിയാം പാട്രിയാർക്കൽ ആയിട്ടുള്ള വ്യവസ്ഥയിൽ തന്നെയാണ് നമ്മൾ ഇപ്പോഴും തുടരുന്നത്. നിരന്തരം ആൺകാഴ്ചകളോടും അവർ സൃഷ്ടിക്കുന്ന നോട്ടങ്ങളോടും പോരാട്ടം നടത്തേണ്ടുന്ന ഒരു ചുറ്റുപാട് തന്നെയുണ്ട്. ആ ഒരു അർത്ഥത്തിൽ ആണ് നമ്മൾ പലപ്പോഴും സ്ത്രീ എന്ന് പറയുന്ന സ്വത്വ അടയാളത്തെ കുറച്ചു കൂടി മുറുക്കെ മാർക്ക് ചെയ്യാറുള്ളത്. ലിംഗ തുല്യത ഇത് വരെയും പ്രായോഗികമാവാത്ത ഒരു സമൂഹത്തിൽ സ്ത്രീക്ക് ഒരു ഒഴുക്കിനെതിരെ സൃഷ്ടിച്ചെടുക്കേണ്ടുന്ന കലാപ്രവർത്തനം കൂടെയാണ് ഏതൊരു കലയും. സിനിമയാവട്ടെ സാഹിത്യമാവട്ടെ അങ്ങനെ തന്നെയാണല്ലോ.
സിനിമ പോലെ ശാരീരിക മാനസികക്ഷമത വേണ്ടുന്ന ഒരു കലാ പ്രവർത്തനത്തിന് ജീവ വഹിക്കുന്ന സ്ത്രീ, ഭാര്യ, അമ്മ എന്നീ പദവികൾ എന്തെങ്കിലും തടസമായിട്ടുണ്ടോ?

ജീവ : ഇല്ല ഒരിക്കലുമില്ല. എനിക്ക് സിനിമ പഠിക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴും അത് വീട്ടിൽ പറഞ്ഞപ്പോഴും അതിന് എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടുണ്ട്. നിനക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ളിടത്ത് പോയി പഠിച്ചോളു എന്നു പറഞ്ഞ് സപ്പോർട്ട് ചെയ്ത അച്ഛനും അമ്മയും ഒക്കെ ആയിരുന്നു എൻറെ കുടുംബത്തിൽ ഉണ്ടായിരുന്നത്. അതിനു ശേഷം എന്റെ കല്യാണം കഴിഞ്ഞിട്ടും പിന്തുണ ലഭിച്ചിരുന്നു. സിനിമയുടെ സമയത്തായിരുന്നു പ്രഗ്നൻറ് ആയത്, സിനിമയുടെ വർക്ക് തീരുന്നതോടു കൂടിയാണ് കുഞ്ഞുണ്ടായതും. ഈയൊരു സമയത്ത് ഒക്കെ എനിക്ക് ഞാൻ ആയിരിക്കുന്ന അവസ്ഥകളിൽ ഒന്നും തന്നെ തടസ്സം ആയിട്ട് വന്നിട്ടില്ല. അതിനു പ്രധാനപ്പെട്ട ഒരു കാരണം എൻറെ ഈ റിക്ടർ സ്കെയിൽ 7.6 എന്ന സിനിമയുടെ പ്രൊഡക്ഷൻ ടീം തന്നെയാണ്. കാരണം നമുക്ക് സിനിമ ഉണ്ടാകണമെന്ന് അല്ലെങ്കിൽ നമുക്ക് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച്‌ ഒത്തുകൂടുകയും ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിക്കുകയും സിനിമ ചെയ്യാൻ തയ്യാറായി മുന്നോട്ടു വന്നതും ആയിട്ടുള്ള ഒരു ഒരു ഗ്രൂപ്പിൽ നിന്ന് കൊണ്ടാണ് ഞാൻ സിനിമ ചെയ്തത്. അപ്പോൾ ഏതു വിധേയനെയും ആ സിനിമ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തരുന്ന, എൻറെ സിറ്റുവേഷൻ അനുസരിച്ച്‌ ചില കാര്യങ്ങളിൽ മാറ്റം വരുത്തി അങ്ങനെ 100% സപ്പോർട്ട് ചെയ്തു കൊണ്ട് നിൽക്കുന്ന, ഒരു പ്രൊഡക്ഷൻ ടീമും അതേപോലെ തന്നെ എൻറെ അവസ്ഥയെ മനസ്സിലാക്കി എനിക്ക് എല്ലാവിധ രീതിയിലുളള സപ്പോർട്ട് തരുന്ന ഒരു ഫാമിലിയും ഉള്ളതുകൊണ്ടാണ് ഈ സിനിമ ഉണ്ടാവുന്നത്. എനിക്കൊരിക്കലും ഭാര്യ, അമ്മ , സ്ത്രീ എന്നീ പദവികൾ ഒന്നും തന്നെ ഒരു തടസ്സമായിട്ട് വന്നിട്ടില്ല. അത് ഈ ഒരു സിനിമയുടെ കാര്യത്തിൽ മാത്രമാണ്. മുന്നോട്ടുള്ള യാത്രയിൽ അങ്ങനെയാവുമോ എന്ന് അറിയില്ല. അതുപോലെ തന്നെ ഇത് എനിക്ക് മാത്രം കിട്ടിയ ഒരു ഭാഗ്യം മാത്രമാണ്. അതല്ലാതെ സിനിമയിലേക്ക് വരുമ്പോഴേക്കും ഈ പദവികൾ ഒരു സ്ത്രീക്ക് തടസ്സമാകില്ല എന്നൊരർത്ഥം അതിനില്ല.

athmaonline-Jeeva-Janardhanan

മൂലധനമാണ് പലപ്പോഴും സിനിമയുടെ രാഷട്രീയത്തെ കീഴടക്കുകയോ നിയന്ത്രിക്കുകയോ ഒക്കെ ചെയ്യുന്ന ഒരു ശക്തിയായിട്ട് പ്രവർത്തിക്കാറുള്ളത്. പ്രാന്തവല്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം കലാപരമായ മികവോടെ റിച്ചർ സ്കെയിലിൽ അവതരിപ്പിക്കാനായിട്ട് ജീവ ശ്രമിക്കുന്നുണ്ട്. മൂലധനത്തിന്റെ ലഭ്യതയും അതിന്റെ ലാഭാധിഷ്ഠിത സ്വഭാവവും ഒഴിവാക്കി കൊണ്ട് എങ്ങനെയാണ് ഇത്തരത്തിൽ ഒരു സിനിമ ചെയ്യാനായിട്ട് സാധിച്ചത്?

ശരിക്കും സിനിമ ചെയ്യുക സിനിമ മാത്രം ചെയ്യുക അല്ലെങ്കിൽ സിനിമ എന്ന കലയിലൂടെ നമുക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ഫസ്റ്റ് നേഷൻസ് കമ്പൈൻസ് എന്നുള്ള ഒരു പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ചത്. അന്ന് നമ്മൾ ആദ്യം ആലോചിച്ചിരുന്നത് നമ്മക്ക് ഒരു ചെറിയ ബജറ്റിൽ നമ്മൾ ആഗ്രഹിക്കുന്ന വിഷയങ്ങളിൽ ഒതുങ്ങുന്ന എന്തെങ്കിലും സ്ക്രിപ്റ്റ് ഉണ്ടാവുമോ എന്നുള്ളതാണ്. നമ്മൾ ആഗ്രഹിക്കുന്ന പോലെ തന്നെ കണ്ടൻറ് നിറഞ്ഞ സ്ക്രിപ്റ്റ് കിട്ടുകയും നമ്മൾ അതുകൊണ്ട് മുന്നോട്ടു പോവുകയും ആണ് ചെയ്തത്. അപ്പോൾ ഒരിക്കൽ പോലും നമ്മൾക്ക് സിനിമയുടെ ലാഭം, നഷ്ടം അങ്ങനെയൊന്നും ആയിരുന്നില്ല ചിന്തിച്ചത്. ഒരിക്കൽപോലും നമ്മൾ അതൊന്നും ചിന്തിച്ചില്ല. ശരിക്കും ഇങ്ങനെയൊരു ടീമിൽനിന്ന് ഒരു സിനിമ ഉണ്ടാവുക എന്നുള്ളതായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനിടയ്ക്ക് നമ്മൾക്ക് കൈയിലൊതുങ്ങുന്ന ഒരു പൈസ അല്ലെങ്കിൽ ഒരു പ്രൊഡക്ഷൻ എമൗണ്ട് സ്വരൂപിക്കുക എന്നതിനപ്പുറത്തേക്ക് ആ എമൗണ്ട് ഏതൊക്കെ രീതിയിൽ ചെലവാക്കപ്പെടും അല്ലെങ്കിൽ അതിൽ നിന്ന് കിട്ടുന്ന ലാഭം എന്തായിരിക്കുമെന്ന ഒരു ചിന്ത പ്രൊഡക്ഷനിൽ ഉള്ള ആർക്കും പോയിട്ടില്ല. കാരണം ഈ സിനിമയിൽ ഉണ്ടായ ടീമിലുള്ള ഏകദേശം എല്ലാവരും തന്നെ സിനിമ ചെയ്യണമെന്ന് വളരെ ഏറെ ആഗ്രഹിക്കുന്നവരും അതുപോലെതന്നെ സിനിമയിൽ മുൻപരിചയങ്ങൾ ഒന്നുമില്ലാത്തവരും മാർജിനലൈസിഡ് ആയിട്ടുള്ള സൊസൈറ്റികളിൽ നിന്ന് വരുന്നവരും ആയിരുന്നു. സിനിമ ഉണ്ടാക്കുക എന്നുള്ളത് ആത്യന്തികമായ ലക്ഷ്യം ആയിരുന്നതുകൊണ്ട് തന്നെ മറ്റൊന്നും നമ്മള് ചിന്തിച്ചിരുന്നില്ല. ആ സിനിമയോട് മാക്സിമം സിനിമയുടെ ഓരോ എലെമെന്റുകളോടും മാക്സിമം നീതിപുലർത്താൻ ആണ് ശ്രമിച്ചത്.
പിന്നെ ഈ ഒരു സിനിമയുടെ ബജറ്റിനനുസൃതമായിട്ട് പല കാര്യങ്ങളും നടത്താൻ സാധിച്ചു. നമ്മുടെ സിനിമയിൽ വർക്ക് ചെയ്ത പലരും തന്നെ അവരുടെ വ്യക്തിപരമായ പെയ്മെൻറ്കൾ വാങ്ങാതെ ചെയ്തിട്ടുള്ളവരാണ്. ആർട്ട് പ്രോപ്പർട്ടീസ് അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം… മാക്സിമം കോസ്റ്റ്യൂം ഒക്കെ ഒറിജിനൽ ആയിട്ടുള്ളത് തന്നെ കലക്ട് ചെയ്തു. നമ്മുടെ ലൊക്കേഷനു അടുത്തുണ്ടായിരുന്ന കോളനിയിൽ നിന്നും അതുപോലെതന്നെ അവിടുത്തെ നമ്മുടെ ചില പ്രൊഡ്യൂസേഴ്സിന്റെ ഒക്കെ കസിൻസിന്റെ ഒക്കെ വീടുകളിൽ നിന്നും ഒക്കെ കലക്ട് ചെയ്തിട്ടുള്ള ആർട്ട് പ്രോപ്പർട്ടീസും കോസ്റ്റ്യൂംസും ഒക്കെയാണ് സിനിമയിൽ ഉപയോഗിച്ചിരുന്നത്. പിന്നെ സിനിമയിൽ വർക്ക് ചെയ്തിട്ടുള്ള എല്ലാവരും തന്നെ വിത്തൗട്ട് പെയ്മെൻറ് ആണ് വർക്ക് ചെയ്തത്. ഈ സിനിമ ഉണ്ടാകണമെന്ന ആഗ്രഹത്തിന് പുറത്താണ് എല്ലാവരും അങ്ങനെ തയ്യാറായത്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചിലവിൽ ആദ്യത്തെ സംരംഭമായ ആ സിനിമ ചെയ്യാൻ സാധിച്ചു എന്നുള്ളതാണ്.

രണ്ടു കഥാപാത്രങ്ങളെ ആസ്പദമാക്കിയിട്ടാണ് നമ്മുടെ ഈ സിനിമ പുരോഗമിക്കുന്നത്. രാമൻകുഞ്ഞും സുകുവും. രണ്ടുപേരും അരികുവല്ക്കരിക്കപ്പെട്ട ജനതയുടെ പ്രതിനിധാനങ്ങളായി വായിക്കാവുന്ന കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങൾ രൂപപ്പെടുത്തുന്നത് ചില സൂക്ഷ്മതകളോട് കൂടിയാണ്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും അവരെ കഥാപാത്രമായി രൂപപ്പെടുത്തി എടുക്കുന്നതിലും എന്തൊക്കെ രീതികളായിരുന്നു പൊതുവെ സ്വീകരിച്ചത്.

ഞങ്ങള് മൂന്നാലഞ്ചു പേര് ഒരുമിച്ചിരുന്നാണ് ഏറ്റവും ഫൈനൽ ആയിട്ടുള്ള ആ സ്ക്രിപ്റ്റ് കേട്ടത്. അപ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വന്ന ചില രൂപങ്ങൾ ഉണ്ട്. അത് നമ്മൾ പരസ്പരം സംസാരിച്ചപ്പോൾ, പ്രൊഡ്യൂസർ ആയിട്ടുള്ള സജിത് കുമാർ അതുപോലെ പ്രൊഡക്ഷൻ കൺട്രോളർ ശ്യാംലാൽ എന്നിവരുടെയൊക്കെ ഭാഗത്തു നിന്നു വന്ന സജഷൻ ആയിരുന്നു ശരിക്കും അശോകൻ ചേട്ടനും മുരുകൻ മാർട്ടിനും. അശോകൻ ചേട്ടനെ ക്രൈം നമ്പർ 89 എന്ന മൂവിയിലൂടെയും അതുപോലെ മുരുകൻ ചേട്ടനെ ചില സിനിമകളിലൂടെ ഒക്കെ ഇടയ്ക്ക് കണ്ടിട്ടുണ്ടായിരുന്നു. അപ്പം എനിക്കും അത് വളരെ ആർട്ട് ആയിട്ടുള്ള കാസ്റ്റിംഗ് ആയിട്ട് തന്നെ തോന്നി. അവർക്ക് അത് ചെയ്യാൻ പറ്റും എന്ന് തന്നെ തോന്നി പിന്നീട് ഇവരെ രണ്ടുപേരെയും നേരിട്ട് കാണുകയും അവരോട് കഥ പറയുകയും അവർ സമ്മതിക്കുകയും ചെയ്തു. അവർ അപ്പോൾ ആയിരുന്ന രൂപത്തിൽ നിന്ന് വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിരുന്നില്ല നമുക്ക്. ചെറിയ ചില മേക്കപ്പ് കാര്യങ്ങൾ മാത്രമാണ് വേണ്ടി വന്നിരുന്നത് പിന്നെ ഇവര് രണ്ടുപേരും ജീവിതത്തിന്റെ പല പല അവസ്ഥകളിലൂടെ കടന്നു വന്നിട്ടുള്ളവർ ആയതുകൊണ്ട് ഇവർക്ക് ഈ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ പെട്ടെന്ന് സാധിച്ചു. അപ്പോൾ ആ ഒരു കഥയുടെ സിറ്റുവേഷൻസ് സ്ക്രിപ്റ്റ് വായിച്ചതിലൂടെയു൦ നമ്മള് കഥ പറഞ്ഞു കൊടുക്കുന്നതിലൂടെയുമൊക്കെ ആ ഒരു അന്തരീക്ഷത്തെ കൃത്യമായി മനസ്സിലാക്കാനും അത് പ്രതിഫലിപ്പിക്കാനു൦ അവർക്ക് കഴിഞ്ഞു എന്നുള്ളതാണ് സംഭവിച്ചത്. ശരിക്കും ഈ രണ്ട് അഭിനേതാക്കളുടെ കഴിവ് ഈ സിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്.
മറ്റ് കഥാപാത്രങ്ങൾ ആയിട്ടുള്ള.. അമ്മയുടെ റോളിൽ വരുന്ന കൃപാ ഡാനിയൽ, മുരുകൻ മാർട്ടിൻ ചെയ്ത സുകുവിന്റെ കൂട്ടുകാരൻ ആയിട്ടു വരുന്ന കുട്ടൻ, അരുൺ മൈക്കിൾ എന്നുള്ള ആളാണ് അത് ചെയ്തത്. അതുപോലെ സുകുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ ആയിട്ട് വരുന്ന ബിനി ഇവരെയെല്ലാം നമ്മൾ ഒഡീഷനിലൂടെയാണ് സെലക്ട് ചെയ്തത്. ഇവരും നമ്മുടെ ക്യാരക്ടർന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശരിക്കും ഇവരും സഹായിച്ചു എന്നാണു ഞാൻ കരുതുന്നത്. അരുൺ മൈക്കിൾ എന്ന് പറയുന്ന അദ്ദേഹത്തിന് ഈ കഥയുടെ അല്ലെങ്കിൽ ഈ കഥാപശ്ചാത്തലം മുരുകൻ ചേട്ടനെ പോലെ തന്നെ അല്ലെങ്കിൽ അശോകൻ ചേട്ടനെ പോലെ തന്നെ കൃത്യമായിട്ട് മനസ്സിലാക്കാൻ സാധിച്ച ഒരാളായിരുന്നു. പക്ഷേ കൃപ ഡാനിയൽ ബിനി ഇവർക്കൊപ്പം നമ്മൾ സിനിമ ഷൂട്ട് തുടങ്ങുന്നതിനുമുമ്പ് ഒരു അഞ്ചെട്ടു ദിവസം ഒരുമിച്ച് ഒരു ക്യാമ്പ് പോലെ ഒരു വീട്ടിൽ കഴിയുകയും അവിടെ അങ്ങോട്ടുമിങ്ങോട്ടും ഉള്ള സംഭാഷണത്തിൽ നിന്നും കഥ മനസ്സിലാക്കലിൽ നിന്നും ചില ട്രെയിനിങുകളിലൂടെ ഒക്കെയാണ് ഇവർക്ക് ആ കഥാപാത്രത്തിലേക്ക് കയറാൻ സാധിച്ചത്. ഇവർ മൂന്നു പേരുടെയും ആദ്യത്തെ സിനിമ കൂടിയാണ് ഇത്.

richter-scale-movie

അഛനും മകനും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ ഒരു അടിസ്ഥാന പശ്ചാത്തലം. അത് വളരെ ആശയപരമായി ആഴത്തിലുള്ള സംഘർഷം കൂടിയാണ്. വളരെ ചെറിയ ഒരു ഇടത്തിൽ പരസ്പരം ഉരസിക്കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യർ, അവരെ ദൃശ്യപരമായിട്ട് ആവിഷ്‌ക്കരിക്കുകയാണ്. ഒരു നാടകശാലയുടെ അനുഭവം പോലെ ആണ് നമുക്ക് ആ ഭാഗങ്ങൾ തോന്നുന്നത്. സംവിധായിക എന്ന നിലയിൽ അങ്ങിനെ ഒരു പരിചരണ രീതി ഈ സിനിമയ്ക്ക് വേണ്ടി മനപ്പൂർവം സ്വീകരിച്ചതായിരുന്നോ ?

അതെ, അങ്ങനെ അറിഞ്ഞു കൊണ്ടുള്ള മനപ്പൂർവ്വം ആയിട്ടുള്ള ഒരു പരിചരണരീതി തന്നെ ആയിരുന്നു അത്. കാരണം ഈ സിനിമയിലെ അച്ഛനും മകനും നിർബന്ധിതരായി അവരുടെ ആ ഒരു ഇടത്തിലേക്ക് ഒതുങ്ങിപ്പോയ രണ്ട് ആൾക്കാർ ആയിരുന്നു. അവരുടെ ആ ഒരു കുഞ്ഞു മുറിയും അവരുടെ അടുക്കളയിലും മാത്രം ഒതുങ്ങിനിൽക്കുന്ന ചില ദൃശ്യങ്ങൾ മാത്രം കാണിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ കാണുന്ന ആളുകൾക്ക് ആ ഒരു മണിക്കൂറോളം ഒരു മുറിയിലും അടുക്കളയിലും ഒക്കെ ഒതുങ്ങിനിക്കുമ്പോൾ അവരുടെ മാനസികമായ ബുദ്ധിമുട്ട് കൂടുതൽ അനുഭവവേദ്യംമാക്കാം എന്നുള്ള ഒരു വിശ്വാസത്തിൽ നിന്നാണ് നമ്മൾ പുറത്തേക്ക് ഒരു ഷോട്ടുകൾ പോലും പോകാതിരിക്കാൻ ശ്രമിച്ചത്. എങ്കിൽപോലും സിനിമയിൽ ഒന്ന് രണ്ടു സ്ഥലത്ത് നമ്മുടെ ഷോട്ടുകൾ പുറത്ത് പോയിട്ടുണ്ട് അപ്പോൾ പോലും നമ്മൾ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം അത് രാത്രിയിലെ സന്ദർഭങ്ങൾ മാത്രമാവണം എന്നുള്ളതാണ്. സിനിമയിൽ ആ വീടിന് പുറത്തേക്ക് പോയേക്കുന്ന അവസാന ഷോട്ട് വരെ ഉള്ളതിൽ വീടിനു പുറത്തേക്ക് പോയിരിക്കുന്ന എല്ലാ ഷോട്ടുകളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അത് ശരിക്കും ആ ഒരു പ്രേക്ഷകരുടെയുള്ളിൽ ഇവർ എന്ത്മാത്രമൊതുങ്ങിയാണ് അല്ലെങ്കിൽ ഇവർ എന്തുമാത്രം ഇടുങ്ങിയാണ് ജീവിക്കുന്നത് എന്നുള്ള സൂചനകളോ അല്ലെങ്കിൽ ആ ഒരു ഇമോഷൻ കിട്ടട്ടെ എന്നുള്ള ഒരു തീരുമാനത്തിൽ നിന്നാണ് അങ്ങനെ അവരുടെ ജീവിത സന്ദർഭങ്ങൾ അവിടെ മാത്രം ആ വീടിനുള്ളിൽ മാത്രം ഒതുക്കിയത്.

കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് ജീവയുടെ റിക്ടർ സ്കെയിൽ. നമ്മൾ അത് സൂചിപ്പിച്ചു കഴിഞ്ഞു. മനുഷ്യന്റെ ജീവ ഇടം എന്ന രീതിയിൽ ഒരു സ്ഥലത്തിന്റെ പ്രാധാന്യം എന്താണ് എന്ന് സിനിമയിൽ വ്യക്തമാണ്. അതിന്റെ ആശയം വളരെ ശക്തവുമാണ്. എന്നാൽ കേവലം ആശയങ്ങളെ കുത്തി നിറച്ചു സൃഷ്ടിക്കുന്ന ഒരു രൂപമല്ല സിനിമ എന്ന് പറയുന്നത്. ഒരു ദൃശ്യശ്രവ്യ മാധ്യമം എന്നുള്ള രീതിയിൽ സിനിമയുടെ ദൃശ്യവ്യാഖ്യാനത്തിനു വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ സിനിമയിൽ ജീവ സൃഷ്ടിക്കുന്ന ദൃശ്യവിന്യാസരീതി അഭിനന്ദനം അർഹിക്കുന്നതാണ്. ധാരാളം മിഡ്‌ഷോട്ടുകളും മിഡ് ക്ലോസപ്പുകളും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സിനിമയിൽ അവസാനത്തെ ഷോട്ട് ഒരുപാട് ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ആ ഒരൊറ്റ ഷോട്ട് കൊണ്ട് തന്നെ ആ വിഷയത്തിന്റെ ആഴം നമുക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ദൃശ്യത്തിലൂടെ തന്നെ രാഷ്ട്രീയം പറയാനുള്ള തീരുമാനത്തെ കുറിച്ച്.. സാങ്കേതികതയുടെ സഹായത്തോടെ ആശയത്തെ അതിന്റെ പെർഫെക്ഷനിൽ എത്തിക്കാനുള്ള ശ്രമത്തെ കുറിച്ച്.. ആ ഒരു വഴിയേ കുറിച്ച് ജീവ ഒന്ന് പറയാമോ?

ഈ സിനിമയിലെ അച്ഛനും മകനും.. ഞാൻ മുമ്പ് പറഞ്ഞ പോലെ തന്നെ അവരുടെ ആഗ്രഹം … അച്ഛൻറെ ആഗ്രഹം അദ്ദേഹം ഇത്രയും കാലം കഴിഞ്ഞിരുന്ന മണ്ണ് സംരക്ഷിക്കുക എന്നതും മകൻറെ ആഗ്രഹം ഇത്രമാത്രം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഈ ഭൂമിയിൽ നിന്നും മറ്റൊരിടത്തേക്ക് പോയി വേറൊരു ജീവിതം കെട്ടിപ്പടുത്തുക എന്നതുമാണല്ലോ. ഈ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് ആൾക്കാരാണ് ഒരുമിച്ചൊരു വീടിനുള്ളിൽ വരുന്നത്. അപ്പോൾ അവരുടെ മനസ്സിന്റെ ചിന്തകൾ അവർ അനുഭവിക്കുന്ന പ്രശ്നം എന്തുമാത്രം വലുതാണ് അവരെ മറ്റുള്ളവർ എന്തുമാത്രം ഇടുങ്ങിയ ഒരു ജീവിതത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത് എന്നുള്ള ഒരിതിൽ നിന്നാണ് നമ്മൾ വളരെ ക്ലോസപ്പുകളും മിഡ് ക്ലോസപ്പുകളും മാത്രം പോകാനുള്ളൊരു തീരുമാനം ഉണ്ടായത്. പിന്നെ നമ്മൾ നേരത്തെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്ന കാര്യമാണ് സിനിമയുടെ അവസാനത്തെ ഷോട്ട് ഒഴികെ ബാക്കി എല്ലാം തന്നെ ആ വീടിനുള്ളിൽ ഒതുങ്ങി നിൽക്കണം എന്നുള്ളത്. അപ്പൊ അതൊരു ചെറിയ വീടാണ് ഒന്നോ രണ്ടോ ആൾക്കാർക്ക് മാത്രം കഴിയാൻ പറ്റുന്ന സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട് അപ്പോൾ ആ വീടിൻറെ വലിപ്പം കൂടുതൽ മനസ്സിലാക്കണമെങ്കിൽ അല്ലെങ്കിൽ ആ വീടിന്റെ വലുപ്പം ഇത്ര ചെറുതാണെന്ന് തോന്നിക്കണമെങ്കിൽ ക്ലോസപ്പുകളും അതുപോലെതന്നെ മിഡ് ക്രോസപ്പുകളും അനിവാര്യമായി തോന്നി. അതു പോലെ തന്നെ ഇവർ രണ്ടുപേരും മാനസികമായി അനുഭവിക്കുന്ന സംഘർഷങ്ങളെ കാണിക്കാൻ ഏറ്റവും നല്ലത് ക്ലോസപ്പ് സീനുകൾ ആണെന്നും ഉള്ള ഒരു തോന്നലിൽ നിന്നാണ് ഇങ്ങനെയുള്ള ഷോട്ടുകൾ മാത്രം അല്ലെങ്കിൽ ഇങ്ങനെയുള്ള ഷോട്ടുകൾക്ക് കൂടുതൽ ഉപയോഗം ഈ സിനിമയിൽ കൊണ്ടുവരുന്നത്.

richter-scale-director-jeeva-001

ഈ സിനിമ കാണുമ്പോ നമ്മൾ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു കാര്യം സിനിമയുടെ കഥാപശ്ചാത്തലം, അതിന്റെ ഭൂമിക തിരഞ്ഞെടുക്കുന്നതിൽ സംവിധായിക കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്. ഈ പ്രമേയത്തിലേക്ക് ജീവയെ നയിച്ചത് പോലും ഈ സ്ഥലമാണ് എന്ന് തോന്നും. അത് പോലെയാണ് നമുക്ക് ആ ദൃശ്യഭൂപടം ഫീൽ ചെയ്യുന്നത്. അതിനെപ്പറ്റി ഒന്ന് പറയാമോ.

ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ആദ്യം മുന്നിലുണ്ടായിരുന്ന ഒരു വിഷയം ഭൂമി അല്ലെങ്കിൽ വിഭവ൦ എന്നത് തന്നെയായിരുന്നു. നമുക്ക് മുന്നിൽ പ്രശ്നമായി നിന്നിരുന്ന നമ്മുടെ ഫിനാൻഷ്യൽ കാര്യങ്ങളും എല്ലാം പലപ്പോഴും വലിയ രീതിയിൽ വലിയൊരു ക്യാൻവാസിലേക്ക് ഭൂമി എന്ന രാഷ്ട്രീയത്തെ അല്ലെങ്കിൽ ഭൂമിയുടെ രാഷ്ട്രീയത്തെ കൊണ്ടുവരാൻ ഒരു പ്രശ്നമായിട്ട് നിന്നിരുന്നു. ആ ഒരു സാഹചര്യത്തിലാണ് ഇങ്ങനെയുള്ള ഒരു സ്ക്രിപ്റ്റ് അതായത് നമ്മൾ മനസ്സിൽ കരുതിയൊരു ചെറിയ ബജറ്റിൽ ഒരു വലിയകാര്യം സംസാരിക്കുന്ന ഒരു സ്ക്രിപ്റ്റ് മുന്നിലേക്ക് വരുന്നത്. ഈ സ്ക്രിപ്റ്റ് വായിക്കുമ്പോഴോ അല്ലെങ്കിൽ ഈ സിനിമയ്ക്കുവേണ്ടി കൂടുതൽ പ്രിപെയർ ചെയ്യുമ്പോഴോ ഞാൻ അറിഞ്ഞ ഭൂമിപ്രശ്നങ്ങളോ ഭൂമിയുടെ രാഷ്ട്രീയമോ അല്ല ഈ സിനിമ പൂർത്തിയായതിനു ശേഷം ഞാൻ സഞ്ചരിച്ച വഴിയിലൂടെ ഞാൻ മനസ്സിലാക്കിയത്. ശരിക്കും ഞാൻ പോലും ഈ ഒരു ഭൂമി രാഷ്ട്രീയത്തിന് ഇരയാണ് അല്ലെങ്കിൽ ഭൂമിയുടെ പ്രശ്നം അനുഭവിക്കുന്ന വ്യക്തി ആണെന്നുള്ള തിരിച്ചറിവ് എന്നിൽ ഉണ്ടാക്കി തന്നത് ഈ സിനിമ കൂടിയാണ് അപ്പോ ഈ സിനിമ പറയുന്നത് എത്രമാത്രം വലിയ കാര്യം ആണെന്നുള്ള ഒരു തിരിച്ചറിവ് പോലും ഈ സിനിമയിലൂടെ ഉള്ള സഞ്ചാരത്തിലാണ് എനിക്ക് ഉണ്ടായത്. പലപ്പോഴും നമ്മള് പല വാർത്തകളിലും അല്ലാതെയും ഒക്കെ അറിയാറുണ്ട് ഇവിടുത്തെ പാർശ്വവൽകൃത സമൂഹത്തിൻറെ ഒരു വിഭവ ലഭ്യത എന്ന് പറയുന്നത്. ഒരു ചെറിയ ഇടവഴിയിലൂടെ കേറി ചെല്ലുന്ന ഒരു രണ്ടു മുറി വീടുകളിൽ ആയിരിക്കും പലരും കഴിയുന്നത്. ഒരാൾ മരിച്ചു കഴിഞ്ഞാല് ഒരു ശവമടക്ക് പോലും നടക്കുന്നത് ഒരുപക്ഷേ ഒരു വീടിൻറെ മുറി പൊളിച്ചിട്ടോ അല്ലെങ്കിൽ ഉമ്മറം പൊളിച്ചിട്ടോ ഒക്കെ ആയിരിക്കും ശവസംസ്കാരം പോലും നടക്കുന്നത്. അത്രമാത്രം ഭൂമിയുമായി കണക്ട് ചെയ്യുന്ന പ്രശ്നങ്ങൾ ഇവിടെയുണ്ട് അപ്പോ ഈ പ്രശ്നത്തിലേക്കൊക്കെ വിരൽചൂണ്ടുവാനും ഈ പ്രശ്നങ്ങൾ കൂടുതൽ സംവിധായിക എന്ന രീതിയിലും അല്ലെങ്കിൽ സിനിമ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ മനസ്സിലാക്കാനും വ്യക്തിപരമായി മനസ്സിലാക്കാനും ഈ സിനിമ എനിക്ക് സഹായിച്ചിട്ടുണ്ട്. റിക്റ്റ൪ സ്കെയിൽ 7.6 എന്ന സിനിമയിലേക്ക് മാത്രം വരികയാണെങ്കിൽ നമുക്കറിയാം നമ്മൾ പലപ്പോഴും മണ്ണ് എടുത്തിട്ടുള്ളതും അല്ലെങ്കിൽ പല വ്യവസായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു ആ സന്തുലനാവസ്ഥ നഷ്ടപ്പെട്ടു പോയിട്ടുള്ളൊരു ഭൂമിയിൽ നമ്മൾ പോയി സെൽഫി എടുക്കുക ഷൂട്ട് ചെയ്യുക ഷോർട്ട് ഫിലിം എടുക്കുക അല്ലെങ്കിൽ നമ്മൾ ആയിരിക്കുന്ന ആ ഒരു ഒന്നോ രണ്ടോ മണിക്കൂറ് അവിടെ ആയിരിക്കുന്ന അവസ്ഥയിൽ ആ ഭൂമിയെ എൻജോയ് ചെയ്യും. പക്ഷേ അവിടെ ഒരാഴ്ച അടുപ്പിച്ച് താമസിച്ചു കഴിഞ്ഞാൽ അറിയാം അവിടുത്തെ ജനങ്ങൾ അവിടെ സ്ഥിരമായി താമസിക്കുന്ന ആൾക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. അത് സ്ഥലത്തിൻറെ ആവാം വഴിയുടെ ആവാം വെള്ളത്തിൻറെ ആവാം വൈദ്യുതിയുടെ ആവാം എല്ലാം ഇങ്ങനെ എണ്ണിയാൽ തീരാത്ത ഒരുപാട് പ്രശ്നങ്ങൾ ആയിരിക്കും അവിടെ സ്ഥിരമായി താമസിക്കുന്ന വ്യക്തികൾ അനുഭവിക്കുന്നത്. അപ്പോൾ ഈ പ്രശ്നങ്ങളിലേക്ക് എല്ലാം ഇൻഡയറക്റ്റിലി ഈ സിനിമയ്ക്ക് വിരൽ ചൂണ്ടാൻ സാധിച്ചു എന്ന് കരുതുന്നു.

കീഴാളജീവിതത്തിന്റെ പ്രശ്നപരിസരം എന്തൊക്കെയാണെന്ന് നിരന്തരം ചർച്ച ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണല്ലോ. എല്ലാ കലകളിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായിട്ടും ഉണ്ട്. സിനിമയിലേക്ക് വന്നു കഴിഞ്ഞാൽ സമീപകാലമലയാളസിനിമയിൽ കീഴാള ജീവിതത്തിന് കുറേക്കൂടി ഇടം ലഭിക്കുന്നതായി നമുക്ക് പറയാൻ പറ്റുമോ. അതോ മധ്യവർഗ / വരേണ്യ ബോധ്യങ്ങളിൽ ഉണ്ടായിട്ടുള്ള കാതലായ മാറ്റം കൊണ്ടുള്ള ഒരു ഉൾക്കൊള്ളൽ മാത്രമാണോ ഇത്?

ദളിത് / പാർശ്വവല്കൃത സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതായിട്ട് തോന്നിയിട്ടുണ്ടോ.? ഇതിൽ ആത്മാർത്ഥമായ സമീപനങ്ങളാണ് സമീപകാല മലയാളസിനിമയിൽ ഉണ്ടായിട്ടുള്ളതെന്നു ജീവയ്ക്ക് അഭിപ്രായം ഉണ്ടോ ?

സമീപകാല മലയാള സിനിമയിൽ കീഴാള ജീവിതത്തിന് കുറേ കൂടി ഇടം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട് അതിന് കാരണങ്ങളായി എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള രണ്ട് കാര്യങ്ങളിൽ ഒന്ന് നവമാധ്യമങ്ങളുടെ ഉപയോഗം ആണ്. അതായത് ഒരു കഴിഞ്ഞൊരു എട്ടു പത്ത് വർഷത്തെ കാലഘട്ടം എടുത്ത് നോക്കി കഴിഞ്ഞാൽ മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ മലയാളസിനിമയും അവഗണിച്ചിട്ടുള്ളതും പറയാതെ പോയിട്ടുള്ളതും ആയിട്ടുള്ള ഒരുപാട് വിഷയങ്ങൾ ഒരുപാട് ആളുകൾക്ക് എഴുതി ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയും ചില വിഷയങ്ങൾ ഉണ്ട് എന്ന് കൂടുതൽ ആളുകളിലേക്ക് അറിയിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ പാ രഞ്ജിത്തും ഒക്കെ അടക്കമുള്ള ആളുകൾ തമിഴ് സിനിമയിലും മറാത്തി സിനിമയിലും ഒക്കെ കൊണ്ടുവന്നിട്ടുള്ള പുതിയ വിഷയങ്ങളും അതിൻറെ അവതരണ രീതികളും എല്ലാം മലയാളികളുടെ ഇടയിൽ ഉണ്ടാക്കിയിട്ടുള്ളൊരു സ്വീകാര്യത ഉണ്ട്. ഇവിടുത്തെ മുഖ്യധാരാ സിനിമ ആളുകൾക്കു൦ സിനിമാ സംവിധായകർക്കും സിനിമ എഴുത്തുകാർക്കും എല്ലാം കീഴാള ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന വിഷയങ്ങളുടെ മാർക്കറ്റ് മൂല്യത്തിനെപറ്റിയുള്ള ഒരു തോന്നൽ മാറിയിട്ടുണ്ട്. ഈ വിഷയങ്ങൾ ഇവിടെ പറഞ്ഞു കഴിഞ്ഞാൽ ഇവിടെ വിറ്റഴിക്കപ്പെടും എന്നുള്ള തോന്നലിൽ നിന്ന് ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട് . പക്ഷേ ഈ സിനിമകളിലൊക്കെയോ എവിടെയോ ചോർന്നു പോകുന്ന ഒരു കാര്യമുണ്ട്. അതായത് ഈ വിഷയത്തിന് വെറും ഒരു മാർക്കറ്റ് വിപണനമൂല്യം മാത്രം മനസ്സിൽ വെച്ചുകൊണ്ട് ഈ വിഷയത്തെ കൂടുതൽ ആഴത്തിൽ പഠിക്കാനോ അതിൽ ആത്മാർത്ഥത പുലർത്താതെയൊ അതിൻറെ ഒരു യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇന്നത്തെ മലയാള സിനിമയിൽ കാണാൻ സാധിക്കും. എനിക്ക് പറയാനുള്ളത് ഈ കീഴാള സമൂഹത്തിനിടയിൽ നിന്നുതന്നെ ഒരുപാട് ആളുകൾ മുഖ്യധാരാ സിനിമയിലേക്ക് വരാൻ തയ്യാറെടുക്കുന്നുണ്ട്. വന്നു കൊണ്ടിരിക്കുന്നുണ്ട്. അപ്പോൾ ഇവരൊക്കെ പറയുന്ന ചില വിഷയങ്ങൾ അല്ലെങ്കിൽ ഇവര് പറയാൻ കരുതിവെച്ച വിഷയങ്ങൾ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായി മാറും. അവർ ആത്മാർത്ഥമായിട്ട് തന്നെയാണ് ഈ വിഷയങ്ങളെ സമീപിക്കുന്നത്. അതു കൊണ്ടു തന്നെ മലയാള സിനിമ എന്നൊക്കെയോ പറയാതെ പോയിട്ടുള്ള അവഗണിച്ചിട്ടുള്ള വിഷയങ്ങളെല്ലാം ഇനി വരും വർഷങ്ങളിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവസാനമായി ഒരു ചോദ്യം കൂടി. ഈ പൊളിറ്റിക്കൽ കറക്റ്റനസ്നെ കുറിച്ച് ഏറ്റവും അധികം ഡിസ്കഷൻ നടക്കുന്ന ഒരു കാലഘട്ടമാണ്. ഒരു കലയെ നമ്മൾ നിരീക്ഷിക്കുമ്പോൾ, വിശകലനം ചെയ്യുമ്പോൾ അത് ആസ്വദിക്കുമ്പോൾ ആ കലാരൂപം എന്ന രീതിയിലെ അതിന്റെ മികവ്. പ്രത്യേകിച്ചും മാധ്യമപരമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഡിസ്കഷൻ ഇല്ലാതെ പൊളിറ്റിക്കൽ കറക്റ്റനസ് മാത്രം പരിശോധിക്കപ്പെടുന്നതിനെ കുറിച്ച് …. ഇത്തരം വിശകലന രീതിയോട് ജീവ എന്ന സംവിധായികയുടെ സമീപനം എന്താണ് ?

ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത് സിനിമയ്ക്ക് കൃത്യമായ സ്വാധീനം അതിൻറെ പ്രേക്ഷകർക്കിടയിൽ ഉണ്ടെന്ന് തന്നെയാണ്. അത് കുറച്ചു നിമിഷത്തേക്കാണെങ്കിൽ പോലും സിനിമയ്ക്ക് മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ കഴിയുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് ഒരു ദൃശ്യ ശ്രവ്യ മാധ്യമം എന്ന നിലയിൽ ഉതകുന്ന മികവിനോടൊപ്പം അല്ലെങ്കിൽ പരീക്ഷണങ്ങൾ ടെക്നിക്കലി ആയിട്ടുള്ള ആ പരീക്ഷണങ്ങൾക്കപ്പുറം സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റനസ് പരിശോധിക്കണം എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സിനിമ മുന്നോട്ടു വെക്കുന്ന സിനിമയിലെ ഓരോ നിമിഷവും നമ്മളെ പൊളിറ്റിക്കലി കറക്റ്റ് ആക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമ ഒരു ആർട്ടാണ് ബിസിനസ് ആണ് അതോടൊപ്പം ഏറ്റവും കൂടുതൽ മനുഷ്യമനസ്സുകളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു മാധ്യമം കൂടിയാണ് അപ്പോൾ തീർച്ചയായിട്ടും പൊളിറ്റിക്കലി കറക്റ്റ് തന്നെയാവണം സിനിമ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here