യാത്ര
ജീജ ജഗൻ
ഇരുനൂറ് കിലോമീറ്ററിലധികം ദൂരമുള്ള കാസർഗോഡ് യാത്രയിലുടനീളം കവ്വായിക്കായൽ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. പ്രശസ്ത കഥാകൃത്ത് അംബികാസുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ എന്ന കഥയിലെ ഈ കായൽ എനിക്ക് വെറുമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമല്ല.കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള കവ്വായിക്കായലിൻ്റെ അടുത്തെത്തുംതോറും നെടുംചൂരിമത്സ്യങ്ങളായ അഴകനും പൂവാലിയും മനസ്സിൽ നീന്തിത്തുടിക്കാൻ തുടങ്ങി.
അതിമനോഹരമായ ഒരു സന്ധ്യ .എൻ്റെ സങ്കൽപ്പത്തിനപ്പുറം വിശാലമായ കായൽക്കാഴ്ച. സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത ശാന്തമായ അന്തരീക്ഷം.തീരത്തുനിന്നും കവ്വായി ദ്വീപിലേയ്ക്ക് ബോട്ട് യാത്രയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്.
നെടുംചൂരി മത്സ്യങ്ങൾ കായലിൽ ജീവിക്കുന്നുവെങ്കിലും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാൻ ശുദ്ധ ജലത്തെ ആശ്രയിക്കുന്നു. ഈ പ്രകൃതി സത്യത്തിൽ നിന്നും മനുഷ്യൻ്റെ സ്വാർത്ഥത പരിസ്ഥിതിയെ വീർപ്പു മുട്ടിക്കുകയും അതിലൂടെ സകല ജീവജാലങ്ങളും ദുരിതമനുഭവിക്കുകയും ചെയ്യുന്ന കാഴ്ചയിലേക്ക് നയിക്കുന്നതാണ് രണ്ടു മത്സ്യങ്ങൾ എന്ന കഥ.
മുട്ടയിടാൻ ഒരുങ്ങിനിൽക്കുന്ന പൂവാലിയെയും കൂട്ടി കരുതലോടെ കാവിലേക്ക് യാത്ര പുറപ്പെടുന്ന അഴകൻ്റെയും പൂവാലിയുടെയും പ്രണയസല്ലാപങ്ങളിലൂടെ ഇതൾ വിരിയുന്ന ഈ കഥയിൽ പ്രകൃതിക്കു പറ്റിയ വലിയ തെറ്റാണ് മനുഷ്യനെന്നു കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നു. വഴിയിലൊരിടത്ത് മനുഷ്യരിൽ നിന്നും പൂവാലിയെ സംരക്ഷിക്കാൻ സ്വന്തം ജീവൻ തന്നെ ബലി നൽകാനൊരുങ്ങുന്ന അഴകൻ കഥയെ സാന്ദ്രമാക്കുന്നു.
നെടുംചൂരി മത്സ്യങ്ങൾ കവ്വായിക്കായലിൽ നിന്നും വേനൽമഴ കനക്കുമ്പോൾ ജലസ്പർശമുള്ള പാറകളിലൂടെ തുള്ളിക്കയറി കുന്നുകൾ പിന്നിട്ട് ദൂരെ ശൂലാപ്പുകാവിലെ ജലാശയത്തിലേയ്ക്ക് എത്തുന്നു.
പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചു കർക്കടക പേമാരിയിൽ ആ കുഞ്ഞുങ്ങളെയും കൊണ്ട് കുന്നുകളിലെ വെള്ളപ്പാച്ചിലിലൂടെ പുഴ കടന്ന് കായലിൽത്തന്നെ തിരിച്ചെത്തുകയും ചെയ്യും. കഥയ്ക്കുള്ളിലെ ഈ യാഥാർത്ഥ്യം എന്നെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇവിടെ എത്തിയപ്പോൾ ഈ വിശാലമായ കായലും ദൂരെ കാസർഗോഡ് ജില്ലയിലുള്ള ശൂലാപ്പുകാവും നെടുംചൂരികളെന്ന വളരെ ചെറിയ മീനുകൾ പിന്നിടുന്ന ദൂരവും അവിശ്വസനീയമായിത്തന്നെ നിലകൊണ്ടു.
രണ്ടു മത്സ്യങ്ങൾ എന്ന കഥ വായിച്ചിട്ടാണ് നിങ്ങൾ കവ്വായിക്കായൽ കാണാനെത്തുന്നതെങ്കിൽ നിങ്ങളുടെ കണ്ണുകളും കായലിൻ്റെ ആഴപ്പരപ്പിൽ അഴകനെയും പൂവാലിയെയും തിരയും. കായലിൽ നിന്നും പുഴച്ചാലിലൂടെ നീന്തി പാറക്കെട്ടുകളിലൂടെ ചാടിക്കയറി അവർ ശൂലാപ്പു കാവിലേയ്ക്ക് പോകുന്നത് കാണാൻ തിടുക്കപ്പെടും. വികസനത്തിൻ്റെ പേരിൽ കാവിലെ ശുദ്ധജലവും ജൈവവൈവിധ്യവും ഇല്ലാതാകരുതെന്നു നിങ്ങളും ആശിക്കും.
…
ജീജ ജഗൻ
തേനമംഗലത്ത് ശശിധരൻ നായരുടെയും കെ.ടി പങ്കജത്തിൻ്റെയും മകളായി വയനാട്ടിലെ വെള്ളമുണ്ടയിൽ ജനനം. വെള്ളമുണ്ട എ .യു .പി സ്കൂൾ ദ്വാരക എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. മാവേലിക്കര എം എസ് എസ് ടി.ടി.ഐ ൽനിന്നും ടി ടി സി യും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎഡും ബിരുദാനന്തരബിരുദവും. ചീങ്ങവല്ലം ,അമ്പലവയൽ, ഓടപ്പള്ളം ,വടുവഞ്ചാൽ എന്നീ ഗവൺമെൻറ് സ്കൂളുകളിലും ഇപ്പോൾ നെല്ലാറച്ചാലിലും ഹൈസ്കൂൾ അധ്യാപികയായി ജോലി ചെയ്തു വരുന്നു.
ഭർത്താവ് ജലഗതാഗതവകുപ്പിൽ എൻജിനീയറായ ജഗദീശ് കെ.ആർ.മക്കൾ രോഹിത് ജഗൻ ,ലക്ഷ്മി ജഗൻ. അധ്യാപികയായ ദിതി വിനോദ് സഹോദരി .
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.