ഐലന്റ് ഓഫ് ലവ് – ഭാഗം 1

0
402
island-of-love-anjali-madhavi-gopinath-athmaonline

നോവലെറ്റ്

അഞ്ജലി മാധവി ഗോപിനാഥ്

അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്. പൊതുവേ ആളുകളിൽ നിന്നും അകലം പാലിക്കുന്ന അയേഷ മണിക്കൂറുകളോളം അയാളെ കേട്ടിരുന്നു. ജീവിതത്തിൽ എവിടെയോ നഷ്ടപ്പെട്ടു പോയ സന്തോഷങ്ങൾ ഒന്നിന് പുറകേ ഒന്നായി തന്നിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയുന്നവനാണ് റോഡ്രിഗസ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അയേഷയുടെ കാത്തിരിപ്പുകൾ അയാൾക്ക്‌ വേണ്ടിയായി. അയാൾ ആഗ്രഹിച്ചിരുന്നതും അതുതന്നെയായിരുന്നു. റോഡ്രിഗസ് ജോലി ചെയ്യുന്ന “മാർഗോ” ബാറിന്റെ എതിർ വശത്തുള്ള ബിൽഡിങ്ങിലാണ് അയേഷയുടെ സൽസ ഡാൻസ് ക്ലാസ്സ്‌ ഉള്ളത്. ബാറിന്റെ വലത് സൈഡിലുള്ള ജനാലയിലൂടെ നോക്കിയാൽ സൽസ ക്ലാസ്സ് കാണാൻ കഴിയും. ഓടി നടക്കുന്ന രൂപങ്ങൾക്കിടയിൽ നിന്നും അയേഷയെ നിമിഷങ്ങൾ കൊണ്ട് മനസിലാക്കാൻ റോഡ്രിഗസിനു കഴിഞ്ഞിരുന്നു. റോഡ്രിഗസിനു അയേഷ എന്ന പെൺകുട്ടി ഒരതിശയമാണ്. ഉത്തരവാദിത്തങ്ങൾക്കിടയിൽ സൽസ ഡാൻസ് പഠിക്കാൻ സൈക്കിളോടിച്ചു വരുന്ന അയേഷയേ അയാൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ശ്രമിച്ച് പരാജയപ്പെടുന്നത് അയാൾക്കൊരു ശീലമായിരുന്നു. ആദ്യ കാഴ്ച്ചയിൽ റോഡ്രിഗസിനെ പ്രണയത്തിൽ മുക്കിയെടുത്തവളല്ല അയേഷ. കണ്ടു കണ്ടു റോഡ്രിഗസ് മനസിലേക്കെടുത്തവളാണ്. അയേഷയിലേക്ക് അടുക്കാൻ ഓരോ ദിവസവും റോഡ്രിഗസ് മനസ്സിൽ ഓരോരോ പദ്ധതികൾ തയ്യാറാക്കും. ധൈര്യക്കുറവ് മൂലം ചില പദ്ധതികൾ പാളുകയും മറ്റു ചില പദ്ധതികൾ ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. അങ്ങനെയൊരു കാലത്താണ് ഒരാഴ്ച്ചയോളമായി അയേഷയെ കാണാതായത്. സൽസ ക്ലാസ്സിലും വരുന്നില്ല. കാര്യമറിയാൻ റോഡ്രിഗസ് കൂടെ ജോലി ചെയ്യുന്ന ക്ലമന്റിന്റെ പെങ്ങൾ ഈവയിൽ നിന്നും കൂട്ടുകാരി അയേഷയുടെ ഫോൺ നമ്പർ വാങ്ങിയെടുത്തു. റോഡ്രിഗസിനു അയേഷയോടുള്ള അമിതമായ താല്പര്യം അറിയാവുന്ന ഒരേയൊരാളാണ് ക്ലമന്റ്. അസുഖമായി അയേഷ കിടപ്പിലാണെന്ന വിവരം അയാളെ അലട്ടിയിരുന്നു. അതുകൊണ്ടാണ് അന്നവൾക്കൊരു മെസ്സേജ് അയക്കാമെന്നു അയാൾ തീരുമാനിച്ചത്. മണിക്കൂറുകളുടെ ആലോചനക്ക് ശേഷം റോഡ്രിഗസ് അയേഷക്ക് ഒരു മെസ്സേജ് അയച്ചു. ” സുഖപ്പെട്ടോ? ” . മെസ്സേജ് അയച്ച ഉടനെ വെപ്രാളത്തോടെ റോഡ്രിഗസ് ഫോൺ താഴെ വെച്ചു, ഫോണിന്റെ അടുത്ത് നിന്നും ദൂരെ മാറി നിന്നു. പക്ഷേ കണ്ണുകൾ ഫോണിന്റെ സ്ക്രീനിലേക്ക് താനറിയാതെ ഇടയ്ക്കിടെ പാളി നോക്കിക്കൊണ്ടിരുന്നു. നിശബ്ദതയേ ഭേദിച്ചു കൊണ്ട് മൊബൈലിൽ ഒരു ശബ്‌ദം. അയേഷയുടെ മറുപടി വന്നു. ” Who are you? ” എന്നതാണ് റോഡ്രിഗസ് പ്രതീക്ഷിച്ച മറുപടി. പക്ഷേ, ” സുഖപ്പെടുമെന്ന് വിശ്വസിക്കുന്നു റോഡ്രിഗസ് ” എന്നായിരുന്നു മറുപടി. അടുത്തിടെയായി പ്രണയം തലച്ചോറിൽ കയറിയിറങ്ങുന്ന റോഡ്രിഗസിനു അയേഷ തന്നെ പേരെടുത്തു വിളിച്ചതിൽ അതിയായ ആശ്ചര്യവും അമിതമായ സന്തോഷവും തോന്നി. അയാൾ വീണ്ടും വീണ്ടും ആ മെസ്സേജിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു. അയേഷ തന്റെ പേര് ടൈപ്പ് ചെയ്തിരിക്കുന്നു. ഫോണിൽ ” അയേഷ ” എന്ന കോൺടാക്ട് സേവ് ചെയ്യുമ്പോൾ പോലും റോഡ്രിഗസിനു സ്വയം വിശ്വസിക്കാൻ കഴിയാത്തത് പോലെ ഒരു കുളിർമ്മ മനസ്സിൽ തോന്നിയിരുന്നു. അത് പോലെ ഒരു അനുഭവം അയേഷക്ക് ഉണ്ടായിട്ടുണ്ടാകുമോ എന്നുള്ള തോന്നൽ പോലും അയാളെ ഉന്മത്തനാക്കിയിരുന്നു. ” റോഡ്രിഗസ് ” ഈ പേര് ടൈപ്പ് ചെയ്യുമ്പോൾ അവളുടെ ഉള്ളിൽ എന്തായിരുന്നിരിക്കും.? അവൾ പുഞ്ചിരിച്ചിട്ടുണ്ടാവുമോ? അവളെന്റെ മെസ്സേജ് പ്രതീക്ഷിച്ചിരുന്നോ? പെട്ടന്ന് മറ്റൊരു ചിന്ത കൂടി റോഡ്രിഗസിന്റെ മനസിലേക്ക് വന്നു. ” അല്ലാ, അവൾക്കെങ്ങനെ റോഡ്രിഗസിനെ അറിയാം. ഈ മെസ്സേജ് അയച്ചത് റോഡ്രിഗസ് ആണെന്ന് എങ്ങനെ മനസിലായി?” ചിന്തകൾക്ക് മുകളിൽ ചിന്തിച്ചു ചിന്തിച്ചു റോഡ്രിഗസിന്റെ ഉറക്കം നഷ്ടപ്പെട്ടു. എങ്കിലും അയേഷക്ക് എങ്ങനെ റോഡ്രിഗസിനെ അറിയാം.!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

https://lk1.1ac.myftpupload.com/island-of-love-02/

LEAVE A REPLY

Please enter your comment!
Please enter your name here