Homeസിനിമആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ

ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ

Published on

spot_imgspot_img

കുന്നംകുളത്തങ്ങാടിയിലെ നാടക റിഹേഴ്സലുകളും സിനിമാചർച്ചകളും കടന്ന് സിനിമയിലെ ആൾക്കുട്ടങ്ങളിൽ ഒരാളായി മാറിയതു വരെയുള്ള യാത്രയെക്കുറിച്ച് നടൻ ഇർഷാദ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്…

തൊണ്ണൂറുകളുടെ പകുതി, ഞാനന്ന് കുന്നംകുളം കെ ആർ എസ്സ് പാർസൽ സർവീസിൽ മൂന്നക്ക ശമ്പളം വാങ്ങിക്കുന്ന ക്ലർക്ക്.ഭാവന, ബൈജു, താവൂസ്… ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ബാബു കാത്ത് നിൽക്കുന്നുണ്ടാകും, ഇന്ന് എങ്ങോട്ട് എന്ന ചോദ്യവുമായി. എത്ര ബോറാണെന്ന് പറഞ്ഞാലും, ബോക്സ്‌ ഓഫീസിൽ എട്ടു നിലയിൽ പൊട്ടി എന്ന് കേട്ടാലും, എന്താണ് ആ സിനിമയുടെ കുഴപ്പം അത് കണ്ടു പിടിക്കണമല്ലോ എന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേർക്കും ഒരേ അഭിപ്രായം ആയിരുന്നു. കേച്ചേരി കംമ്പര, ഗുരുവായൂർ നാടകവീട്, ഡി. വൈ. എഫ്. ഐ യ്ക്ക് വേണ്ടിയുള്ള തെരുവ് നാടകങ്ങൾ,ചെറുതല്ലാത്ത എന്റെ ഒരു നാടക ജീവിത്തിന് ഏകദേശം തിരശീല വീണ് കഴിഞ്ഞിരുന്നു.കൂടെ അഭിനയിച്ചിരുന്ന ഒട്ടുമിക്ക അഭിനേതാകളും,പ്രാരാബ്ധങ്ങളുടെ മാറാപ്പെടുത്ത് വിദേശങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു.അന്ന് ഒരു ശരാശരി കേച്ചേരിക്കാരൻ സ്വപ്നം കാണുന്ന ഏറ്റവും വലിയ ജോലി ഗൾഫ് കാരൻ ആവുക എന്നതാണ്…അസീ മും, സുലൈമാനും ഷണ്മുഖനും,സൈഫുവും കലാ ജീവിതത്തിന് കർട്ടനിട്ട് മണലാരണ്യത്തിലേക്ക്… (അസീം ജമാൽ ഇപ്പോൾ സിനിമയിൽ സജീവം ).

കംമ്പരക്ക് വേണ്ടി അവസാനം കളിച്ച നാടകം “ദ്വീപ് “ആയിരുന്നു. പ്രബലൻ വേലൂർ ചെയ്ത നാടകത്തിൽ പ്രേമനും ഞാനും മാത്രമായിരുന്നു അഭിനേതാക്കൾ. എല്ലാ കാലത്തുമെന്നപോലെ മുഖ്യ സംഘാടകനായും, എന്തിനും ഏതിനും ഓടി നടക്കാനും ജയേട്ടൻ കൂടെത്തന്നെ ഉണ്ടായിരുന്നു. ഹാഫ്ഡേ ലീവ് എടുത്തും ജോലി കഴിഞ്ഞുള്ള സമയത്തു മായിരുന്നു ഹേഴ്സൽ ക്യാമ്പ്.ദ്വീപിന്റെ അവതണം മികച്ച രീതിയിൽ തന്നെ നടന്നു, നല്ല അഭിപ്രായവും കിട്ടി. പക്ഷെ അതിനു ശേഷം ഒരു നാടകം സംഘടിപ്പിക്കാനുള്ള ശേഷി കംമ്പരയ്ക്ക് ഇല്ലായിരുന്നു. അധികം വൈകാതെ ആളും അർത്ഥവുമില്ലാതെ ആ സാംസ്കാരിക കേന്ദ്രം ഒരോർമ മാത്രമായി.ഓരോരുത്തരും ഓരോ വഴിക്ക് പോയെങ്കിലും നേരിൽ കാണുമ്പോഴെല്ലാം “നമുക്ക് പുതിയ നാടകം ചെയ്യേണ്ടേ” എന്ന ചോദ്യവുമായി ജയേട്ടൻ മാത്രം അപ്പോഴും കേച്ചേരി യിൽ തന്നെ ഉണ്ടായിരുന്നു. എന്നിലെ സിനിമ ഭ്രാന്ത് മൂർച്ഛിച്ചു തുടങ്ങിയ സമയം കൂടിയായിരുന്നു ആ കാലം. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയിൽ നിറഞ്ഞാടണം , ലോകം അറിയപ്പെടുന്നൊരു നടനാകണം.. എങ്ങനെ? ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ കളം നിറഞ്ഞാടുന്ന കാലം…

സിനിമകളൊന്നും കാണാനില്ലെങ്കിൽ കുന്നംകുളം ബസ്സ്റ്റാൻഡിന്റെ സമീപത്തുള്ള ‘C’ ഷേപ്പ് ബിൽഡിങ്ങിന്റെ തിട്ടയിലിരുന്നു ബാബുവുമായി സിനിമ സ്വപ്നം കണ്ടും സിനിമയിലെത്തിചേരാനുള്ള വഴികൾ ചർച്ച ചെയ്തും… ചിട്ടികമ്പനിയിലെ പണപ്പിരിവ് എന്ന ഭാരിച്ച ജോലി കഴിഞ്ഞാൽ ഇടയ്ക്ക് മനോജും വരും ഭാവിയിലെ സൂപ്പർസ്റ്റാറിനെ കാണാനും കേൾക്കാനും. ‘C’ ഷേപ്പ് ബിൽഡിങ്ങിന്റെ കോണിച്ചുവട്ടിലാരുന്നു കരീമിക്കായുടെ STD ബൂത്ത്‌. അതു തന്നെയാരുന്നു അന്നത്തെ പ്രസ്സ്ക്‌ളബ്ബും. ചരമം, ആണ്ടിലൊരിക്കൽ കിട്ടുന്ന ആത്മഹത്യ, ഒത്താലൊരു പോക്കറ്റടി, പഴഞ്ഞി അടയ്ക്കാ മാർക്കറ്റിലെ അങ്ങാടി നിലവാരം അതിൽ കൂടുതൽ വാർത്തകൾ ഒന്നുമില്ലാതിരുന്ന കാലത്ത് പ്രാദേശിക ലേഖകർക്ക് വലിയ ജോലിയൊന്നും ഇല്ലായിരുന്നു. വാർത്തകൾ അടങ്ങിയ കവർ ബസിൽ കയറ്റി വിട്ട് അവർ വേഗം കൂടണയാറാണ് പതിവ്. പത്രക്കാർ കളം വിട്ടാൽ ഞങ്ങൾ തിട്ടയിൽ നിന്നും നേരെ കോണിച്ചുവട്ടിലേക്ക് കുടിയേറും. പിന്നീടുള്ള ചർച്ചകളെല്ലാം അവിടെയിരുന്നാണ്. ഓഫീസിന്റെയും ബൂത്തിന്റെയും ചാർജുള്ള ഷെരീഫ് ഞങ്ങളുമായി നല്ല കൂട്ടായിരുന്നു. അവസാന ബസ് പോകും വരെ ആ ചർച്ച കോണിച്ചുവട്ടിൽ നീണ്ടു നിവർന്നു കിടക്കും. കയ്യെത്താത്ത… കണ്ണെത്താത്ത… ദൂരത്തു “സിനിമ”

ആ ഇടയ്ക്കാണ് ഗുരുവായൂരിൽ 3 സിനിമകളുടെ ഷൂട്ടിങ് തുടങ്ങുന്നത്. ജയറാമും ബിജു മേനോനും അഭിനയിക്കുന്ന ആദ്യത്തെ കണ്മണി, കെ. കെ ഹരിദാസിന്റെ കൊക്കരക്കോ, പി. ജി വിശ്വംഭരന്റെ പാർവതിപരിണയം. മയിലാടുംകുന്ന് എന്ന സിനിമയുടെ സംവിധായകൻ S. ബാബു എന്റെ വളരെ അകന്ന ബന്ധുവാണ്. അദ്ദേഹത്തെ കാണാൻ ഞാൻ പുന്നയൂർകുളത്തുള്ള വീട്ടിൽ പോയി. കാരണം ആദ്യത്തെ കണ്മണിയുടെ സംവിധായകൻ രാജസേനൻ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു കേട്ടിട്ടിട്ടുണ്ട്. ഞാനെന്റെ ആഗ്രഹം അവതരിപ്പിച്ചു. നീണ്ടകാലത്തെ മദ്രാസിലെ സിനിമാ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിച്ചുകൊണ്ടിരുന്ന ബാബുക്ക വലിയ രീതിൽ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തിയില്ല. അത്രവേഗത്തിൽ എത്തിപ്പിടിക്കാവുന്ന ഒന്നല്ല സിനിമ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ രാജസേനന് ഒരു കത്ത് തന്നു. ഷൂട്ടിംഗിന്റെ തിരക്കിനിടയിൽ തമ്പുരാൻപാടിയിലെ പ്രധാന ലൊക്കേഷനിൽ പോയി അദ്ദേഹത്തെ കണ്ടു. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞല്ലോ അടുത്ത സിനിമ തുടങ്ങുന്നതിനു മുൻപ് ബന്ധപ്പെടു എന്ന് പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന്റെ തിരക്കുകളിലേക്ക്.

കുറച്ചു സമയം ഷൂട്ടിങ് എല്ലാം നോക്കി നിന്ന് ഞാനും ബാബുവും മടങ്ങി. പിന്നീട് മിക്ക ദിവസങ്ങളിലും ഞാനും ബാബുവും വണ്ടികയറും, ഏതെങ്കിലും ലൊക്കേഷനിൽ പോയി മുഖം കാണിക്കാനുള്ള അവസരത്തിനായി…. വേഷം കിട്ടിയില്ലെങ്കിലും ഷൂട്ടിംഗ് എങ്കിലും കാണാമല്ലോ. എന്റെ സിനിമാമോഹം അറിയാവുന്ന കുന്നംകുളത്തെ ഒരു വ്യാപാരി ആയിരുന്നു ചെറുവത്തൂർ വിൽസൺ. അദ്ദേഹത്തിന്റെ പാർസൽ കെ. ആർ. എസ് ലാണ് വന്നുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായി ഞങ്ങൾക്കിടയിൽ ഒരു നല്ല സൗഹൃദം ഉടലെടുത്തിട്ടുണ്ടായിരുന്നു. വിൽസേട്ടന്റെ ബന്ധു ആയിരുന്നു സ്വപ്ന ബേബി എന്ന നിർമ്മാതാവ്. വിൽസേട്ടൻ ബേബിയേട്ടനോട് എന്റെ കാര്യം അവതരിപ്പിച്ചു, അദ്ദേഹത്തിന് നിർമ്മാതാവ് ആന്റണി ഈസ്റ്റ്മാനുമായി നല്ല ബന്ധമായിരുന്നു. പാർവതി പരിണയത്തിൽ K. S.E.B യിലെ ഓവർസിയർ ആയി ഒരു വേഷമുണ്ട്, നീ പോയി വിശ്വംഭരൻ സാറിനെ ഒന്ന് കാണു എന്ന് ബേബിയേട്ടനാണ് എന്നോട് പറഞ്ഞത്.

ബാബുവും ഞാനും ഗുരുവായൂർ എലൈറ്റ് ഹോട്ടലിന്റെ റിസപ്ഷനിൽ വിശ്വംഭരൻ സാർ ഇറങ്ങി വരുന്നതും കാത്തിരുന്നു. ലൊക്കേഷനിലേക്ക് പോകാനുള്ള ധൃതിയിൽ സ്വപ്ന ബേബി എന്ന പേര് കേട്ടപ്പോൾ എന്നെ കേൾക്കാൻ ഒരു മിനിറ്റ് സമയം അനുവദിച്ചു. പെട്ടെന്ന് കാര്യം അവതരിപ്പിച്ചു. ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു “ആ വേഷം ചെയ്യാനൊന്നും താൻ ആയിട്ടില്ല “. ആ വാതിലും അടഞ്ഞു. എന്റെ മുഖം വായിച്ചു സഹതാപം തോന്നിയത് കൊണ്ടാകാം മുകേഷിന്റെ കൂടെ നാട്ടുകാരായി കുറച്ച് പേരുണ്ട് ലൊക്കേഷനിലേക്ക് വന്നാൽ അതിലൊരാളാക്കാം എന്നും പറഞ്ഞു അദ്ദേഹം വണ്ടിയിൽ കയറി. ഞങ്ങൾ നേരെ ലൊക്കേഷനിലേക്ക്. കള്ളനായി അഭിനയിച്ച ഹരിശ്രീ അശോകൻ ചേട്ടനെ ഓടിച്ചിട്ട് പിടിക്കുന്നവരുടെ കൂട്ടത്തിൽ ഒരാളായി ഞാനും ഓടി… അങ്ങനെ അശോകേട്ടനോടൊപ്പം സിനിമയുടെ ഹരിശ്രീ കുറിച്ചു. പിന്നീടുള്ള കുറേ സീനുകളിൽ ആൾക്കൂട്ടത്തിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. കാലം കാത്ത് വച്ചിരിക്കുന്നതെന്തന്നറിയാതെ യാത്ര തുടർന്നുകൊണ്ടേ ഇരിക്കുമ്പോഴും ഓർമ്മകളിലൂടെ ഒരുപാടുദൂരം സഞ്ചരിക്കാൻ ഇവിടെ ഈ ഫോട്ടോ ഒരു നിമിത്തമായിരുന്നു….

athmaonline-irshad-ali-harisree-asokan


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...