അഭിമുഖം
രാം തങ്കം – ഹരിഹരന്‍ പാണ്ഡ്യന്‍
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിലാണ് രാം തങ്കം ജനിച്ചുവളര്‍ന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹമായതിന്റെ സന്തോഷത്തിലാണ് നിലവില്‍ രാം തങ്കം. മാധ്യമപ്രവര്‍ത്തകനായി ദിനകരന്‍, അനന്തവികടന്‍ തുടങ്ങിയ പത്രങ്ങളില്‍ ജോലി ചെയ്തിരുന്ന രാം ഇപ്പോള്‍ എഴുത്തിന്റെ ലോകത്തിനായി തന്റെ ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. ‘ഊര്‍സുട്രി പറവെ'(2015), ‘മീനവ വീരന്ക്ക് ഒരു കോവില്‍'(2016), തിരുകാര്‍ത്തിയല്‍(2018) എന്നീ കൃതികളുടെ രചയിതാവ് കൂടിയാണ് രാം. തിരുകാര്‍ത്തിയല്‍ എന്ന ചെറുകഥാ സമാഹാരത്തിലൂടെ അദ്ദേഹത്തെ തേടി കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരമെത്തിയിരിക്കുകയാണ്.
തിരുകാര്‍ത്തിയല്‍ എന്ന കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണ് താങ്കള്‍. ഈ അവസരത്തില്‍ എന്ത് തോന്നുന്നു? പുരസ്‌കാരം ലഭിച്ചതിനുശേഷം എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ടോ?
ഒരു പ്രസ്ഥാനത്തിലും പാര്‍ട്ടിയിലും ഇല്ലാത്ത ഒരാളാണ് ഞാന്‍. വായനക്കാരെ മാത്രം ആശ്രയിച്ച് എഴുതി വരുന്ന ഒരു എഴുത്തുകാരന്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം ലഭിക്കുന്നതിന് മുന്നേതന്നെ തമിഴ് സാഹിത്യം ലോകത്ത് എന്റേതായ ഒരു അഡ്രസ്സ് ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും പുരസ്‌കാരം ലഭിച്ചതിന് ശേഷം കൂടുതല്‍ ശ്രദ്ധ കിട്ടുന്നുണ്ട്. പുസ്തകങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. അതല്ലാതെ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ എനിക്കുവേണ്ടി അനുമോദന ചടങ്ങുകള്‍ ഒന്നും ഒരുക്കപ്പെട്ടിട്ടില്ല. അതിന് കാരണം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, സംഘടനയുടെയോ വക്താവല്ല എന്നതാണ്. ഞാന്‍ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് എഴുതുന്ന, സാധാരണ ജീവിതം നയിക്കുന്ന എഴുത്തുകാരനാണ്. വലിയ മാറ്റങ്ങള്‍ ഒന്നും നേരിടാന്‍ എനിക്കറിഞ്ഞുകൂടാ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം ലഭിച്ച തങ്ങളുടെ ‘തിരുകാര്‍ത്തിയല്‍’ എന്തിന് വായിക്കണം എന്ന് ചോദ്യത്തെ താങ്കള്‍ എങ്ങനെയായിരിക്കും നോക്കി കാണുക?
എല്ലാവരുടെ മനസ്സിലും ഇത്തരം ചോദ്യങ്ങളുണ്ടാകും. എന്റെ പുസ്തകം എന്തിന് വായിക്കണം എന്ന തരത്തിലായിരിക്കില്ല ആ ചോദ്യം. മറിച്ച് ഒരു പുസ്തകം എന്തിന് വായിക്കണം എന്നായിരിക്കും എല്ലാവരും ചിന്തിക്കുക. ണമെന്നില്ല. എനിക്ക് എന്തുകൊണ്ട് ആ സമയം വേറെ കാര്യങ്ങള്‍ക്ക് ചിലവഴിച്ചു കൂടായെന്ന് അവര്‍ ചിന്തിക്കും. പുസ്തകം(സാഹിത്യം) വായിക്കുന്ന മനുഷ്യന്‍ സമൂഹത്തില്‍ നിന്നും കുറച്ച് വ്യത്യസ്തനാണ്. അവര്‍ വലിയ കുറ്റലാളികളാകുന്നില്ല എന്നതാണ് അതിനുത്തരമായി ഞാന്‍ പറയുക. ഒരു പുസ്തകം നമ്മളെ പല തരത്തില്‍ സാധ്വീനിക്കുന്നുണ്ട്. ജീവിതം, സ്‌നേഹം, ചിന്ത എന്നിവയെ സാധ്വീനിക്കാനും അനിവാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പുസ്തകത്തിന് സാധിക്കും. തിരുകാര്‍ത്തിയല്‍ വായിക്കുമ്പോള്‍ നിങ്ങള്‍ നവീകരിക്കപ്പെടും. അത്തരം ചിന്തകളിലേക്കും ആലോചനകളിലേക്കുമാണ് തിരുകാര്‍ത്തിയല്‍ നിങ്ങളെ കൂട്ടികൊണ്ടുപോവുക. ഈ കഥാസമാഹാരത്തില്‍ പല ചെറുപ്പക്കാരുടെ ബാല്യകാലവും എന്റെ നാഞ്ചില്‍ നാട്ടിലെ പ്രത്യേകതകളും, തിരുവിതാംകൂര്‍ പ്രദേശത്തിന്റേതായ കഥകളും സാധാരണ മനുഷ്യരുടെ ജീവിതവും അടങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ തിരുക്കാത്തിയല്‍ വായിക്കണം.
‘കടവുളിന്‍ ദേശം’ എന്ന രചനയില്‍ കേരളത്തിലേക്കുള്ള താങ്കളുടെ യാത്രയെക്കുറിച്ച് എഴുതിയിട്ടുണ്ട്. കേരളത്തെയും മലയാളികളെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കേരളത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നഗരം ഏതാണ്?
കുട്ടിക്കാലം മുതലേ എനിക്ക് യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. കന്യാകുമാരി ജില്ലയ്ക്ക് പുറത്ത് തമിഴ്‌നാട്ടില്‍ എവിടെ പോയാലും അവര്‍ എന്നോട് ചോദിക്കുക ‘മലയാളിയാണോ?’ എന്നാണ്. എന്നാല്‍ കേരളത്തിലെത്തിയാല്‍ ‘നീ പാണ്ടിയാണോ?’ എന്ന് ചോദിക്കും. ഇവ രണ്ടിനും ഇടയില്‍ നില്‍ക്കുന്ന കന്യാകുമാരിക്കാരനാണ് ഞാന്‍. ഇപ്പോള്‍ ഇത് കന്യാകുമാരി ആണെങ്കിലും ഒരു കാലഘട്ടത്തില്‍ 22 സംസ്ഥാനത്തിന്റെ ഇടയില്‍ വരുന്ന ഭൂപ്രകൃതിയായിരുന്നു. ഭക്ഷിണ തിരുവിതാംകൂര്‍ എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. കേരളത്തിന്റെ ഭൂപ്രകൃതിയുമായും കാലാവസ്ഥയുമായും ഭക്ഷണ ശൈലിയുമായുമെല്ലാം കന്യാകുമാരിക്ക് വലിയ സാമ്യമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് വരുമ്പോള്‍ മറ്റൊരിടത്തേക്ക് യാത്ര ചെയ്യുകയാണെന്ന് തോന്നുകയേയില്ല. മാത്രവുമല്ല, കേരളത്തിലെ ജനങ്ങള്‍ എഴുത്തുകാരെ വളരെയധികം ബഹുമാനിക്കുന്നതായി തോന്നിയിട്ടുണ്ട്. പലതവണ ഇവിടെ വന്നിട്ടുണ്ട്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അവര്‍ ചെയ്തു തന്ന സൗകര്യങ്ങളും അവരുടെ സ്‌നേഹവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. തമിഴ്‌നാട്ടില്‍ റൈറ്ററെന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഏതു പോലീസ് സ്റ്റേഷനിലെ റൈറ്റര്‍ ആണ് എന്ന് അവര്‍ ചോദിക്കും. തമിഴ്‌നാട്ടിലെ ജനങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയാണ്. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. എഴുത്തുകാരെയും സാഹിത്യത്തെയും പ്രകീര്‍ത്തിക്കുന്ന മഹത്തായ നാടാണ് മലയാളികളുടേത്. എനിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ മനോരമ, മാതൃഭൂമി, മാധ്യമം, ആത്മ ഓണ്‍ലൈന്‍ തുടങ്ങിയ വിവിധ മലയാള ദിനപത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്കിഷ്ടമാണ്. പ്രധാനമായി കൊച്ചിയും, മൂന്നാറും.
മലയാളികളെ, കേരളത്തെ ഏറെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ചോദിക്കട്ടെ, മലയാള സാഹിത്യത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ ആരാണ്?
മലയാളത്തിലെ മികച്ച സാഹിത്യ കൃതികളെല്ലാം തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം ഞാന്‍ ആവേശത്തോടെ വായിക്കാറുമുണ്ട്. തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ബഷീര്‍, മുകുന്ദന്‍, മനോജ് കുറൂര്‍, കെ.ആര്‍. മീര, സന്തോഷ് ഏച്ചിക്കാനം, അശോകന്‍ ചെരുവില്‍, കല്‍പറ്റ നാരായണന്‍, ലളിതാംപിക അന്തര്‍ജനം, കമലാ ദാസ് എന്നിവര്‍ പ്രിയപ്പെട്ട എഴുത്തുകാരാണ്
താങ്കളുടെ കഥാസമാഹാരത്തിന് എന്തുകൊണ്ടാണ് ‘തിരുകാര്‍ത്തിയല്‍’ എന്ന് പേരുനല്‍കിയത്?
ഈ പുസ്തകത്തിലെ 11 കഥകളുടെ തലക്കെട്ടും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും ഉപയോഗിക്കുന്ന വാക്കുകളാണ്. എന്നാല്‍ തിരുകാര്‍ത്തിയല്‍ ഒരു പ്രാദേശിക പദമാണ്. ഞങ്ങളുടെ പ്രദേശത്ത് കാര്‍ത്തിക മാസത്തിലെ ദീപാവലി ദിനത്തെ തിരുകാര്‍ത്തിയെന്നാണ് വിളിക്കുന്നത്. ഇത് ഒരു വ്യത്യസ്തമായ പേരാണെന്ന് എനിക്ക് തോന്നി. ആരെങ്കിലും പെട്ടെന്ന് നോക്കിയാല്‍ എന്താണ് തിരുകാര്‍ത്തിയാല്‍ എന്ന് പോലും ചിന്തിച്ചേക്കാം. അതുകൊണ്ടാണ് ഈ പുസ്തകത്തിന് ഞാന്‍ തിരുകാത്തിയല്‍ എന്ന് പേരിട്ടത്
തിരുകാത്തിയല്‍, ഡോക്ടര്‍ അക്ക, വെളിച്ചം, udatrum pasi, കടന്നുപോകും, തുടങ്ങി ഒട്ടനവധി കഥകള്‍ ദാരിദ്ര്യത്താല്‍ കഷ്ടപ്പെടുന്ന കുട്ടികളെക്കുറിച്ചാണ്. ഇതെല്ലാം നിങ്ങളുടെ ഭാവനയാണോ? കേട്ടറിവിലൂടെ കിട്ടിയ കഥകളാണോ? അതോ നിങ്ങളുടെ അനുഭവമോ?
ദാരിദ്ര്യം ഒരു കലര്‍പ്പില്ലാത്ത സത്യമാണ്. ബാല്യകാലത്തിലെ ദാരിദ്ര്യം അതിക്രൂരമാണ്. ദരിദ്രരായ കുട്ടികളുടെ വലിയ ആഗ്രഹം വിശപ്പടക്കല്‍ മാത്രമാണ്. ഔവയാറിന്‍ ഒരു പദ്യത്തില്‍ പറയുന്നുണ്ട്; ദാരിദ്ര്യം വിഷമമാണ് അതിലും വലിയ വിഷമം ബാല്യകാലത്തിലെ ദാരിദ്ര്യമാണെന്ന്. ബാല്യകാല ദാരിദ്ര്യം അവരില്‍ മാനസിക പ്രശ്‌നങ്ങള്‍, ജീവിതശൈലി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ കഥകളില്‍ കുറച്ച് ഭാവനയും, കണ്ടതും കേട്ടതും ആയ ചില കാര്യങ്ങളും, എന്റെ അനുഭവങ്ങളുമുണ്ട്.
ആരാണ് തിരുകാര്‍ത്തിയലിലെ സെന്തമിഴ് എന്നെ വല്ലാതെ സ്പര്‍ശിച്ച കഥാപാത്രമാണ്. കഥയുടെ അവസാനത്തിലുള്ള അവന്റെ കരച്ചിലും ദേഷ്യവും എന്നെ പിടികൂടിയിരുന്നു. ആരാണ് സെന്തമിഴ്? നിങ്ങളുടെ സുഹൃത്താണോ?
സെന്തമിഴ് എല്ലാരിലും എല്ലാ സമയത്തും ഉണ്ടായിരുന്നു. ഞാന്‍ കഥ എഴുതിയത് കൊണ്ട് നിങ്ങള്‍ എന്നോട് ഈ ചോദ്യം ചോദിക്കുന്നു. പക്ഷേ നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ, നിങ്ങളുടെ ജീവിതത്തിലും ഒരു സെന്തമിഴ് ഉണ്ടായിരിക്കും. നിങ്ങള്‍ അവന്റെ സുഹൃത്തായിരിക്കാം. നിങ്ങള്‍ അവനെയാണ് ഈ കഥയില്‍ കാണുന്നത്. അല്ലാതെ വേറെ ആരുമല്ല.
നിങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും ‘ഡോക്ടര്‍ അക്ക’ ഉണ്ടായിരുന്നോ?
തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ തങ്ങളെ സ്‌നേഹിക്കുന്ന മുതിര്‍ന്നവരെ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. അതുപോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു ടീച്ചറോ സഹോദരിയോ ഉണ്ടായിരിക്കും. എന്റെ ബാല്യകാലത്തില്‍ എനിക്കിഷ്ടപ്പെട്ടവരെ, എന്നെ സ്‌നേഹിച്ചവരെ കാണാന്‍ ഞാന്‍ ഒരിക്കലും മടങ്ങിവരില്ല. അതെല്ലാം ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളാണ്. ഞങ്ങള്‍ രണ്ടുപേരും ആ ഓര്‍മ്മകളില്‍ നിന്ന് വളരെ അകലമായി കാണും. വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ വീണ്ടും കണ്ടുമുട്ടുമ്പോള്‍ അതേ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുമ്പോള്‍ ആ സ്‌നേഹത്തിന് ഒരു നീണ്ട വിടവ് ഉണ്ടാകും. നമ്മുടെ മനസ്സ് അത് അംഗീകരിക്കില്ല. അതുകൊണ്ട്, അവരെ അന്വേഷിക്കാതെ അവരുടെ ഓര്‍മ്മകളില്‍ നാം തുടരുന്നതാണ് നല്ലത്.
ഡോക്ടര്‍ അക്കയുടെ കഥയിലും oozhit peruvali കഥയിലും പോലീസിന്റെ ക്രൂരതയില്‍ അധഃപതിച്ച സുന്ദരികളായ പാവപ്പെട്ട സ്ത്രീകളുണ്ട്. ഇവ നിങ്ങളുടെ സാങ്കല്‍പ്പിക കഥാപാത്രങ്ങളാണോ? നിങ്ങള്‍ കണ്ട വ്യക്തികളെ കുറിച്ചാണോ? പോലീസ് വകുപ്പിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
ഈ കഥകളിലെ കഥാപാത്രങ്ങള്‍ കേട്ടുകേള്‍വിയിലും ഞാന്‍ പരിചയപ്പെട്ട ഏതാനും ആളുകളുടെ ജീവിതത്തിന്റെ അഡാപ്‌റ്റേഷനിലും അധിഷ്ഠിതമാണ്. ഇവിടെ എല്ലാ മനുഷ്യരും നല്ലവരല്ല. പോലീസിന്റെ കാര്യവും അങ്ങനെ തന്നെ. തുടക്കത്തില്‍ നല്ലവനായ പലരും സാഹചര്യം കാരണം ഇങ്ങനെയാകുന്നു. പക്ഷേ ഡിപ്പാര്‍ട്ട്‌മെന്റിലും ചില നല്ലവരായ പോലീസ്‌കാരും ഉണ്ട്.
Murpagal seiyin എന്ന കഥയിലും പെരിയനാടാര്‍ വീട് എന്ന കഥയിലും ‘ഇസക്കി’ എന്ന പേര് വരുന്നു. ഇവ രണ്ടും ഒരേ ‘ഇസക്കി’ ആണോ?. മുന്‍കാലഘട്ടത്തില്‍ ചില കാരണങ്ങളാല്‍ കൊല്ലപ്പെടുന്നവരെ ചെറുദൈവങ്ങളാക്കുന്നു, അല്ലേ? ഇതുപോലെ എത്ര ചെറുദൈവങ്ങളെ നിങ്ങള്‍ക്കറിയാം.?
ഇസക്കിയെ മലയാളത്തില്‍ യക്ഷി എന്നാണ് വിളിക്കുന്നത്. ക്ഷേത്ര ആരാധന ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ പല ദേശദൈവങ്ങളും ഉണ്ടായി. എന്റെ കഥകളിലെന്നപോലെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ കൊല്ലപ്പെട്ട അനേകം ഇസക്കികള്‍ ഇന്നും ദൈവങ്ങളായി ജനങ്ങളുടെ ജീവിതവുമായി ഇടകലര്‍ന്നിട്ടുണ്ട്. ഈ രണ്ട് കഥകളിലും വരും ഇസക്കികള്‍ വ്യത്യസ്തരാണ്. ഇതേപോലുള്ള ഇസക്കികള്‍ ധാരാളമുണ്ട്. പലരെക്കുറിച്ച് കേട്ടിട്ടുമുണ്ട്, പല ക്ഷേത്രങ്ങള്‍ ദര്‍ശിച്ചിട്ടുമുണ്ട്.
പെരിയനാടാര്‍ വീട് എന്ന കഥയില്‍ തീവെട്ടിക്കൊള്ളക്കാരെയും മിന്‍മിനി പൂച്ചി കൊള്ളക്കാരെയും പരാമര്‍ശിക്കുന്നത് കാണാം. അവരെക്കുറിച്ച് നിങ്ങള്‍ എങ്ങനെ കണ്ടെത്തി?
തീവെട്ടിക്കൊള്ളക്കാര്‍ പണ്ടുമുതല്‍ ഉണ്ടായിരുന്നു, നമ്മുടെ മുന്‍തലമുറ വരെ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. പല കഥകളിലൂടെയും കേട്ടറിവിലൂടെയാണ് ഞാന്‍ അവരെ കുറിച്ച് അറിയുന്നത്. എന്നാല്‍ മിന്‍മിനി പൂച്ചി കൊള്ളക്കാര്‍ എന്റെ ഭാവന മാത്രമാണ്. വെളിച്ചമില്ലാത്ത മുറിയില്‍ മിന്നാമിനുങ്ങ് കടക്കുമ്പോള്‍ അത് കൂടുതല്‍ പ്രകാശമാനമാകും. ഒരേ മുറിയില്‍ ഇരുപതോ മുപ്പതോ മിന്നാമിനുങ്ങുകള്‍ എത്ര വെളിച്ചമുണ്ടാകും എന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. ഞാനത് കഥയില്‍ എഴുതി. പലരും അത് ഇഷ്ടപ്പെടുന്നു. പലരും അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അത് പൂര്‍ണമായും എന്റെ ഭാവനയായിരുന്നു.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ബേക്കറിയില്‍ ജോലി ചെയ്തിട്ടുണ്ടോ? ‘വെളിച്ചം’ എന്ന കഥയില്‍ ബേക്കറി ഗോഡൗണ്‍ കുറിച്ച് താങ്കള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു. അതെങ്ങനെ?
ശരിയാണ്, ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വെളിച്ചം എന്ന കഥയില്‍ തെളിഞ്ഞു വരുന്നത്. അതിലെ മുത്തശ്ശി എന്റെ അമ്മൂമ്മയാണ്. കുറച്ച് ഫിക്ഷനും എന്റെ സ്വന്തം അനുഭവവും കൊണ്ട് എഴുതിയ ഒരു കഥ. ഇപ്പോളും ആലോചിക്കുമ്പോള്‍ ബേക്കറിയുടെ മണം മൂക്കില്‍ ഉയരുന്നു. നാഗര്‍കോവിലിലെ ഒരു കോളേജിലും ഈ കഥ പാഠപുസ്തകത്തിലെ വിഷയമായിരുന്നു.
‘പാനി’ എന്ന കഥാപാത്രത്തെ പോലെ ആരെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നോ? നിങ്ങളുടെ കഥയില്‍ പറയുന്നതുപോലെ രാമേശ്വരത്തും കന്യാകുമാരിയിലും വടക്കുനിന്നുള്ളവര്‍ അവരുടെ പാപങ്ങളുടെ കൂടെ അവരുടെ വീട്ടിലെ മനോരോഗികളെയും ഇവിടെ കളയുന്നുണ്ടോ?
പാനി ഒരു യഥാര്‍ത്ഥ കഥാപാത്രമാണ്. എന്നാലും ഈ കഥയില്‍ കുറച്ച് ഫിക്ഷനും ഉണ്ട്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാനി എന്ന മാനസിക രോഗിയെ കണ്ടിട്ടുണ്ട്. അവന്‍ എല്ലാവരോടും പാനി എന്ന് ചോദിക്കും. അങ്ങനെ അവന്റെ പേരും പാനി എന്നായി മാറി.ഉത്തരേന്ത്യയിലെ മാനസിക രോഗികള്‍ എങ്ങനെയാണ് കന്യാകുമാരിയില്‍ എത്തുന്നത് എന്നതിനെക്കുറിച്ച് ഗവേഷണം ആവശ്യമാണ്.ഒരുപാട് ആളുകളെ ട്രെയിനില്‍ കൊണ്ടുവരുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കന്യാകുമാരിയില്‍ മാത്രമല്ല തമിഴ്നാട്ടില്‍ ഉടനീളം ഞാന്‍ ഒരുപാട് ഉത്തരേന്ത്യന്‍ മാനസിക രോഗികളെ കണ്ടിട്ടുണ്ട്.
കാണി വാത്തിയാരുടെ കഥയില്‍ വരുന്ന തച്ചമലയില്‍ പോയിട്ടുണ്ടോ? ആ കഥയിലെ വര്‍ണ്ണനകള്‍ വളരെ രസകരമായിരുന്നു. ഈ ചെറുകഥയുടെ ഉപയോഗിച്ച് ആ സ്ഥലത്തിലേക്ക് പോകാന്‍ കഴിയുമെന്ന് വരെ കരുതിപ്പോയി? ഇത് എങ്ങനെ സാധിക്കുന്നു?
കാണി വാത്തിയാരുടെ കഥ യഥാര്‍ത്ഥ സത്യമാണ്. അങ്ങനെയൊരു അധ്യാപകന്‍ ഉണ്ടായിരുന്നു. മുരളീധരന്‍. ആ കഥയില്‍ തികച്ചും യഥാര്‍ത്ഥ സംഭവങ്ങളെ കുറച്ച് ഫിക്ഷന്‍ കലര്‍ത്തിയാണ് ഞാന്‍ എഴുതിയത്.ഞാന്‍ സ്ഥലത്തിന്റെ പേരും മാറ്റി. അല്ലാത്തപക്ഷം സ്ഥല വിവരണങ്ങള്‍ ഞാന്‍ കണ്ട ദൃശ്യങ്ങളാണ്. ഞാന്‍ വിഗട്ടനില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരിക്കല്‍ എനിക്ക് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ കിട്ടി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അന്നുമുതല്‍ എന്റെ മനസ്സില്‍ ഓടിക്കൊണ്ടിരുന്നു. അതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ കഥയെഴുതി.
‘കടന്നു പോകും’ എന്ന അവസാന കഥ വായിച്ചപ്പോള്‍, എന്റെ കൈയിലും കാലിലും എന്തോ ഇഴയുന്നത് പോലെ ഉണ്ടായിരുന്നു. വായിക്കുമ്പോള്‍ അറിയാതെ കണ്ണുനീര്‍ വന്നു. ബഷീറിന്റെ ‘ബാല്യ കലാസാക്കി’ ക്ലൈമാക്സ് ഓര്‍മ്മിപ്പിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കഥ അവസാന കഥയായി വെക്കാന്‍ ആലോചിച്ച്?
ഒരു നല്ല കഥ വായിക്കുമ്പോള്‍ അത് മറ്റൊരു നല്ല കഥയെ ഓര്‍മ്മിപ്പിക്കുമെന്ന് ഒരു പറച്ചില്‍ ഉണ്ട്. അതാണ് നിനക്ക് സംഭവിച്ചത്. തിരുകാര്‍ത്തിയല്‍ പുസ്തകം മുഴുവനും കറക്ഷന്‍ ചെയ്യുന്നതിനിടയില്‍ ഈ കഥ വായിക്കുമ്പോള്‍ എന്നെ അറിയാതെ എന്റെ കണ്ണ് നനയാന്‍ തുടങ്ങി, കണ്ണുനീര്‍ കടലാസിലേക്ക് ഒലിച്ചിറങ്ങാന്‍ തുടങ്ങി. അതുവരെ ഒരു കഥയും എന്നെ കണ്ണീരിലാഴ്ത്തിയില്ല. അപ്പോഴാണ് ഈ കഥ അവസാന കഥയാക്കുന്നത് ശരിയെന്ന് തോന്നിയത്. അതും എന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ കഥയാണ്. മൊത്തത്തില്‍, എന്റെ ചെറിയ ഓര്‍മ്മകള്‍ എന്നെ ഈ കഥകള്‍ എഴുതാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും കൈ ചൊറിയുന്നു. എന്റെ എല്ലാ ഓര്‍മ്മകളും കടത്തുന്നതിനും മായ്ക്കാനുമാണ് ഞാന്‍ എഴുതുന്നത്.
യുവ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ എല്ലാ മാധ്യമങ്ങളും ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം എന്തായിരുന്നു?
ഈ അവാര്‍ഡ് ലഭിച്ചതില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു? എന്താണ് നിങ്ങളുടെ ഭാവി പദ്ധതി? യുവാക്കളോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? അതാണ് അവര്‍ ചോദിച്ചത്. അവാര്‍ഡ് പ്രഖ്യാപിച്ച നിമിഷം മുതല്‍ എനിക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. മൂന്ന് ദിവസത്തോളം രാവും പകലും ഫോണിലും മെയിലിലും ആശകള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ സന്തോഷത്തോടെ ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ഞാന്‍ സംസാരിച്ചു സംസാരിച്ച് വളരെ ക്ഷീണിതനായിരുന്നു.
ആരാണ് നിങ്ങളുടെ ഇഷ്ട എഴുത്തുകാരന്? നിങ്ങള്‍ മാസികയില്‍ ജോലി ചെയ്യുന്ന സമയത്ത് അവരെ അഭിമുഖം നടത്താനുള്ള സന്ദര്‍ഭം ലഭിച്ചിരുന്നോ?
എനിക്ക് പ്രിയപ്പെട്ട ഒരുപാട് എഴുത്തുകാരുണ്ട്. അവരില്‍ ചിലരെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. കൃത്യമായി പറയണമെങ്കില്‍ നാഞ്ചില്‍നാടന്‍, പൊന്നീലന്‍, കണ്‍മണി ഗുണശേഖരന്‍, അ. മാധവന്‍. പത്രപ്രവര്‍ത്തനം ഇല്ലാത്ത ഒരു സാഹിത്യ മാസികയ്ക്കുവേണ്ടി ഞാന്‍ കവി പത്മശ്രീ സിർപ്പി ബാലസുബ്രഹ്‌മണ്യത്തെ അഭിമുഖം ചെയ്തിട്ടുണ്ട്.മലയാള സാഹിത്യ ലോകത്തെ അറിയപ്പെടുന്ന വിവര്‍ത്തകനാണ്. 70 വര്‍ഷമായി തമിഴില്‍ എഴുതുന്നുണ്ട്.സച്ചിതാനന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, ലളിതാംപിക അന്തര്‍ജനം, കെ.ആര്‍. മീരയുടെയും പ്രഭാവര്‍മ്മയുടെയും കൃതികള്‍ അദ്ദേഹം മലയാളത്തില്‍ നിന്ന് തമിഴിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെയാണ് അവസാനമായി അഭിമുഖം നടത്തിയത്. മറ്റാരെയും അഭിമുഖം നടത്താന്‍ ഇപ്പോള്‍ പദ്ധതിയില്ല.
ഒരു സാഹിത്യകാരനായി ജീവിക്കുന്നതിലെ നല്ല വശം എന്താണ് ചീത്ത വശം എന്താണ്?
നല്ല വശം എന്താണെന്ന് വെച്ചാല്‍ അത് വായനക്കാരുടെ സ്‌നേഹമാണ്. പിന്നെ, ചെന്നൈയില്‍ നടക്കുന്ന പുസ്തകമേളയില്‍ എഴുത്തുകാര്‍ക്ക് സൗജന്യ പാസ് ലഭിക്കും.അതോടെ പത്തുദിവസം സൗജന്യമായി അകത്ത് കയറി ചുറ്റിക്കറങ്ങാം. ചീത്ത വശത്തെ കുറിച്ച് പറയുകയാണെങ്കില്‍ 10 പേജുകള്‍ ആവശ്യം വരും.ഞാന്‍ ഇതിനകം പറഞ്ഞതുപോലെ, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും വലിയ ബഹുമാനം കാണിക്കുന്നില്ല. എഴുതി നിങ്ങള്‍ എന്ത് സമ്പാദിക്കും? ഭക്ഷണത്തിന് വഴിയുണ്ടാകുമോ? പുസ്തകം എത്രത്തോളം വില്‍ക്കും? വില്‍പ്പനയില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിക്കുമോ? ഇതിനെയൊക്കെ കുറിച്ചാണ് ജനങ്ങള്‍ ആലോചിക്കുന്നത്. അതുകൊണ്ട് തമിഴില്‍ ഒരു എഴുത്തുകാരനായി ജീവിക്കുന്നത് വളരെ സങ്കടകരമായ ഒരു അവസ്ഥയാണ്.ഒരു എഴുത്തുകാരന് വിവാഹത്തിന് പെണ്ണ് കിട്ടില്ല. സാഹിത്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കാനോ, ജയിക്കാനോ കഴിയില്ലെന്ന ഉറച്ച വിശ്വാസം തമിഴ്‌നാട്ടിലുണ്ട്.പുസ്തകം തന്നെ സൗജന്യമായി നല്‍കണമെന്നാണ് പലരും കരുതുന്നത്. ഞങ്ങള്‍ വായിക്കുന്നു എന്ന മഹത്വം മാത്രം എഴുത്തുകാരന് മതിയെന്ന് പല വായനക്കാരും കരുതുന്നു. പണത്തിന് എഴുത്തുകാരെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയുമോ എന്ന് വലിയ വ്യക്തികള്‍ ചിന്തിക്കുന്നു. ഇത്തരം കുറെ നാശനഷ്ടമുണ്ട്. തമിഴ്നാട് ഗവണ്‍മെന്റ് ഇപ്പോള്‍ വളരെ പ്രശസ്തരായ അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. വീട് നല്‍കുന്നു. പക്ഷേ എല്ലാവര്‍ക്കും അത് ലഭിക്കില്ല. ഇനി വരുന്ന കാലഘട്ടത്തില്‍ എങ്കിലും എഴുത്തുകാരനോടുള്ള ബഹുമാനം കിട്ടുമെന്ന് ഞാന്‍ കരുതുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം ലഭിച്ച താങ്കളുടെ തിരുകാര്‍ത്തിയല്‍ പുസ്തകം മലയാളത്തില്‍ വരാന്‍ സാധ്യതയുണ്ടോ?
മലയാളത്തില്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് കരുതുന്നു. ഡിസി ബുക്‌സ് വഴി പ്രസിദ്ധീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ദേശാഭിമാനി മാസികയില്‍ തിരുകാര്‍ത്തിയല്‍ പുസ്തകത്തില്‍ നിന്ന് കടന്നു പോകും എന്ന കഥ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് വായിച്ച മലയാളത്തിലെ ഒട്ടുമിക്ക വായനക്കാരും കഥയെ കുറിച്ചുള്ള നിരൂപണങ്ങളും അയച്ചിട്ടുണ്ട്. സത്യത്തില്‍, വളരെ സന്തോഷം തോന്നി.മ ാധ്യമം ആഴ്ചപ്പതിപ്പില്‍ എന്റെ തിരുകാര്‍ത്തിയാല്‍ കഥ പ്രസിദ്ധീകരിക്കാന്‍ പോകുന്നു. എന്റെ എല്ലാ പുസ്തകങ്ങളും ഉടന്‍ മലയാളത്തില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
വളരെ ചെറിയ തോതില്‍ മാത്രമാണ് തമിഴ് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുന്നത്. ഇത് മാറാന്‍ സാധ്യതയുണ്ടോ? എന്താണ് താങ്കളുടെ അഭിപ്രായം?
മലയാളം പഠിച്ച പലരും ഇവിടെ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുന്നുണ്ട്. എന്നാല്‍ സമാന ചിന്താഗതിയുള്ളവര്‍ കേരളത്തില്‍ കൂടണം. തമിഴ് പഠിച്ചവര്‍ ഈ ദൗത്യം ചെയ്യണം. ഇപ്പോള്‍ കുറച്ച് ആളുകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇത് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, രണ്ട് ഭാഷകള്‍ തമ്മിലുള്ള സാഹിത്യ പാലം കൂടുതല്‍ മെച്ചപ്പെടുമെന്ന് ഞാന്‍ കരുതുന്നു.എസ് രാമകൃഷ്ണന്‍, പെരുമാള്‍ മുരുകന്‍ തുടങ്ങി നിരവധി പേര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. പക്ഷേ മലയാളത്തിലെ താഗി, ബഷീര്‍, കമലാദാസ്, സച്ചിദാനന്ദന്‍ തുടങ്ങിയ എഴുത്തുകാര്‍ തമിഴിലേക്ക് വന്നത് ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.ആ കാലഘട്ടത്തില്‍ തമിഴില്‍ എഴുതിയിരുന്ന പലരും മലയാളത്തിലേക്ക് പോയിട്ടുണ്ടോ? അവര്‍ അവിടെ അറിയപ്പെടുന്നുണ്ടോ? എന്ന് എനിക്ക് ഒരു വലിയ സംശയമുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല