പെൺകുട്ടികൾ മാത്രമുള്ള വനിതാദിന പരിപാടി വേണ്ടെന്ന് യൂണിയൻ വൈസ് ചെയർപേഴ്‌സൺ
ചങ്ങനാശ്ശേരി: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ കലാലയങ്ങളിൽ പ്രത്യേകം പരിപാടികൾ നടക്കാറുണ്ട്. സ്ത്രീ ശാക്തീകരണത്തെ കുറിച്ചും പെൺ മുന്നേറ്റങ്ങളെ കുറിച്ചും പ്രഭാഷണങ്ങൾ നടക്കാറുണ്ട്. പക്ഷെ, ഇതൊക്കെ പെൺകുട്ടികൾ മാത്രം കേട്ടാൽ മതിയോ? പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീശാക്തീകരണം നടക്കേണ്ടത് പുരുഷ സമൂഹത്തിലല്ലേ? വളരെ പ്രസക്തമായ ഈ ചോദ്യം കോളേജ് അധികാരികൾക്ക് മുന്നിൽ വെച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി എൻ. എസ്. എസ് ഹിന്ദു കോളേജിലെ വിദ്യാർത്ഥി യൂണിയൻ.
യൂണിയന് വേണ്ടി വൈസ് ചെയർപേഴ്‌സൺ ക്രിസ്റ്റീന ഫ്രാൻസിസ് കോളേജ് പ്രിൻസിപ്പൾക്ക് നൽകിയ കത്തിനാണ് സോഷ്യൽ മീഡിയയിൽ കയ്യടി കിട്ടിയത്.
വനിതാദിന പരിപാടിയിൽ കോളേജിലെ ആൺകുട്ടികളെ മുഴുവൻ പങ്കെടുപ്പിക്കണമെന്നാണ് യൂണിയന്റെ അഭിപ്രായം. ക്യാമ്പസിലെ ആൺകുട്ടികളെ പങ്കെടുപ്പിക്കാതെയുള്ള പതിവ് രീതിയാണെങ്കിൽ, യൂണിയൻ അതിൽ നിന്നും വിട്ടു നിൽക്കുമെന്നും കത്തിലുണ്ടായിരുന്നു.
കോളേജ് യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്ന് നടക്കുന്ന വനിതാദിന പരിപാടികളിൽ ലിംഗഭേദമന്യേ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട് എന്നാണ് കോളേജിൽ നിന്നും ലഭിച്ച വിവരം. അഭിനന്ദനങ്ങൾ.