പുസ്തക പരിചയം
ഇന്ത്യ 350 സി സി : ഷെരീഫ് ചുങ്കത്തറ
ഒരു അത്ഭുത സഞ്ചാരി കഥ പറയുമ്പോൾ
| അബ്ദുല്‍ റഷീദ്
“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്.” എന്നെഴുതിയത് ഇന്ത്യൻ സാഹിത്യപ്രതിഭയായ അനിത ദേശായിയാണ്. അപരിചിതദേശങ്ങളിലേക്ക് മുൻനിശ്ചയങ്ങൾ ഇല്ലാതെ സഞ്ചരിക്കുന്നതുപോലെ ത്രസിപ്പിക്കുന്ന മറ്റൊന്നുമില്ല മനുഷ്യജീവിതത്തിൽ.
ചരിത്രത്തിൽ, അങ്ങനെ അറിയാത്ത ദേശങ്ങളുടെ കഥ തേടി പുറപ്പെട്ടുപോയവരാണ് ഭൂമിയിലെ പല കോണുകളും ദ്വീപുകളും കണ്ടെത്തിയത്. പല ദേശങ്ങളെയും തിരിച്ചറിഞ്ഞു അടയാളപ്പെടുത്തിയത്.
കണ്ടെത്തിയ ഇടങ്ങൾ കാൽക്കീഴിലാക്കിയവരും പലപ്പോഴുമുണ്ടായി എന്നതും മറക്കുന്നില്ല. ചരിത്രത്തിൽ മനുഷ്യന്റെ യാത്രകൾക്ക് ലക്ഷ്യങ്ങൾ പലതായിരുന്നു. ചിലർ കച്ചവടത്തിന്, ചിലർ ദേശങ്ങൾ വെട്ടിപ്പിടിക്കാനും കീഴടക്കാനും, മറ്റു ചിലർ മതപ്രചാരണത്തിന്… പക്ഷെ ഇതിനെല്ലാമിടയിലും ഒന്നിനും വേണ്ടിയല്ലാതെ സഞ്ചരിക്കുന്നവരും എന്നുമുണ്ടായിരുന്നു. അറിയാത്ത ജീവിതങ്ങൾ അറിയാനായി മാത്രം പുറപ്പെട്ടുപോയവർ. അവരുടെ വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കൊടിയ പീഡകൾ, രോഗങ്ങൾ, പട്ടിണി, പ്രകൃതി ദുരന്തങ്ങൾ എല്ലാം അവരെ വേട്ടയാടി. ചിലർക്ക് ജീവൻതന്നെ നഷ്ടമായി. എന്നിട്ടും എക്കാലവും മനുഷ്യർ സഞ്ചരിച്ചുകൊണ്ടേയിരുന്നു, കരകൾ താണ്ടിയും കടൽ കടന്നും..
എല്ലാം ത്യജിച്ച സർവസംഗ പരിത്യാഗികളായ സന്യാസിമാർപോലും സഞ്ചാരത്തിന്റെ ആനന്ദങ്ങളെയും അറിവുകളെയും നിരസിച്ചിട്ടില്ല. ബുദ്ധസന്യാസിയായ ഹുയാൻസാങ് മുതൽ ഭാരതത്തിന്റെ ഋഷിവര്യനായ സ്വാമി വിവേകാനന്ദൻവരെ എല്ലാവരും യാത്രകളിലൂടെ ജ്ഞാനത്തെ തേടി. ബുദ്ധനും ശങ്കരനും ബോധത്തേയും ജ്ഞാനത്തേയും തൊട്ടത് സഞ്ചാരങ്ങളുടെ മധ്യത്തിലായിരുന്നു.
“സഞ്ചാരം ആദ്യം നിങ്ങളെ മൗനിയാക്കും, പിന്നെ മെല്ലെയൊരു കഥപറച്ചിലുകാരനുമാക്കും” എന്ന് ആറു നൂറ്റാണ്ടു മുൻപേ ഇബ്നു ബത്തൂത്ത പറഞ്ഞു. ജീവിതത്തിന്റെ യൗവനകാലം മുഴുവൻ ലോകമാകെ അലഞ്ഞു തിരിഞ്ഞതിന്റെ അനുഭവസമ്പന്നതയാണ് ആ മഹാനായ മൊറോക്കൻ സഞ്ചാരിയെക്കൊണ്ട് അത് പറയിച്ചത്. ആറു നൂറ്റാണ്ടു മുൻപുള്ള ലോകത്തെ പഠിയ്ക്കാൻ നമ്മൾ ഇന്നും നിവർത്തി നോക്കുന്നത് ഇബ്നു ബത്തൂത്തയുടെ കുറിപ്പുകളാണ്.
ഈ പറഞ്ഞതെല്ലാം ചരിത്രം. ആകാശവും കടലും കരയും മനുഷ്യന് കീഴടങ്ങിയ യുഗമാണിത്. ഏതു യാത്രയും വളരെ എളുപ്പമായൊരു കാലം. പാക്കേജ്ഡ് ടൂറുകളുടെ ഈ കാലത്ത് ഏതു ദേശവും നമ്മുടെ തൊട്ടരികിൽ ആയിരിക്കുന്നു. ഒരു മൊബെയിൽ ബട്ടണിൽ അമർത്തി നമുക്ക് ഏതു സഞ്ചാരവും ഉറപ്പിക്കാം. എല്ലാ നാടുകളും ഇന്ന് ജിപി എസ് തുമ്പിലുണ്ട്. അവയുടെ ചരിത്രവും ചിത്രവും ഗൂഗിളിലുമുണ്ട്. അതുകൊണ്ടൊക്കെ സഞ്ചാരസാഹിത്യവും ഇന്ന് ഏറെ എളുപ്പമായിരിക്കുന്നു.
പക്ഷെ നമ്മുടെ അത്തരം പതിവു ‘ടൂറുകളുടെ’ ചിട്ടവട്ടങ്ങളിൽ ഒന്നും ഒതുങ്ങാതെ പുറപ്പെട്ടു പോകുന്നവർ ഇപ്പോഴുമുണ്ട്. നമുക്കിടയിലെ നമ്മെപ്പോലെയല്ലാത്ത യഥാർത്ഥ സാഹസിക സഞ്ചാരികൾ. അറിയപ്പെടാത്ത ദേശങ്ങളുടെ ആത്മാവ് തേടി അലയുന്നവർ.
ഷെരീഫ് ചുങ്കത്തറയെ വ്യക്തിപരമായി അറിയുന്ന എല്ലാവർക്കും അറിയാം, ഭാരതമെന്ന മഹാരാജ്യത്തിന്റെ ഊടുവഴികളിലൂടെ അയാൾ എത്രയോ അലഞ്ഞിട്ടുണ്ടെന്ന്, ഒന്നിനുവേണ്ടിയുമല്ലാതെ.
“ഒരിടത്തും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ അസ്വസ്ഥമാവുന്നതിന്‍റെ കാരണം മാത്രം എനിക്കിനിയും മനസിലായിട്ടില്ല. ഒരു പക്ഷേ പുതിയ കാഴ്ചകള്‍, പുതിയ മനുഷ്യര്‍, അനുഭവങ്ങള്‍ ഒക്കെ തേടുന്ന മനസ്സുള്ളതുകൊണ്ടാവാം “ എന്ന് ഷെരീഫ് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അജ്ഞാതമായ ഏതോ പ്രചോദനത്താൽ അയാൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
അത്തരമൊരു സഞ്ചാരത്തിന്റെ ബാക്കി പത്രമാണ് ഇന്ത്യ 350 സി സി എന്ന ഈ പുസ്തകം. ഉള്ള നല്ലൊരു ജോലി രാജിവെച്ച ശേഷം കുറഞ്ഞ ശമ്പളമുള്ള മറ്റൊരു ജോലിയിൽ കയറുന്നതിനു മുൻപുള്ള രണ്ടു മാസത്തെ ഇടവേളയിൽ, ഒരു ബുള്ളറ്റിൽ ഇന്ത്യയുടെ ഞരമ്പുകളിലൂടെ ഷെരീഫ് നടത്തിയ യാത്രയുടെ കുറിപ്പുകളാണ് ഇത്.
ഈ യാത്രയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ എന്തൊക്കെയാണ് നാം അറിയുന്നത്? എത്രയെത്ര നാടുകൾ, ഭാഷകൾ, ഗോത്രങ്ങൾ, വിശ്വാസങ്ങൾ, വേഷങ്ങൾ, സംസ്കാരങ്ങൾ, രുചികൾ… ഒരു സാധാരണ ഉല്ലാസയാത്രയുടെ പട്ടികകളിലൊന്നും ഒരിക്കലും വരാത്ത എത്രയോ കാഴ്ചകൾ. എല്ലാം ഷെരീഫിനൊപ്പം അയാളുടെ ആ 350 സി സി ബുള്ളറ്റിന്റെ പിന്നിലിരുന്നു നമ്മൾ കാണുന്നു. നമ്മൾ ഇന്നോളം കാണാത്ത ഒരിന്ത്യയെ നമ്മൾ അടുത്ത് കാണുകയാണ്, ആവശ്യമുള്ളപ്പോൾ മാത്രമേ ഷെരീഫ് സംസാരിക്കുന്നുള്ളൂ. ജീവിതക്കാഴ്ചകളാണ് അധികവും. കണ്ടുമുട്ടുന്ന മനുഷ്യരാണ് ഏറെയും സംസാരിക്കുന്നത്. എഴുത്തുകാരൻ നമ്മളെ കൂട്ടിക്കൊണ്ടു പോവുക മാത്രം ചെയുന്നു. അതുതന്നെയാണ് ഈ പുസ്തകത്തെ അപൂർവമായൊരു വായനാനുഭവം ആക്കുന്നതും.
യാതൊരു മുൻ നിശ്ചയങ്ങളും ഇല്ലാതെ തോന്നിയ വഴികളിലൂടെ നടത്തിയ ഈ യാത്രാനുഭവം വായിച്ചു പൂർത്തിയാകുമ്പോൾ നാം തിരിച്ചറിയുന്നു, നമ്മുടെ ഇന്ത്യ നമ്മൾ കരുത്തുന്നതിലും വളരെ വലുതാണ്, വിചിത്രവും..! എല്ലാ വ്യത്യസ്തതകൾക്കും ഇടയിലു
എല്ലായിടത്തും കഥ ഒന്നുതന്നെയാണ്.
മനുഷ്യൻ ജനിക്കുന്നു, ജീവിതത്തിന്റെ വഴുക്കൽനിലങ്ങളിൽ പലവട്ടം വീണും പിടിച്ചുകയറിയും എങ്ങനെയൊക്കെയോ വളരുന്നു, പ്രണയിക്കുന്നു, ഒന്നിക്കുന്നു, ഇണചേരുന്നു, പ്രസവിക്കുന്നു, മക്കളെ വളർത്തുന്നു…
ആ ചക്രം അങ്ങനെ അനുസ്യൂതം തുടരുന്നു. ഇതിനെല്ലാമിടയിൽ ഏതൊക്കെയോ നിസ്സഹായതയുടെ തുരുത്തുകളിലേയ്ക്കു ജീവിതം അവനെയും അവളെയും വലിച്ചെറിയുന്നു. ജനിച്ചുപോയതുകൊണ്ടു മാത്രം ജീവിക്കേണ്ടിവരുന്ന വെറും നിസ്സാരതയാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരന്റെയും ജീവിതം. അതിന്റെ ഫലമാണ് അവൻ ചെയ്യുന്ന ചൂഷണങ്ങൾപോലും. വളരെ സേഫ് ആയ അടച്ചുറപ്പുള്ള മുറികളിലിരുന്ന് നമ്മൾ പറയുകയും കാണുകയും അറിയുകയും ചെയ്യുന്നതിനെല്ലാം അപ്പുറമാണ് നമ്മുടെ ഇന്ത്യ.
ഷെരീഫിനൊപ്പം ഈ യാത്രയിൽ ഒപ്പം പോകുന്ന നമ്മൾ പലതും കാണുന്നു. ദോഷം മാറാൻ മരത്തെ വിവാഹം കഴിയ്ക്കുന്ന ഇന്ത്യൻ പെൺകുട്ടിയെ കാണുന്നു, ഇപ്പോഴും ദേവദാസിമാരായി കഴിയുന്ന പെണ്ണുങ്ങളെ കാണുന്നു, മുന്നൂറ്റിയമ്പതു രൂപ നൂറ്റമ്പതായി കുറച്ചിട്ടും വീണ്ടും വിലപേശിയവനെ പൊതിരെ തല്ലുന്ന ലൈംഗികത്തൊഴിലാളിയെ കാണുന്നു, ദുർമന്ത്രവാദികളെ കാണുന്നു, ഫോട്ടോയെടുത്തതിന് പണം ആവശ്യപ്പെട്ടു തടഞ്ഞുവെയ്ക്കുന്ന വേഷംകെട്ടുകാരനെ കാണുന്നു, ഭാഷയൊന്നും കാര്യമാക്കാതെ കലപില സംസാരിക്കുകയും അന്നം നൽകുകയും ചെയ്യുന്ന ഏതോ ഗോത്രവർഗ വൃദ്ധയെ കാണുന്നു, ഒരു പ്രത്യുപകാരവും കിട്ടാൻ ഇല്ലാതിരുന്നിട്ടും സഹായിക്കാൻ തയാറാവുന്നവരെ കാണുന്നു, പിമ്പുകളെ കാണുന്നു, ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന് അറിയാത്ത ഇന്ത്യക്കാരെ കാണുന്നു, തോട്ടികളെ കാണുന്നു, കള്ളസന്യാസിമാരെ കാണുന്നു, ഉറഞ്ഞുപോകുന്ന തണുപ്പിലും ഗംഗയിൽ മുങ്ങിനിവരുന്ന യഥാർത്ഥ യോഗികളെയും കാണുന്നു. അങ്ങനെ ഇന്ത്യൻ ജീവിതത്തിന്റെ എല്ലാ കറുപ്പും വെളുപ്പും നമ്മൾ കാണുന്നു.
അങ്ങേയറ്റം സത്യസന്ധതയോടെയാണ് ഷെരീഫ് അനുഭവങ്ങൾ ഓരോന്നും പറയുന്നത്. ഒന്നും മറച്ചുവെക്കുന്നില്ല. ഖരഗ്പൂരിലേക്കുള്ള വഴിയിൽ ബോണ്ട സ്ത്രീകളിൽനിന്നു അയാൾക്ക് കിട്ടിയ തല്ലിന്റെ തിണർത്ത പാടുകൾ പോലും വായനക്കാരൻ കാണുന്നു. തേടിച്ചെന്ന ലഹരികളും തിരസ്കരിച്ച പ്രലോഭനങ്ങളും ഇണചേരാൻ കൊതിതോന്നിയ കൂട്ടും രുചിച്ച ഭാംഗും എല്ലാം ഷെരീഫ് തുറന്നുപറയുന്നു. അങ്ങനെ മലയാളത്തിലെ ഏറ്റവും സത്യസന്ധമായ ഒരു യാത്രാനുഭവം കൂടിയാകുന്നു ഇന്ത്യ 350 സി സി. ഈ പുസ്തകത്തിൽ ഒരു വരിയിൽപ്പോലും എഴുത്തുകാരൻ വായനക്കാരന് മുകളിലോ താഴെയോ അല്ല, ഒരു പച്ച മനുഷ്യനായി നമുക്കൊപ്പമാണ് ഷെരീഫ് സഞ്ചരിക്കുന്നത്.
ചെന്നെത്തിയ നാടുകളുടെ ചരിത്രവും രാഷ്ട്രീയവുമൊക്കെ ഷെരീഫ് അവിടവിടെ പറയുന്നുണ്ട്. പക്ഷെ കണ്ടുമുട്ടിയ ജീവിതങ്ങൾക്ക് തന്നെയാണ് പ്രാധാന്യം. ജീവിതത്തിന്റെ വൈചിത്ര്യങ്ങളും വൈവിധ്യങ്ങളുംതന്നെയാണ് ഈ യാത്രയിലുടനീളം നമ്മെ ആകർഷിക്കുന്നത്, വേട്ടയാടുന്നതും.
മലയാളത്തിലെ അനവധി സമകാലിക സഞ്ചാര സാഹിത്യ പുസ്തകങ്ങൾക്കിടയിലും ഷെരീഫിന്റെ ഈ പുസ്തകം തലയെടുപ്പോടെ വേറിട്ടുനിൽക്കുന്നു. മലയാളത്തിലെ ആദ്യ ബുള്ളറ്റ് യാത്രാവിവരണം ആയതുകൊണ്ടു മാത്രമല്ല അത്, എഴുത്തിന്റെ അസാധാരണമായ സത്യസന്ധതകൊണ്ടും അനുഭവസാമ്പന്നതകൊണ്ടും കൂടിയാണ്.
ഒരു സാധാരണ അവതാരികയുടെ ഭംഗിവാക്കുകളൊന്നും ഇല്ലാതെ ഈ പച്ചയായ പുസ്തകത്തെ സഞ്ചാരപ്രിയരായ മലയാളി വായനക്കാർക്കു മുന്നിൽ വെയ്ക്കുന്നു. എത്രയോ യാത്ര ചെയ്തിട്ടുള്ള, യാത്രയെഴുത്തുകൾ വായിച്ചിട്ടുള്ള മലയാളി ഈ വേറിട്ട പുസ്തകത്തിന്റെ അസാധാരണമായ സത്യസന്ധതയെയും സമ്പന്നതയേയും തിരിച്ചറിഞ്ഞു അംഗീകരിയ്ക്കുമെന്നു എനിയ്ക്കു ഉറപ്പുണ്ട്. കാരണം ജീവിതം പച്ചപിടിപ്പിക്കാനായി ലോകത്തിന്റെ ഏതേതെല്ലാമോ കോണുകളിലേയ്ക്കു എത്രയോ കാലം മുൻപ് സഞ്ചരിച്ചവരാണ് മലയാളികൾ. മലയാളിയെപ്പോലെ യഥാർത്ഥ യാത്രയെ തിരിച്ചറിയാൻ ആർക്കാണ് കഴിയുക?
ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരൻ എന്ന നിലയിൽ ഒന്ന് മാത്രം കുറിയ്ക്കട്ടെ, ഇത്രമേൽ പച്ചയായ ഇന്ത്യയെ മറ്റൊരു മലയാള യാത്രയെഴുത്തിലും ഞാൻ വായിച്ചിട്ടില്ല. ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും അത് തിരിച്ചറിയും.
|ഇന്ത്യ 350 സി സി| ഷെരീഫ് ഷെരീഫ് ചുങ്കത്തറ| Pendulum Books|
| പേജ് 400| ₹ 399|
കോപ്പികള്‍ക്ക് 9746957787
കടപ്പാട് : നജീബ് മൂടാടി യുടെ ഫേസ്ബുക്ക് പോസ്റ്റ്