ശാസ്ത്ര വിഷയങ്ങളിൽ ഉന്നത നിലവാരമുള്ള ഗവേഷണം, പരിശീലനം എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറിന്റെ മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രാലയം സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ച് അഥവാ ഐസർ (IISER). ബെർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നിവിടങ്ങളിലായി ഏഴ് ഐസറുകളാണ് രാജ്യത്തുള്ളത്. എല്ലാ ഐസറുകളിലേക്കും പൊതു അപേക്ഷയിലൂടെയാണ് പ്രവേശനം.
ബി.എസ്- എം.എസ് പ്രോഗ്രാം
പന്ത്രണ്ടാം ക്ലാസ് വിജയിച്ച മിടുക്കരായ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ളതാണ് അഞ്ച് വർഷ ബി.എസ്, എം.എസ് ബിരുദ കോഴ്സ്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിംഗ് സയൻസ് എന്നിവയിലായി ആകെ 1300 സീറ്റുകളാണ് ബി.എസ്- എം.എസ് കോഴ്സുകൾക്കുള്ളത്. ഇതിൽ എൻജിനിയറിംഗ് സയൻസ് പ്രോഗ്രാം ഈ വർഷം ആരംഭിച്ചതാണ്. ഇതിനു പുറമെ ഭോപ്പാൽ ഐസറിൽ എക്കണോമിക്സ് സയൻസിൽ നാലുവർഷത്തെ ബി.എസ് ഡിഗ്രി കോഴ്സും ഈ വർഷം ആരംഭിച്ചിട്ടുണ്ട്.
പ്രവേശനം
കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KYPY), ഐ.ഐ.ടി ജെ.ഇ.ഇ അഡ്വാൻസ്ഡ്, 10,12 ക്ലാസുകളിലെ മാർക്കുകൾ അടിസ്ഥാനമാക്കിയുള്ള (SCB) പ്രവേശനം, എന്നിങ്ങനെ മൂന്ന് ചാനലുകളിലൂടെയാണ് ഐസറുകളിൽ പ്രവേശനം നേടാനാവുക.
KYPY ഫെല്ലോഷിപ്പുകൾ ലഭിച്ചവർക്ക് കെ.വി.പി.വൈ ചാനൽ വഴി അപേക്ഷിക്കാം. ഈ ചാനൽ വഴി അപേക്ഷിക്കുന്നവർ ജൂൺ 8 ഉച്ചക്ക് 12 മണിക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2018 റാങ്ക് ലിസ്റ്റിൽ 10000 റാങ്കിനുള്ളിൽ ഇടം പിടിച്ചവർക്ക് ജെ.ഇ.ഇ ചാനൽ വഴിയും അപേക്ഷിക്കാം. ഒ.ബി.സി, എസ്.സി, എസ്.ടി, പി.ഡി വിഭാഗങ്ങൾ അതത് കാറ്റഗറി റാങ്ക് ലിസ്റ്റിൽ 10000 റാങ്കിനുള്ളിൽ ഇടം പിടിക്കണം. ഈ ചാനൽ വഴി ജൂൺ 11 മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം.
പ്ലസ് റ്റു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്കുള്ളതാണ് മൂന്നാമത്തെ ചാനൽ. കേരള സിലബസിലാണെങ്കിൽ 93.1 ശതമാനവും, സി.ബി.എസ്.സി സിലബസിൽ 88.3 ശതമാനവും, ഐ.സി.എസ്.ഇ സിലബസിൽ 93.3 ശതമാനവും മാർക്ക് നേടിയവരാവണം. 2017 ലോ 2018 ലോ പ്ലസ് റ്റു സയൻസ് സ്ട്രീമിൽ വിജയിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത. ഒ.ബി.സി, ഭിന്ന ശേഷി വിഭാഗങ്ങൾക്ക് കട്ട് ഓഫ് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. എസ്.സി, എസ്.ടി, കാശ്മീരി മൈഗ്രന്റ് തുടങ്ങിയ വിഭാഗങ്ങളിലെ അപേക്ഷകർക്ക് 55% മാർക്കുകൾ മതിയാവും. ഈ ചാനലിലൂടെ അപേക്ഷിക്കുന്നവർ IISER ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എഴുതണം. ഈ ചാനൽ വഴി മേയ് 24 മുതൽ ജൂൺ 12 വരെ അപേക്ഷിക്കാം. ജൂൺ 24 ന് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടക്കും.
ആകെ സീറ്റുകളിൽ പരമാവധി 50% വരെ സീറ്റുകൾ കെ.വൈ.പി.വൈ, ജെ.ഇ.ഇ ചാനൽ വഴിയും ബാക്കി സീറ്റുകൾ എസ്.സി.ബി. ചാനൽ വഴിയുമാണ് പ്രവേശനം നടത്തുക. ഒന്നിൽ കൂടുതൽ ചാനലുകളിൽ അപേക്ഷിക്കാൻ അർഹതയുള്ളവർ ഓരോ ചാനലുകൾക്കും പ്രത്യേകം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും അപേക്ഷ ഫീസ് നൽകുകയും ചെയ്യണം. ജനറൽ വിഭാഗത്തിന് 2000 രൂപയും ഭിന്നശേഷി വിഭാഗങ്ങൾ, എസ്.സി,എസ്.ടി വിഭാഗം, കാശ്മീർ മൈഗ്രന്റ് എന്നിവർക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്.
സ്കോളർഷിപ്പുകൾ
കെ.വി.പി.വൈ പ്രകാരം പ്രവേശനം നേടുന്നവർക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ പ്രതിമാസം 5000 രൂപയും അടുത്ത രണ്ട് വർഷങ്ങളിൽ പ്രതിമാസം 7000 രൂപയും സ്റ്റൈപന്റ് ലഭിക്കും. മറ്റ് ചാനൽ വഴി പ്രവേശനം നേടുന്നവർക്ക് ഇൻസ്പൈർ സ്കീം മാനദണ്ഢ പ്രകാരമുള്ള ഫെല്ലോഷിപ്പുകൾ ലഭ്യമാവും.
കൂടുതൽ വിവരങ്ങൾക്ക് www.iiseradmission.in സന്ദർശിക്കാം