ഇടവഴിയിലെ കാൽപ്പാടുകൾ
സുബൈർ സിന്ദഗി
പാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അബ്ദുള്ള എന്ന സർവ്വ സമ്മതനായ ആ മനുഷ്യനെ ഓർക്കാത്തവരായി പാവിട്ടപ്പുറത്ത് ആരും ഉണ്ടാവില്ല.
45 വർഷക്കാലം ഒരു പള്ളിയും അതിന്റെ പരിപാലനവും ഒക്കെയായി ചുറ്റി പറ്റി ജീവിതം നയിച്ച, ശരീരം കൊണ്ട് ചെറുതും കർമ്മം കൊണ്ട് ഏറ്റവും വലിയ മനുഷ്യൻ. ഹൃദയ വിശാലത എന്നത് ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച ചിരിച്ചു കൊണ്ട് മാത്രം കാണുന്ന വലിയൊരു മനുഷ്യൻ. വിയറ്റ്നാം കോളനി എന്ന സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട് കൊട്ട് മുക്രി. പള്ളിയും ബാങ്ക് വിളിയും അതിന്റെ പരിസരവും മാത്രമായി കഴിഞ്ഞ ഒരു മനുഷ്യൻ. ഇദ്ദേഹം ആ കഥാപാത്രവുമായി സാമ്യം ഇല്ല എങ്കിലും എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ഒന്ന് കൂടെ വ്യക്തത വരാൻ വേണ്ടി മാത്രം സൂചിപ്പിച്ചു എന്ന് മാത്രം.
ജുബ്ബ രീതിയിലുള്ള വെളുത്ത ഷർട്ടും, വെള്ളതുണിയും, തലയിൽ വെളുത്ത തുണി കൊണ്ട് തന്നെ തലേക്കെട്ടും, അതിനേക്കാളൊക്കെ മനോഹരമായി തനി നാടൻ മനുഷ്യനെ അടയാളപ്പെടുത്തുന്ന മുറുക്കി ചുവപ്പിച്ച ചുണ്ടിലെ നിഷ്കളങ്കമായ സ്നേഹ സമ്പന്നമായ പുഞ്ചിരി ഏതൊരാളെയും ആകർഷിക്കുന്ന നന്മയുടെ നല്ലൊരു അടയാളം തന്നെയായിരുന്നു.
നല്ലൊരു നാടൻ പണിക്കാരൻ കൂടി ആയിരുന്നു. ഇത് ഇങ്ങനെതന്നെ പറയണം എന്നുള്ളത് കൊണ്ടാണ് നാടൻ പണിക്കാരൻ എന്ന് പറഞ്ഞത്. കാരണം കേരളത്തിലേ ഗ്രാമീണ മേഖലകളിൽ പോലും മലയാളി തൊഴിലാളി സാന്നിധ്യം തീരെ കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് അപൂർവ്വം ചിലർ മാത്രമാണ് നാടൻ പണികൾ ചെയ്യുന്നത്. ഇത് നമ്മുടെ നാടിന്റെ നല്ലൊരു പുരോഗതി കൂടിയാണ് നമുക്ക് കാണിച്ചു തരുന്നതും.
അബ്ദുള്ളക്ക കന്നു പൂട്ടാനും, വയലിലെ ജോലികളും – തനി നാടൻ ശൈലിയിൽ പറയാം പാടത്തും പറമ്പിലുമൊക്കെയായി ജീവിതം കഴിച്ചു കൂട്ടിയിരുന്ന, പ്രകൃതിയോടും മനുഷ്യരോടും ചേർന്നു നിന്ന് ജീവിച്ച മനുഷ്യൻ. ഒപ്പം ഒരു കുറവും വരാതെ പള്ളിയിൽ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി അദ്ദേഹം ചെയ്തിരുന്നു.
2020 ഫെബ്രുവരി 14 ന് അദ്ദേഹം മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരത്തിനു തൊട്ടു മുൻപായി പള്ളിയിലെ ആരാധ്യനായ ഇമാം കരഞ്ഞു കൊണ്ട് സംസാരിച്ച കൂട്ടത്തിൽ ആശ്ചര്യപെടുത്തുന്ന ഒരു കാര്യം കൂടെ പറഞ്ഞു. അദ്ദേഹം വർഷങ്ങളായി പാവിട്ടപ്പുറം ജുമാ മസ്ജിദിലെ ഒട്ടേറെ പണ്ഡിതന്മാർക്ക് സ്ഥിരമായി വീടുകളിൽ നിന്നും ഭക്ഷണം എത്തിച്ചിരുന്ന ജോലി കൂടെ ചെയ്തിരുന്നു. ചില സന്ദർഭങ്ങളിൽ ചില വീടുകളിൽ കിട്ടാത്ത സാഹചര്യം വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം പലപ്പോഴും ഉസ്താദുമാർക്ക് കൊണ്ട് കൊടുക്കാറുണ്ട്. ഇത്തരം കാര്യങ്ങൾ ഒരിക്കൽ പോലും കമ്മിറ്റി ഭാരവാഹികളോടോ ഉസ്താദ് മാരോടോ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. പലരും പേരും പ്രശസ്തിയും നേടാൻ പബ്ലിസിറ്റിക്ക് വേണ്ടി മത്സരം നടത്തുമ്പോൾ അബ്ദുല്ലക്ക ജീവിതം കൊണ്ട് ഒരു നാടിനു തന്നെ മാതൃകയാവുകയായിരുന്നു.
ഇങ്ങിനെ എടുത്തു പറയാൻ കാരണം അദ്ദേഹം ഒരു സാധാരണ കൂലിപ്പണിക്കാരൻ മാത്രമായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള ആളായിരുന്നില്ല എന്നിട്ടും ഒരു നാട്ടിലെ ആയിരങ്ങളിൽ വ്യത്യസ്തനായി ജീവിതം നയിച്ചു.
കുട്ടിക്കാലത്തെ ജീവിത സാഹചര്യത്തിൽ അയൽ പ്രദേശമായ (പട്ടിശ്ശേരി, എന്നാണ് കേട്ടറിവ്)നിന്നും പാവിട്ടപ്പുറത്തിന്റെ അതിഥിയായി വന്ന് പാവിട്ടപ്പുറത്തുകാർക്ക് മാതൃകയായി ജീവിതം അടയാളപ്പെടുത്തിയ മനുഷ്യൻ ഇദ്ദേഹം പള്ളിയിൽ ഖബർ കുഴിക്കുന്ന ജോലിയിലും അസുഖബാധിതനായി കിടക്കുന്ന കാലം വരെയും സജീവമായിരുന്നു. ഇത്തരത്തിൽ കനം കുറഞ്ഞ ശരീരം കൊണ്ട് ജീവിതത്തിൽ കനം കൂടിയ നന്മകൾ ചെയ്തു മാതൃകാപരമായ ജീവിതം നയിക്കുന്ന മനുഷ്യർ ഇന്നിന്റെ സാഹചര്യത്തിൽ വളരെ കുറവാണ്. ഒരു മേഖലയിൽ അല്ലെങ്കിൽ മറ്റൊരു മേഖലയിൽ, മറ്റു ഗ്രാമങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ബ്രാൻഡ് അല്ലാത്ത കുറേ നല്ല മനുഷ്യർ ഇന്നും ജീവിക്കുന്നുണ്ട്. അല്ലെങ്കിൽ ജീവിച്ചു പോയിട്ടുണ്ട്. അവരുടെ ജീവിതങ്ങൾ ഇത്തരത്തിൽ അടയാളപ്പെടുത്താൻ ആവട്ടെ. ഒരു തലമുറയുടെ മാറ്റം സ്നേഹ സമ്പന്നമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ ഇത്തരം നല്ല മനുഷ്യരുടെ ജീവിത രീതികൾ അടയാളപ്പെടുത്തുന്നതിലൂടെ സാധ്യമാകും.
…
നാട്ടിടവഴികളുടെ സ്പന്ദനമറിഞ്ഞു ജീവിച്ച സാധാരണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ഇടമാണ് ഇടവഴിയിലെ കാൽപ്പാടുകൾ.
നിങ്ങൾക്കും എഴുതാം അങ്ങനെയുള്ളവരെക്കുറിച്ച്…
email: editor@athmaonline, WhatsApp : 8078816827