പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള, കൃഷിവകുപ്പ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹരിതോത്സവം 2019-20 പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇ.എസ് ബിജിമോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2020 നവംബര്‍ 17 ലോകവിദ്യാര്‍ത്ഥി ദിനത്തോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളെല്ലാം സമ്പൂര്‍ണ്ണ ഹരിതവിദ്യാലയമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിതോത്സവത്തിന് തുടക്കം കുറിച്ചത്.
ഇതിനോടനുബന്ധിച്ച് നടന്ന ശില്പശാലയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബിജു പി മാത്യു, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലായങ്ങളും പ്രകൃതി സൗഹൃദമാക്കനാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും ജൈവവൈവിധ്യ ഉദ്യാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളില്‍ വളര്‍ത്തുകയും ചെയ്യും. കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം സ്‌കൂളുകളില്‍ നിന്നു തുടങ്ങി സര്‍ക്കാരിന്റെ ജൈവനയത്തിന് തുടക്കമിടും. അതോടൊപ്പം ക്യാമ്പസ് തന്നെയൊരു പാഠപുസ്തകമാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഹരിതവിദ്യാലയമാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഹരിത ഓഡിറ്റിംഗ് നടത്തും. വിദ്യാലയങ്ങളിലെ മാലിന്യങ്ങളുടെ തോത്, ജലസ്രോതസ്സുകളുടെ അവസ്ഥ, വൃത്തിയും ശുചിത്വവും തുടങ്ങിയവയായിരിക്കും ഹരിത ഓഡിറ്റിംഗില്‍ രേഖപ്പെടുത്തുക.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ്‌കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, സമഗ്രശിക്ഷ കേരള ബി.പി.ഒ പി.കെ ഗംഗാധരന്‍, ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പള്‍ കെ.എം സോമരാജന്‍, കട്ടപ്പന ഡി.ഇ.ഒ ഷാജു കെ.എസ്, അറക്കുളം ബി.പി.ഒ മുരുകന്‍ വി അയത്തില്‍, ജില്ലയിലെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍മാര്‍, ഹൈസ്‌കൂള്‍ പ്രഥമാധ്യാപകര്‍, കൃഷി ഓഫീസര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.