നിധിന്‍ വി.എന്‍.
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജനലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
രാത്രിവീണയുമായ്
ഏകാകിയാം യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം (മഴ- വിജയലക്ഷ്മി)
‘ജീവിതം ചെന്നിനായകം നല്‍കിലും
നീയതും മധുരിപിച്ചൊരത്ഭുതം’- തന്നെയാണ് വിജയലക്ഷ്മിയുടെ കവിതകള്‍. 1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. കവിതയുടെ ലഹരിയായി ഉന്മാദമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള കവിയുടെ 58-ആം ജന്മദിനമാണ് ഇന്ന്. 1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. ആത്മഭാഷണത്തിന്റെ ഏകാന്തശ്രുതികളാല്‍ സ്വയം അടയാളപ്പെട്ട കവി. സ്ത്രീത്വത്തിന് നിഷ്പ്രയാസം ഐക്യപ്പെടാന്‍ കഴിയുന്ന അനുഭവ മണ്ഡലങ്ങളെ മൃഗശിക്ഷകന്‍, ഭാഗവതം, ഉഭയലിംഗം, കാള എന്നീ കവിതകളില്‍ അടയാളപ്പെടുത്തി. അതിരറ്റ അദ്ധ്വാനവും അടിമത്തവും അടിച്ചേല്‍പ്പിച്ച് ലോകം ചതച്ചിട്ട ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയാണ് അവ. കവിയുടെ ഏകാന്ത ദുഃഖങ്ങള്‍ വായനക്കാരന്റെയും കൂടിയാകുന്ന കാഴ്ചയാണ് സാഹിത്യലോകം കണ്ടത്. വാക്കിനാല്‍ അടയാളപ്പെടുന്ന ഭയപ്പെടലുകള്‍ കൂടിയാണ് അവരുടെ കവിതകള്‍. അതൊരേസമയം കാലത്തോടുള്ള കലഹമായി മാറുകയും ചെയ്യുന്നു. സ്വയം ഇല്ലാതാകുന്ന അപമാനത്തിന്റെ നിഴലില്‍ എല്ലായിടത്തും വിധേയയാവുന്ന ചിത്രമാണ് മൃഗശിക്ഷകനില്‍ കാണാനാവുക.
‘മുതുകില്‍ നിന്‍ ചാട്ടയുലച്ചു കൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍’- എന്നെഴുതിയ കവിയില്‍ പീഡകന്റെ ചാട്ടയെ തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിന്റെ കാട്ടുദൂരങ്ങളെ കൈയേല്‍ക്കുന്നതിന് കാത്തിരിക്കുന്നവളെ കണ്ടെടുക്കാനാവും.
സൂപ്പര്‍ഫാസ്റ്റ് എന്ന അസാധാരണകവിതയിലൂടെ ആമേയനായ സഹയാത്രികനെ
മരണമായി വരച്ചിട്ട കവി, ‘നരജീവിത വേദന’കളെ കൂടി തന്റെ കാവ്യപ്രപഞ്ചത്തിലേക്ക് ആവാഹിച്ചിരുത്തി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി.
‘അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു
കണ്ടില്ലേ എന്റെ കൈകള്‍ ചേര്‍ത്തുവെച്ചത്
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല.
എനിക്ക് വെടിയുണ്ടകളെ അറിയില്ല
എന്റെമേല്‍ തറഞ്ഞതിനെയൊഴികെ’-(ഊഴം)
മദ്യത്തെ അഗ്നിയെന്നോണം വേദനകള്‍ അന്നാ ആഖ്മതോവായെ ജ്വലിപ്പിച്ചു. ഏതുകാലത്തും എതുദേശത്തും ഈയാംപാറ്റകളെ ആകര്‍ഷിച്ചു ദഹിപ്പിക്കാന്‍ ശക്തിയുള്ള ആ കാവ്യജ്വാലയെ തന്റെ വായനക്കാര്‍ക്കുവേണ്ടി വിവര്‍ത്തനം ചെയ്തു അവര്‍. അവരെ കൂടി സ്വാധീനിച്ച കവിയായിരുന്നു അന്നാ ആഖ്മതോവാ. മൃഗശിക്ഷകൻ (1992), തച്ചന്റെ മകൾ (1992), മഴതൻ മറ്റേതോ മുഖം (1999), ഹിമസമാധി (2001), അന്ത്യപ്രലോഭനം (2002), ഒറ്റമണൽത്തരി (2003), അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം (2006), അന്ധകന്യക (20൦.06), മഴയ്ക്കപ്പുറം (2010), വിജയലക്ഷ്മിയുടെ കവിതകൾ (2010), ജ്ഞാനമഗ്ദലന ( 2013), സീതാദർശനം (2016), വിജയലക്ഷ്മിയുടെ പ്രണയകവിതകൾ (2018) എന്നിങ്ങനെ നീളുന്നതാണ് വിജയലക്ഷ്മിയുടെ കാവ്യപ്രപഞ്ചം.
[…] ചുള്ളിക്കാടിന്റെ ഭാര്യയുമായ വിജയലക്ഷ്മിയുടെയും […]