മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും അടയാളപ്പെടുത്തിയ കവിയാണ് എന്‍.എന്‍. കക്കാട്. ആധുനിക കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. നാരായണന്‍ നമ്പൂരി കക്കാട് എന്ന എന്‍.എന്‍ കക്കാട് കാന്‍സര്‍ രോഗം വന്ന് വേദനയുടെ കയ്പ്പുനീര്‍കുടിച്ചിറക്കുന്ന വേളയിലാണ് സഫലമീയാത്ര എന്ന കവിത രചിച്ചത്. മരണം മുന്നില്‍ കണ്ട കവി, ജീവിതയാത്ര സഫലമാണ് എന്ന് പറയുന്നു. സഫലമീയാത്രയില്‍ വിഷാദവും പ്രത്യാശയും, നിഴലും വെളിച്ചവുമെന്നപോലെ ഇഴപിരിയാതെ കിടക്കുന്നു. സഫലമീയാത്ര, കക്കാട് എന്ന പേര് അമൂര്‍ത്തമാക്കിയ കവിത. സഹിക്കാനാവാത്ത വേദനയിലും ജീവിതം മധുരമാകുമെന്ന് കൊതിച്ച കവിയെ കവിതയില്‍ കാണാം.
മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ കവിയാണ് എന്‍.എന്‍ കക്കാട്. അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യം കലര്‍ന്നിരുന്നു. സാധാരണക്കാരന്റെ സങ്കടങ്ങളും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവന്റെ അര്‍ഥശൂന്യതയും തന്റെ കവിതകളില്‍കൂടി അദ്ദേഹം അനുവാചകരിലെത്തിച്ചു. ആശയസമ്പുഷ്ടവും അതേ സമയം തന്നെ ലളിതവുമായിരുന്നു കക്കാടിന്റെ കവിതകള്‍. തന്റെ മൂല്യബോധത്തിന് പൊരുത്തപ്പെടാനാവാത്ത തരത്തില്‍ മലയാളിയുടെ നഗരജീവിതവും, പൊതുജീവിതവും വഴിമാറിയപ്പോള്‍ കക്കാടിലെ കവി തീവ്രമായി പ്രതികരിച്ചു.
‘പാര്‍ക്കില്‍, പാതാളത്തിന്റെ മുഴക്കം ‘ എന്നീ കവിതകള്‍ അതിനു ഉദാഹരണങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ, 1927 ജൂലൈ 14-ന് കക്കാട് വലിയ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി എന്‍.എന്‍ കക്കാട് ജനിച്ചു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലി ചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേര്‍ന്ന് നിന്നിരുന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൾ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം. മലയാള കവിതയില്‍ ആധുനികതയുടെ പാതവെട്ടിയ കക്കാടിന്റെ കവിതകളൊന്നും അംഗീകരിക്കപ്പെട്ടിരുന്നില്ല. ദുര്‍ഗ്രഹ കവിതയെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് സഫലമീയാത്ര പിറവിയെടുത്തത്.
‘ഒരു കവിത ഉരുണ്ടുകൂടുകയോ പുറത്തേക്ക് സംസാരിക്കുകയോ ചെയ്യാത്തപ്പോള്‍ ഞാന്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ കവിത എഴുതുന്നത് എനിക്ക് പ്രധാനമാണ്. അതിനാൽ അതിനു വേണ്ടി മാത്രം ഞാന്‍ ജീവിക്കുന്നു. പക്ഷെ ആ ജീവിതം എത്ര കുറച്ചു മാത്രമാണ്. മരിച്ച നിമിഷങ്ങളുടെ, അല്ല കാലത്തിന്റെ കൂറ്റന്‍ കൂമ്പാരത്തില്‍ പൂത്തുനില്‍ക്കുന്ന ഒരു പാവം തുമ്പക്കുടം മാത്രം’ എന്ന് സ്വയം അടയാളപ്പെടുത്തുന്ന കവി വഴിവെട്ടുന്നവരോട് എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു.
‘ഇരു വഴിയിൽ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകിൽ
പലതുണ്ടേ ദുരിതങ്ങൾ.
വഴിവെട്ടാൻ പോകുന്നവനോ
പല നോമ്പുകൾ നോൽക്കേണം
പലകാലം തപസ്സു ചെയ്ത്
പല പീഡകളേൽക്കേണം…’ ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, പുതുവഴി വെട്ടുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന പീഡകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ആധുനികതയുടെ പാതയിലൂടെ സഞ്ചരിക്കവേ കവിയും ഇത്തരം പീഡകള്‍ ഏറ്റു വാങ്ങിയിരുന്നു.
അഗ്നിരഥം എന്ന കവിതയോടെ കാവ്യരഥത്തിന് വിരാമമായി. 1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ് നാടൻചിന്തുകള്‍, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.