ഇന്ന് ബർണാർഡ് ഷാ ജന്മദിനം

1
988

നിധിന്‍ വി.എന്‍.

ഒരേ സമയം ഓസ്കാര്‍ പുരസ്‌കാരവും നോബല്‍ സമ്മാനവും ഏറ്റുവാങ്ങിയ സാഹിത്യകാരന്‍, നാടകകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗദ്യമെഴുത്തുകാരന്‍… ജോർജ്ജ് ബർണാർഡ് ഷായെ കുറിക്കാന്‍ വിശേഷണങ്ങള്‍ അനവധിയാണ്. ആംഗലേയ സാഹിത്യത്തില്‍ ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത് കയ്യടി നേടിയ വേറൊരു എഴുത്തുകാരനും ഉണ്ടാകില്ല. രാജ്യത്തിന്‍റെ പൊതുവിദ്യാഭ്യാസ പദ്ധതികള്‍, സാധാരണക്കാരുടെ ജീവിതം, ചൂഷണങ്ങള്‍ എന്നിവയിലൊക്കെ മനസ്സ് മടുത്തു പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താനാണ് ഷാ എഴുത്ത് ആരംഭിക്കുന്നത്. 1925-ല്‍ നോബൽ സമ്മാനവും, 1938-ല്‍ ഓസ്കാർ പുരസ്കാരവും നേടിയ ഒരേയൊരു വ്യക്തിയാണ്‌ ബെർണാർഡ് ഷാ.

1856 ജൂലൈ 26-ന്‌ അയർലന്റിലെ ഡബ്ലിൻ നഗരത്തിലായിരുന്നു ബെർണാഡ് ഷായുടെ ജനനം. അച്ഛൻ ജോർജ്ജ് കർ ഷാ, അമ്മ ലൂസിൻഡ എലിസബത്ത് ഷാ. ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം. ഡബ്ലിൻ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്സ്യൽ ഡേ സ്കൂളിൽ പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് ഷാ എന്നും തീവ്രമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ‘Schools and schoolmasters, as we have them today, are not popular as places of education and teachers, but rather prisons and turnkeys in which children are kept to prevent them disturbing and chaperoning their parents’ എന്ന് അദ്ദേഹം കുറിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട് Cashel Byron’s Profession എന്ന നോവലിലും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഔപചാരിക വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യത്തിൽ കൂടുതൽ തത്പരനായ ബർണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രത്തിൽ സംഗീതസംബന്ധിയായ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. തുടര്‍ന്ന്, സാറ്റർഡേ റിവ്യു എന്ന വാരികയിൽ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമർശിച്ചും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

1879നും 1883നും ഇടയിൽ ബെർണാഡ് ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. 1892-ലാണ്‌ അദ്ദേഹത്തിന്റെ ആദ്യ നാടകം Widower’s Houses അരങ്ങിലെത്തിയത്. ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. നാടകങ്ങളിലൂടെയായിരുന്നു ലോകം ഷായെ അറിഞ്ഞു തുടങ്ങുന്നത്. അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമെ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും അദ്ദേഹത്തിന്റെതായുണ്ട്. രണ്ടുലക്ഷത്തില്‍ അധികം ലഘുപ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

എഴുത്തുകാരന്‍ മാത്രമായിരുന്നില്ല ഷാ, അദ്ദേഹം മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് ചിത്രങ്ങള്‍ വിളിച്ചു പറയുന്നു. 1890 മുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയ ഷാ പകര്‍ത്തിയ 20,000-ല്‍ അധികം ചിത്രങ്ങള്‍ ലണ്ടന്‍ നാഷ്ണല്‍ ട്രസ്റ്റിന്റെ കീഴില്‍ ഉണ്ട്.

1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും ഷാ-ക്ക് ലഭിച്ചു. ‘ഷാസ് കോർണറി’ലാണ്‌ അദ്ദേഹം അവസാനകാലം ചിലവഴിച്ചത്.1950 നവംബർ 2-ന്‌ തന്റെ  94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു അന്ത്യം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here