നിധിന്‍ വി.എന്‍.
മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 61 വയസ്സ്. ‘വേദനതന്‍ കാലമേഘത്തില്‍ നിന്നെത്തി ഭൂമിപൊളിക്കുന്ന കൊള്ളിയാന്‍, നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളില്‍ തോരാതെ പെയ്യുന്ന വര്‍ഷം, അക്ഷരങ്ങളായി പൊട്ടിവിരിഞ്ഞ ദുഃഖഭീജം’. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കുറിക്കാന്‍ വാക്കുകള്‍ പോരാതെ വരും. അക്കാദമിക്ക് അവാര്‍ഡുകള്‍ക്ക് നേരെ മുഖം തിരിച്ചുകൊണ്ട് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തയാള്‍. ഭാഷയില്‍ വന്നു പോകുന്ന തെറ്റുകളില്‍ നീറി ക്ഷോഭിച്ചുപോയ കവിത.
മനസ്സിന്റെ ആന്തരസംഗീതം കൊണ്ട് കവിതയെ അസ്വസ്ഥാത്മാവിന്റെ കുമ്പസാരമാക്കിയ കവി, വളരെ കുറച്ചു മാത്രം എഴുതുകയും എഴുതിയതിലെല്ലാം കവിത്വം തുളുമ്പുകയും ചെയ്തു. കാട്ടുതീയിൽ നിന്ന് പൊരിഞ്ഞടർന്നുവീണ കത്തുന്ന ചില്ലപോലെയായിരുന്നു ചുള്ളിക്കാട്. അദ്ദേഹത്തിലേക്ക് എത്തുന്നവര്‍പോലും ആ ചൂടില്‍ പൊള്ളി. മലയാള കവിതയുടെ പൈതൃകങ്ങളെ കൂടെകൂട്ടി അദ്ദേഹം താണ്ടിയ ദൂരങ്ങള്‍ കവിതയുടെ ചരിത്രമാണ്.
‘…ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലർത്ഥപൂർണ്ണനായ്, കാണുവാ-
നാർക്കു മാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്, കാലത്രയങ്ങൾക്കതീതനായ്’
എന്നെഴുതിയ കവി ലോകാവസ്ഥയെ കൂടി കുറിച്ചിട്ടു കൊണ്ടിരുന്നു. അനുഭവങ്ങൾ കൊണ്ട് പൊള്ളി, പൊള്ളിച്ച് കവി നടക്കുമ്പോൾ കാലം അയാൾക്കു മുമ്പിൽ തലകുമ്പിടുന്നു. ഒരു യുവജനത വീണ്ടുമീ കവിത ചൊല്ലുന്നു. അവരുടെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ തേങ്ങലിന്റെ ശബ്ദം കൈക്കൊള്ളുന്നു.
1957 ജൂലൈ 30 ന് പറവൂരിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തിയിരുന്ന അദ്ദേഹം കവിതകൊണ്ട് ജനഹൃദയത്തില്‍ ചേക്കേറി. ജോണ്‍ എബ്രഹാമിന്റെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ചുള്ളിക്കാട് പിന്നീട് അഭിനയത്തിൽ സജ്ജീവമാകയായിരുന്നു. അപ്പോഴും ഇടക്കെല്ലാം കവിതകൊണ്ട് അദ്ദേഹം വായനക്കാരന്റെ ഉള്ളം തൊടുന്നു. എന്നാല്‍, അവര്‍ക്കത് പോരാതെ വരുന്നു. വായനക്കാരന്‍, കവിയെ ഓര്‍മ്മപ്പെടുത്തുന്നു അയാള്‍ നടത്തിയ കാവ്യ സഞ്ചാരങ്ങളെ. എന്നാല്‍ വളരെ ചെറിയ കാവ്യപ്രപഞ്ചം കൊണ്ട് വിസ്മയം തീര്‍ത്ത കവിയാണ് അദ്ദേഹം. പതിനെട്ട് കവിതകള്‍ (1980), അമാവാസി(1982), ഗസല്‍(1987), മാനസാന്തരം(1994), ഡ്രാക്കുള(1998), ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ (2000), പ്രതിനായകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍(2007) എന്നിയാണ് അദ്ദേഹത്തിന്റെ കൃതികള്‍.