സിമന്റ് കൂട്ടിൽ തടവിലാക്കപ്പെട്ട ഗുരു !

0
822

അഡ്വ. ശ്രീജിത്ത് പെരുമന

മനുഷ്യ ജന്മമെടുത്തിട്ടും, മനുഷ്യന്മാർ ദൈവീക ബന്ധനത്തിലാക്കിയ സാമൂഹിക പരിഷ്കർത്താവായ പച്ച മനുഷ്യനായിരുന്നു, നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന് വിളിക്കപ്പെട്ട ശ്രീ നാരായണഗുരു. ആദ്ധ്യാത്മികതയുടെയും സാമുദായിക പ്രതിബദ്ധതയുടെയും അപൂർവ്വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.

ഗുരു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്റെ‍ സഹജീവികളോടുളള മാനുഷിക കടമ ഒരു സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിലായിരുന്നു നിർവ്വഹിച്ചത്.

വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നൽകി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരായണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്താമെന്ന് ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.

എന്നാല്‍, ദൗർഭാഗ്യകരമെന്ന് പറയട്ടെ മനുഷ്യൻ ശൂന്യാകാശത്ത് സ്ഥിരതാമസമാക്കിയ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പേറുന്ന ഒരു കേവല ജാതിയുടെ ‘ദൈവമായി’ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഗുരുവായ ഉത്തമ മനുഷ്യൻ. കേരളത്തിലങ്ങോളമിങ്ങോളം സിമന്റ് കൂടുകളുണ്ടാക്കി അതിൽ മഞ്ഞ പട്ടു പുതപ്പിച്ച് തടങ്കലിലാക്കിയിരിക്കുകയാണ് ഗുരുവിന്റെ പുണ്യാത്മാവിനെയും അതിലൂടെ മനുഷ്യരാശിയെ തിരുത്തിയ പ്രത്യയശാസ്ത്രങ്ങളെയും.

ഗുരുവിന്റെ ഓർമ്മകൾക്ക് ചരിത്രത്തിൽ ജീവനേകാൻ ഏതു തരത്തിലുള്ള സ്മാരകമാണ് പണിയേണ്ടതെന്ന് സമാധിക്ക് ഏതാനും ദിവങ്ങൾക്ക് മുമ്പ് ശിഷ്യന്മാർ ചോദിച്ചിരുന്നു. ശിഷ്യരുടെ ചോദ്യത്തിൽ അത്ഭുതം കൂറിയ ഗുരു നിർബന്ധമാണെങ്കിൽ അറിവിന്റെ പ്രതീകമായ “പുന്നമരത്തൈ”വെച്ചു പിടിപ്പിക്കാനാണ് ഉപദേശിച്ചത്.

ഗുരു എന്താഗ്രഹിച്ചുവോ, എന്ത് പറഞ്ഞുവോ അത് മദ്യത്തിന്റെ കാര്യത്തിലായാലും, ജാതിയുടെയും മതത്തിന്റെയും കാര്യത്തിലായാലും, വിദ്യാഭ്യാസത്തിന്റെയും, ആരാധനയുടെയും, സംഘടനയുടെയും, പ്രവൃത്തിയുടെയും കാര്യത്തിലായാലും അതിനെല്ലാം നേർ വിപരീതമായി പ്രവൃത്തിക്കുന്ന ഒരുകൂട്ടം തെരുവ് കച്ചവടക്കാരുടെ ബ്രാൻഡ് നെയിം ആയി മാറിയിരിക്കുന്നു ഗുരു. വിഗ്രഹാരാധനയെ എതിർക്കുകയും അവനവന്റെ മനസ്സുതന്നെയാണ് ക്ഷേത്രം എന്ന സന്ദേശം നൽകിയ അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തി ഇക്കാര്യങ്ങൾ കൂടുതൽ ലളിതമായ് പറഞ്ഞു വച്ചു.

19ാം നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിൽ നവോത്ഥാനത്തിന്റെ ശുക്ര നക്ഷത്രമായി മണ്ണിൽ പിറന്നു വീണ പ്രവാചകനായ ഗുരു “വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘം കൊണ്ട് ശക്തരാകാനും” ജനങ്ങളോട് ഉപദേശിച്ചു. മഹാഭാരതത്തിലെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ സാംസ്ക്കാരിക വിപ്ലവത്തിന് വിത്ത് പാകിയത് ഈ ആഹ്വാനമാണ്. ഇതിന്റ പിന്‍ബലമായാണ് പ്രാചീന കേരളം പ്രബുദ്ധ കേരളമായത്.

എന്നാൽ പിൽക്കാലത്ത് നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തിൽ ലക്ഷങ്ങൾ മുടക്കിയുണ്ടാക്കിയ കണ്ണാടിക്കൂട്ടിൽ അതേ ഗുരുവിനെ തളച്ചിട്ട് ഭജന പാടുന്ന ജാതിവാദികളെയാണ് കാണാൻ സാധിക്കുന്നത് എന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ.

ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ഗുരുവിന്റെവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടല്ലോ ? ഗുരു നേരിട്ട് കേരളത്തിനകത്തും പുറത്തും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ ?പിന്നെയെങ്ങനെയാണ് ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയെയും ഗുരു എതിർത്തിരുന്നു എന്ന് പറയാനാകുക ? എന്നെ വായിക്കുന്ന ആർക്കും സ്വാഭാവികമായി ഉണ്ടാകാവുന്ന ഇത്തരം സംശയങ്ങളുടെ പിൻബലത്തിലാണ് ഇക്കണ്ട കാലമത്രയും ജാതിയുടെയും മതത്തിന്റെയും മൊത്തകച്ചവടക്കാരായ ആളുകൾ ഗുരുദേവനെ ദൈവമാക്കി സിമന്റിലും കമ്പിയിലും ബന്ധിച്ച് ചില്ലുകൂട്ടിൽതടങ്കലിലാക്കി കച്ചവടങ്ങൾ നടത്തിവരുന്നത്. 

തലശേരിയിലെ ജഗന്നാഥ ക്ഷേത്രം

ചരിത്രങ്ങളിലേക്കും, രേഖകളിലേക്കും ഒന്ന് കണ്ണോടിച്ചാൽ ഏതു സാധാരണ മനുഷ്യനും ലഭ്യമാകുന്ന ലളിതമായ ഉത്തരങ്ങളാണ് മേൽ ഉന്നയിച്ച പല ചോദ്യങ്ങൾക്കും എന്ന് മനസിലാക്കാൻ സാധിക്കും. അതായത് 1904-ൽവിദുരൻ കണിയിൽ കുഞ്ഞിക്കണ്ണന്റെ (ശിരസ്ത്രാർ ) ശ്രമഫലമായാണ് തലശേരിയിലെ ജഗന്നാഥ ക്ഷേത്രം പിറവി കൊള്ളുന്നത്. കുമാരനാശാനായായിരുന്നു നടത്തിപ്പിന്റെചുമതല. നാട്ടുകാർ ചേർന്ന് ജ്ഞാനോദയ കമ്മറ്റിക്ക് രുപം കൊടുത്ത് പ്രവർത്തനം തുടങ്ങി. 4 വർഷം കൊണ്ട് 7500 രുപ പിരിച്ചെടുത്താണ് ക്ഷേത്ര നിര്മാണം പൂർത്തീകരിച്ചത്. മലബാറിലെ പിന്നോക്കസമുദായത്തിന്റെ ആദ്യത്തെ ക്ഷേത്രമാണ് ഇത്. 1908 ഫെബ്രുവരി 13നാണ് ഗുരു ഇതിന്റെ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്.

ഗുരു ജീവിച്ചിരിക്കേ തന്നെ ഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠയും ഇവിടെ സ്ഥാപിക്കപ്പെട്ടു. വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത് ഗുരുവിന് താല്പര്യമുള്ളകാര്യമല്ല. വിഗ്രഹങ്ങൾ ഭക്തി ചുരത്തുന്ന ദുർമേദസ്സാണെന്നു പറയുന്ന ഗുരു സവർണ്ണമേധാവികൾക്ക് കൈവശം വെച്ച് അനുഭവിക്കാനുള്ള അവകാശം മാത്രമല്ല പ്രതിഷ്ഠയെന്ന് ഈഴവ ശിവനെ പ്രതിഷ്ഠിച്ച് കാണിച്ചു കൊടുത്തു.

വിഗ്രഹാരാധന അബദ്ധജഢിലവും, അന്ധവിശ്വാസ പൂരിതവുമാണെന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലങ്ങോളമിങ്ങോളവും, മദ്രാസ്, മൈസൂർ, സിലോൺ തുടങ്ങിയ സ്ഥലങ്ങളിലും ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

വിഗ്രഹാരാധനയെ എതിർക്കുന്ന ഗുരു തന്നെ വിഗ്രഹങ്ങൾ നാടു നീളെ വിഗ്രഹപ്രതിഷ്ഠ നടക്കുന്നത് ആത്മ വഞ്ചനയല്ലെയെന്ന് ഒരിക്കൽ വാഗ്ഭടാനന്ദൻ ഗുരുവിനോടാരാഞ്ഞു. ഗുരുവായൂർ, വൈക്കം തുടങ്ങിയ സവർണ്ണ മേധാവികളുടെ അമ്പലങ്ങളിൽ വിഷ്ണു ശിവ പാർവ്വതിമാരുടെ (എതിർക്കപ്പെടേണ്ടുന്ന ) വിഗ്രഹാരാധനയാണ് നടക്കുന്നത്.

ഇത്തരം ആരാധനകളും, പൂജകളും മരിക്കുന്നതിന് മുമ്പേ നഗ്ന നേത്രങ്ങൾ കൊണ്ട് ഒരു തവണയെങ്കിലും കണ്ട് സായുജ്യമടയണമെന്ന് കൊതിക്കുന്ന അജ്ഞാനികളായ ഭക്തർക്ക് കണ്ണാടി പ്രതിഷ്ഠകൊണ്ട് ഉദ്ദേശിച്ച തൃപ്തി കൈവരില്ലെന്ന് ഗുരു മറുപടിയായി പറഞ്ഞു. ഗുരു ജീവിതത്തിന്റെ അവസാന കാലത്ത് നീണ്ട 16 വർഷത്തോളം താമസമുറപ്പിച്ചതും, നിത്യ പൂജ നടത്തിയതുമായ ആലുവയിൽ ഒരു വിഗ്രഹവും പ്രതിഷ്ഠിച്ചിരുന്നില്ലെന്ന് മാത്രമല്ല, പാലക്കുന്നിലെ ഭണ്ഡാര വീട്ടിനെ പോലെ “കെടാവിളക്കാ”യിരുന്നു അവിടുത്തെ പ്രതിഷ്ഠ. കാലംമാറി വരും, വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടും. അവിടുങ്ങളിലൊക്കെ വിദ്യായലങ്ങളും വായനശാലകളും ഉയർന്നു വരും. ഇതായിരുന്നു ഗുരുസ്വപ്നം കണ്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ സാക്ഷര ജനത അന്ധവിശ്വാസ ജഢിലമായ വിഗ്രഹാരാധനയുടെ കൂടെ കൂടുതൽ വേഗത്തിൽ നടന്നടുക്കുന്നതാണ് പ്രബുദ്ധ കേരളം കണ്ടത്.

ദേവാലയങ്ങൾക്ക് പകരം തച്ചുടക്കപ്പെട്ടത് വായന ശാലകളാണ്. ഓരോ വിദ്യാകേന്ദ്രങ്ങളും കവലകളും രൂപം കൊണ്ട് വികൃതമാക്കപ്പെട്ട സിമന്റ് ഗുരുവിനെ കൊണ്ട് കേരളം നിറഞ്ഞു. വിഗ്രഹാരാധന പടിപടിയായി അവസാനിപ്പിക്കണമെന്നും കണ്ണാടിയും കെടാദീപവുമായിരിക്കണം പ്രതിഷ്ഠയെന്നും ഗുരു മരണ സമയത്തും ഉപദേശിച്ചിരുന്നു. എനിക്ക് പറ്റാത്തത് നിങ്ങൾ ചെയ്തു തീർക്കണമെന്ന് ശിഷ്യരോടായി ഗുരു പറഞ്ഞു. ശുദ്ധിയുള്ള കാവുകളും അരുവി പ്രദേശവും പുന്തോട്ടവും, മരങ്ങളും, പുസ്തകങ്ങളും ധാരാളം കാറ്റുമുള്ളിടത്ത് ദൈവമുണ്ടെന്നാണ് ഗുരു പഠിപ്പിച്ചത്. അമ്പലങ്ങളിലും മറ്റും നടന്നുവരുന്ന വിവിധ പൂജ വിധികൾ സവർണ്ണ സമൂഹത്തിന്റെ നീച പ്രവർത്തിയായി ഗുരുകണ്ടു. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍

ഗുരുകഴിവത് ശ്രമിച്ചിട്ടുണ്ട്. 

വിഗ്രഹത്തോടും പ്രതിമകളോടും ഭക്തര്‍ക്ക് എന്നും അഭിനിവേശമാണ്. നേരില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വിശ്വാസവും, ഭക്തിയും ബിംബങ്ങളോടാണ്. ഇത് ഭക്തരുടെ കേവല ദുര്‍ബലതയാണ്. നമുക്ക് ബിംബങ്ങളെയല്ല ആദര്ശങ്ങളെയാണ് പൂജിക്കേണ്ടതെന്ന് ഗുരു പറയും. ഒരിക്കൽ ഗുരുവിനൊരു അനുഭവമുണ്ടായി. മുരിക്കൻപുഴയിൽ “സത്യം ധർമ്മം ദയ ശാന്തി”എന്നെഴുതിയ ശിലാഫലക പ്രതിഷ്ഠയുടെ വാർഷികം സമ്പന്ധിച്ച് പ്രഭാഷണം നടക്കുന്നു. ഗുരു പ്രസംഗ പീഠത്തിൽ. ധാരാളം കേൾവിക്കാരും വിഗ്രഹവും, കരിങ്കല്ല് ബിംബവും ആരാധിക്കുന്നതിലെ അനാചാരങ്ങളായിരുന്നു വിഷയം. ഗുരുപറഞ്ഞു. നമുക്കിനി വിഗ്രഹങ്ങൾ വേണ്ട പകരം ആദർശങ്ങളെ പൂജിക്കാം. ആദർശങ്ങൾ ഉൾക്കൊണ്ടുള്ള ജീവിതമേ ലക്ഷ്യ പ്രാപ്തിയിലെത്തുകയുള്ളൂ. നേരം സന്ധ്യയായി. പ്രഭാഷണം തീർന്നില്ല. തൊട്ടടുത്തുള്ള ഗുരു മന്ദിരത്തു നിന്നും മണിമുഴങ്ങി. അവിടെ ഗുരുവിന്റെ ഫോട്ടോവെച്ചുള്ള ആരാധനയുണ്ട്. നിത്യ പൂജയുമുണ്ട്. പൂജക്കുള്ള സമയമായി എന്ന് കണ്ട് മൈതാനത്തു തടിച്ചു കൂടിയ കേൾവിക്കാർ ഏഴുന്നേററ് ഗുരു മഠത്തിലേക്ക് ഓടി. പ്രസംഗമണ്ഡപത്തില് ഗുരു തനിച്ചായി.

വിഗ്രഹാരാധന ജനമനസ്സിൽ നിന്ന് എളുപ്പത്തില്‍ മായ്ക്കാനാവാത്തതാണെന്ന് ഗുരുതിരിച്ചറിഞ്ഞെങ്കിലും മുരിക്കുന്ന പുഴയിലെ പ്രതിഷ്ഠക്ക് ശേഷം ഗുരു വിഗ്രഹ പ്രതിഷ്ഠനടത്തിയിട്ടില്ല. പിന്നീട് ആ ചുമതല ബോധാനന്ദനായിരുന്നു. വെട്ടും തോറും കിളിർത്ത് വരുന്ന മുടിപോലെയാണ് വിഗ്രഹാരാധനയെന്ന് ഒരിക്കല് ഗുരു സഹതപിച്ചിരുന്നു. 1924 മുതല് ആലുവയില് ശ്രദ്ധ കേന്ദ്രീകരിച്ച ഗുരദേവന് പിന്നീടുള്ള പ്രവര്‍ത്തന മണ്ഡലം ആലുവയാക്കി. ഇവിടെയാണ് ഗുരുവിന്റെ കിടക്കയും, ചാരുകസേരയും, ഊന്നു വടിയും മറ്റും സൂക്ഷിച്ചിട്ടുള്ളത്. നിത്യപൂജയും മറ്റും ഗുരുതന്നെ നടത്തിപ്പോന്നിരുന്ന ഇവിടെത്തെ ക്ഷേത്രത്തില് വിഗ്രഹത്തെ പ്രതിഷ്ഠിക്കാന് ഗുരുതയ്യാറായില്ല. ഇതിനെ കുറിച്ച് ഗുരു ഒരിക്കൽ പറഞ്ഞു. വിഗ്രഹങ്ങളില്ലാത്ത ശ്രീകോവിൽ എന്ന എന്റെ സ്വപ്നങ്ങൾക്ക് നിറം പകരാനുള്ള സമയമായിരിക്കുന്നു. ഗുരുവിന്റെ കൈകകള്‍ കൊണ്ട് പ്രതിഷ്ഠ നടത്തിയ വടക്കേ മലബാറിലെ ക്ഷേത്രങ്ങൾ തലശേരിയിലെ ജഗന്നാഥ ക്ഷേത്രവും, കണ്ണൂരിലെ സുന്ദരേശ്വര ക്ഷേത്രവും, കുദ്രോളിയിലെ ഗോകർണ്ണ ക്ഷേത്രവുമാണ്.

ഇക്കാര്യങ്ങൾ മനസിരുത്തി മനസിലാക്കുന്ന ഒരാൾക്ക് എങ്ങനെയാണ് നല്ല ചിന്തകളുടെ വാഹകനായ ഒരു പുണ്യാത്മാവിനെ സിമന്റു പ്രതിമയാക്കി ചില്ലുകൂട്ടിലടയ്ക്കാൻ സാധിക്കുക? ക്ഷേത്രങ്ങളുണ്ടാക്കി അതിൽ തന്റെ പ്രതിമതന്നെ സ്ഥാപിച്ച്‌ കർപ്പൂരം കൊളുത്തി പൂജിക്കണമെന്ന്‌ അടുത്ത അനുയായികളോടുപോലും ഗുരുപറഞ്ഞിട്ടില്ല. നാരായണഗുരു കണ്ടിട്ടുള്ള ഒറ്റ പ്രതിമയേ അദ്ദേഹത്തിന്റേതായി കേരളത്തിലുള്ളൂ. അത്‌ തലശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്രതിമയാണ്‌. ആ പ്രതിമ കണ്ടപ്പോൾ സരസനായ ഗുരു പറഞ്ഞത്‌, ഇത്‌ കൊള്ളാമല്ലോ ആഹാരമൊന്നും വേണ്ടല്ലോ എന്നായിരുന്നു. പ്രതിമാ നിർമാണത്തെ നർമബോധത്തോടെ കണ്ട ഗുരുവിനെയാണ്‌ ഇപ്പോൾ ദൈവമാക്കിയിരിക്കുന്നത്‌.

കാഷായ വസ്ത്രം ഒരിക്കൽ പോലും ധരിക്കാതിരിക്കുകയും  ശ്രീലങ്കയിൽ വച്ച് മാത്രം പീതാംബര വേഷം ധരിച്ചിരുന്നതുമായ ഗുരു ഗാന്ധിജിയെപ്പോലെ ഒറ്റ തോർത്തുടുത്ത അർദ്ധ നഗ്നനാണ്. കാഷായമണിഞ്ഞ് മതത്തിനു ചുറ്റും അടയിരിക്കുന്നവരെ ഗുരുവിനു വെറുപ്പായിരുന്നു. നമ്മുടെ വഴികാട്ടിയാവാൻ ഗുരുവിന് വേഷപ്രച്ഛന്നനാവേണ്ടി വന്നില്ല. ചേറിൽ പണിയെടുക്കുന്നവന്റെ കൂട്ടുകാരനായിരുന്നു ഗുരു. എന്നാൽ കൊടിയുടെ നിറം നോക്കി ഗുരുവിനെ മഞ്ഞ പുതപ്പിച്ചത് ഗുരു ദർശ്ശനം കൊണ്ട് പള്ള നിറക്കുന്ന ഒരു പറ്റം ജാതിവെറിയന്മാരായിരുന്നു.

മദ്യ വില്പ്പനയും മദ്യപാനവും തീയ്യന്റെ അവകാശവും കടമയുമായി വിശ്വസിച്ചിരുന്ന കാലം. മുഴുവന്‍ തീയ്യ കുടിലുകളിലും വാറ്റ്. ഭക്തരെപ്പോലെ തന്നെ മദ്യ സേവ നടത്തുന്ന പ്രാദേശിക ദേവന്മാർ. വാറ്റരുത് കുടിക്കരുത് കൊടുക്കരുതെന്ന് ഗുരു പറഞ്ഞു. വാറ്റുകാരനെ പിശാചിനെപ്പോലെ അകറ്റി നിര്ത്താനാവശ്യപ്പെട്ടു. കല്പവൃക്ഷത്തിൽ നിന്ന് നീറ്റിയെടുക്കുന്ന കാളകൂട വിഷമാണ് കള്ളെന്നും അത് പാനം ചെയ്യുന്നവരെ ഓർമ്മിപ്പിച്ചു. എന്നാൽ പിന്നീട് കേരളം കണ്ടത് മറിച്ചാണ്. കള്ളു വ്യവസായികളാണ് ഗുരുവിന്റെ സന്ദേശത്തിന്റെ പ്രചാര വാഹകരായത്. വ്യവസായമായി കള്ളിനെ ഉയര്ത്തി കൊണ്ടു വന്ന് തീയ്യ സമൂഹം കരുത്താർജ്ജിക്കാൻ ഗുരു പറഞ്ഞുവെന്നാണ് പുതിയ ഈഴവ ഗുരു വെള്ളാപ്പള്ളി ഇതിനെ വ്യാഖ്യാനിച്ചത്.

കാലങ്ങൾക്കിപ്പുറം ഗുരുവിന്റെ മോചനത്തിനായി പ്രതീകങ്ങളുടെ ചെറു നാമ്പുകൾ ജുഡീഷ്യറിയിൽ നിന്നും മുളച്ചു പൊങ്ങുന്നുണ്ട് ഗുരു ദൈവമല്ല, ഗുരുമന്ദിരം ക്ഷേത്രമല്ല – ഗുരുമന്ദിരത്തെ ക്ഷേത്രമായി കാണാനാവില്ലെന്ന്‌ കേരള ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നു. നാരായണഗുരു സാമൂഹികപരിഷ്കർത്താവും വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തയാളുമാണെന്നും ദൈവത്തിന്റെ അവതാരമല്ലെന്നുമുള്ള മുൻ ഉത്തരവുകളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

ഈ യുക്തിസഹമായ കോടതി വിധി എന്നെ സംബധിച്ചിടത്തോളം ഏറെ പ്രസക്തമാകുന്നതിങ്ങനെയാണ് ,

അതായത് കഴിഞ്ഞ വർഷം എന്റെ നാട്ടിലെ SNDP പ്രവർത്തകർ ഗുരുവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിൽ ഗുരുദർശനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്താൻ എന്നെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു ചതയ ദിനത്തിൽ ഞാൻ വേദിയിലുമെത്തി. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, SNDP യുടെ നേതാക്കൾ, സന്യാസിമാർ തുടങ്ങി വിവിധ സാമൂഹിക തുറകളിൽ നിന്നുള്ള മഹത്‌വ്യക്തികൾ എനിക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഓരോരുത്തരായി പ്രഭാഷണം തുടങ്ങി. ജീവിതത്തിൽ മുറുകെ പിടിച്ച പല പ്രത്യയശാസ്ത്രങ്ങളുടെയും ഉറവിടമായ ഗുരുവിനെ കുറിച്ച് സംസാരിക്കുന്നത് പ്രത്യേക തയ്യാറെടുപ്പൊന്നും ഞാൻ നടത്തിയിരുന്നില്ല. പ്രായമേറിയ അനുഭവ ജ്ഞാനമുള്ള പലരും സംസാരിച്ചു. എല്ലാവരും ഒറ്റ ശ്വാസത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചിരുന്നത് ഗുരു ദൈവമാണെന്നും സമീപത്തായി ചില്ലുകൂട്ടിലടയ്ക്കപ്പെട്ട നിലയിലുള്ള ഗുരുവിഗ്രഹത്തെ ദൈവമായ കണ്ടു ആരാധിക്കണം എന്നുമായിരുന്നു.

കേൾവിക്കാരിൽ ഏറെയും ഭക്തരായ സ്ത്രീ ജനങ്ങളും കുട്ടികളുമായിരുന്നു എന്നതുകൊണ്ട് തന്നെ സാകൂതം ഭക്തി നിർഭരം അവർ പ്രഭാഷണങ്ങൾ കേട്ടുകൊണ്ടിരുന്നു. ഒടുവിൽ പ്രത്യേക സന്ദേശം നല്കുന്നതിനായുള്ള എന്റെ ഊഴം വന്നെത്തി. ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളാണ് മുഖ്യമായും ഞാൻ ശ്രോതാക്കളിലേക്ക് പങ്കുവെച്ചത്. ഒരു രാഷ്ട്രീയ പ്രസംഗത്തിനുമപ്പുറം യാഥാർഥ്യങ്ങളിലേക്ക് സഞ്ചരിച്ചതിനാലാകാം പലപ്പോഴും കയ്യടികൾ ഉയർന്നു. പ്രസംഗത്തിലുടനീളം ഗുരു ദേവൻ ദൈവമല്ല എന്നും, ചില്ലുകൂട്ടിൽ അടച്ചു പൂജിക്കപ്പെടേണ്ട ദേവനല്ല എന്നും, വിപ്ലവകാരിയായ ഒരു മഹാ മനുഷ്യനായ ഗുരുവിന്റെ സന്ദേശങ്ങൾ തെറ്റായി പഠിപ്പിച്ച് ഒരു സമൂഹത്തെ തന്നെ വഴി തെറ്റിക്കുകയാണ് ഒരു കൂട്ടം ആളുകളും സംഘടനകളും എന്ന് ഗുരുദേവന്റെ തന്നെ വാക്കുകളും ചരിത്ര രേഖകളും ഉദ്ധരിച്ച് പറഞ്ഞു നിർത്തിയപ്പോൾ വേദിയിൽ എനിക്കൊപ്പമുണ്ടായിരുന്നവർക്കും, ശ്രോതാക്കളായി സമ്മേളനത്തിൽ പങ്കുകൊണ്ടവരുടെയും മുഖത്തു ഭാവപ്പകർച്ചകൾ എനിക്ക് കാണാൻ സാധിച്ചു. SNDP യുടെ ഭാരവാഹികളുടെ മുഖത്ത് കടുത്ത ആശങ്കകളും നിഴലിച്ചു കാണാമായിരുന്നു.

കമ്യൂണിസ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിവേരുള്ള പ്രദേശമായതിനാൽ മാർക്സ് തൊടുത്ത ശരം ഏറ്റെടുത്ത് അതിലേറെ ശക്തിയിൽ സാമൂഹിക നവോത്ഥാനം നടത്തിയ വ്യക്തിയാണ് ഗുരുദേവൻ എന്ന് പറഞ്ഞു നിർത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ മുഖത്ത് ഒരു തിളക്കം പ്രത്യക്ഷമായിരുന്നു. ഗുരുദേവന്റെ യഥാർത്ഥ ദര്ശനങ്ങൾ സ്വജീവിതത്തിലെ നടത്താതെ ചില്ലുകൂട്ടിലടച്ചു കർപ്പൂരം കത്തിച്ചു പ്രാര്‍ത്ഥിച്ചാല്‍  ദൈവകോപം ഉണ്ടാകും എന്ന രീതിയിൽ സൈക്കോളജിക്കലായ് ഒരു സമീപനം സ്വീകരിച്ചപ്പോൾ കേൾവിക്കാരായ സ്ത്രീ ജനങ്ങൾ ഒന്ന് പകച്ചതായി എനിക്ക് കാണാൻ സാധിച്ചു.

കമ്യൂണിസ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിവേരുള്ള. ഈ പ്രഭാഷണം കേട്ട് വീട്ടിലെത്തിയ ശേഷം എന്നെ ശ്രവിച്ച ഒരാളെങ്കിലും സത്യം മനസിലാക്കി ഗുരുവിനെ തിരിച്ചറിഞ്ഞാൽ ഞാൻ കൃതാർത്ഥനായി എന്ന് പറഞ്ഞു വെച്ചപ്പോൾ കരഘോഷം മുഴങ്ങിയത് എന്റെ മനസ്സിന്റെ ഉള്ളിലായിരുന്നു.

എന്നാൽ എന്റെ പ്രഭാഷണത്തിൽ നിന്നും ഇത് ഡമോക്ലസിന്റെ വാൾ ആണെന്ന് മനസിലാക്കിയ സംഘാടകർ പതിയെ എനിക്കടുത്തെത്തി ചെവിയിൽ ഇപ്രകാരം പറഞ്ഞു ” അല്ല സാർ സമയം അതിക്രമിച്ചിരിക്കുന്നു അന്നദാനം നടത്തണം”. എനിക്ക് കാര്യങ്ങൾ വ്യക്തമായി പ്രഭാഷണം ചുരുക്കി. സംഘാടകരുടെ പലരുടെയും മുഖത്ത് കടന്നൽ കുത്തിയതുപോലെയുണ്ട്. വേദിയിൽ നിന്നിറങ്ങിയപ്പോൾ ഒരുപാട് ആളുകൾ അടുക്കൽ വന്നു ചോദിച്ചു പറഞ്ഞതെലാം സത്യാമാണോ അങ്ങനെയെങ്കിൽ ഇത്രയും കാലം. അവർ നെടുവീർപ്പിട്ടു. എന്നാൽ ശാന്തമായ ഭാഷയിൽ ഞാൻ പറഞ്ഞു നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഇനിയും സമയമുണ്ട് കാര്യങ്ങൾ വ്യക്തമായി പഠിക്കണം. ഗുരു ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കണം. സ്വഭിവൃദ്ധിക്കുള്ള കേവലമായ പ്രാര്ഥനകൾ കൊണ്ട് ഫലമില്ല.

അന്നേ ദിവസം വൈകിട്ട് വീട്ടിൽ വന്നപ്പോഴല്ലേ പൊടിപൂരം, എന്താണെന്നല്ലേ ? ശ്രോതാക്കളുടെ കൂട്ടത്തിൽ അമ്മയും ഉണ്ടായിരുന്നത്രെ. “അല്ല, നീയിതൊക്കെ എപ്പോ പഠിച്ചു ഭയങ്കരം തന്നെ. എന്നാലും ഇച്ചിരി കൂടിപ്പോയി ഞങ്ങളെല്ലാം പേടിച്ചുപോയി എന്താ ഇങ്ങനെയൊക്കെ ഒരു ദൈവത്തെ കുറിച്ച് പറയുന്നതെന്നോർത്തു. അവസാനമാണ് കാര്യങ്ങൾ മനസിലായത്. എന്നാലും ഇനി മേലാൽ അവർ നിന്നെ പ്രഭാഷണത്തിന് പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും വിളിക്കില്ല നോക്കിക്കോ” അമ്മ പറഞ്ഞു നിർത്തി. സത്യത്തിൽ എനിക്ക് ഉള്ളിൽ ചിരിയായിരുന്നു കാരണം സംഘാടകർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും “പാമ്പിൻ കുഞ്ഞിനാണല്ലോ ഈശ്വരാ പാല് കൊടുത്ത് ഇവിടെ വരെ കൊണ്ടുവന്നതെന്നോർത്ത്”.

അമ്മ പറഞ്ഞത് സത്യമായി, ഈ വർഷം നടന്ന ചതയ ദിനാഘോഷത്തിന്റെ സാംസ്കാരിക സമ്മേളനത്തിന് ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോൾ സംഘാടകർ ഇങ്ങനെയൊരു പൊതു പ്രവർത്തകനും വക്കീലും ഈ തോന്നിക്കൽ പഞ്ചായത്തിൽ തന്നെയുണ്ടോ എന്ന കാര്യം അങ്ങ് നൈസായിട്ട് മറന്നു കളഞ്ഞു. ഇന്നിപ്പോൾ ഞാനീ ലേഖനം എഴുതുമ്പോൾ മൈക്കിലൂടെയുള്ള ഭജനയും പ്രഭാഷണവും കേൾക്കാം. ഹൈക്കോടതി വിധി ജനങ്ങളിൽ ഉണ്ടാക്കിയ സംശയ നിവാരണത്തിന് ഗുരുദേവൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാർ ഘോരം ഘോരം തൊണ്ടപൊട്ടിച്ചു കോടതിയെ തെറി പറയുന്നുണ്ട്. ഉന്തിന്റെ കൂടെ ഒരു തള്ള് എന്നെ നിലയിൽ ആളുകളെ വിശുദ്ധരായ പ്രഖ്യാപിക്കുന്നതിന് കൃസ്ത്യാനിക്കും ISIS ബന്ധത്തിന്റെ പേരിൽ മുസ്ലീമിനും കൊടുക്കുന്നുണ്ട് ആവശ്യത്തിന്.

ഇതെല്ലാം ഗുരുദേവന്റെ ദൈവ പദവി നിലനിർത്താനാണല്ലോ എന്റെ ഗുരുവേ എന്നോർക്കുമ്പോഴാണ്‌ ഒരാശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here