സംസ്ഥാനത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ് മൂന്നിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജനറൽ നോളേജ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.
പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കും.
ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നും പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനത്തിനായി 10% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രയോഗിക പരിശീലനം നൽകുന്നതിനുള്ള ആധുനിക സൗകര്യങ്ങളുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള നിശ്ചിത വിവരങ്ങൾക്കും അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ബന്ധപ്പെടണം.