Homeലേഖനങ്ങൾഗൗരിയെന്ന ചെന്താരകം

ഗൗരിയെന്ന ചെന്താരകം

Published on

spot_imgspot_img

athmaonline-anu-pappachan

അനു പാപ്പച്ചൻ

അടിത്തട്ടിലെ മനുഷ്യർക്ക്, അതിൽ തന്നെ പെണ്ണുങ്ങൾക്ക് മുറ്റത്തുനിന്നുമിറങ്ങി നടക്കാൻ, വഴിയും വെളിച്ചവുമില്ലാത്ത കാലത്താണ് ഈഴവ സമുദായത്തിൽ നിന്ന് ഒരു പെൺകുട്ടി ബി എ പഠിച്ചിറങ്ങിയത്. ആ പെൺകുട്ടിയുടെ പേര് ഗൗരിയെന്നായിരുന്നു. വിദ്യാഭ്യാസത്തിലൂടെ സമുദായത്തിന്റെ പ്രബുദ്ധതയും നല്ല കാലവും സ്വപ്നം കണ്ട നാരായണഗുരുവിന്റെ ശിഷ്യൻ, കളത്തിപ്പറമ്പിൽ കെ. എ. രാമൻ, തന്റെ അടുത്ത മകൾക്ക് ഗൗരി എന്നു പേരിട്ടു. കെ.ആർ ഗൗരിയായി ഉദിച്ചുയർന്ന ആ ചെന്താരകം ചേർത്തലയിലെ അന്ധകാരനഴി എന്ന ഗ്രാമത്തിനു മാത്രമല്ല വെളിച്ചമായെന്നത് ചരിത്രം.

athmaonline-kr-gouriyamma-02

വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുവിന്റെ വാക്കുകൾ ദൃഢതയോടെ ഉറപ്പിച്ചവളായിരുന്നു കുഞ്ഞുഗൗരി. ചേർത്തലയിലെ സ്കൂളിൽ നിന്ന് മിടുക്കിയായി പഠിച്ച് എറണാകുളം മഹാരാജാസ് കോളേജിലെത്തി. സെന്റ് തെരേസാസിലെ ബി.എ. ബിരുദം കൊണ്ടും നിർത്തിയില്ല പഠനം. എറണാകുളം ലോ കോളേജിലെത്തി നിയമബിരുദവും നേടി. മകളെ മുന്നോട്ട് നയിക്കാൻ, കോൺഗ്രസുകാരനായ അച്ഛൻ വലത്തെ കരം പിടിച്ചെങ്കിൽ പോരാട്ടത്തിന്റെ ഇടത്തേ കൈ പിടിച്ചത് ചേട്ടൻ സുകുമാരൻ ആയിരുന്നു.വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കിറങ്ങിയ ഗൗരി എന്ന ആ പെൺകുട്ടി ഗൗരിയമ്മയായി 100 മത്തെ വയസ്സിലും രാഷ്ട്രീയത്തിൽ ജീവിച്ചു, പോരാടിക്കൊണ്ടു നിലനിന്നു. മനുഷ്യായുസ്സിൽ നൂറു വയസു തികയ്ക്കുന്നത് വലിയ കാര്യമാണ്.എന്നാൽ നൂറാമത്തെ വയസ്സിലും ഒരു സ്ത്രീ നിലനിർത്തുന്ന വീറുള്ള രാഷ്ട്രീയജീവിതം ചരിത്രമാണ്.

ആ ചരിത്രത്തിൽ രാഷ്ട്രീയകേരളത്തിന്റെ ചരിത്രം കൂടിയുണ്ട്. ഉന്നതമായ നിയമവിദ്യാഭ്യാസം നേടി, പഠിപ്പും പത്രാസുമായി സാമ്പത്തികമായും സാമൂഹികമായും ഉയർന്നുപോകാൻ സാധ്യതകളുള്ള ഒട്ടേറെ വഴികളുണ്ടായിരുന്നു ഗൗരിക്ക്. ചേർത്തല കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ കാലം.എന്നാൽ നാട്ടിലെ ദുർഭരണം കണ്ടു മിണ്ടാതിരിക്കാൻ ഗൗരിക്കായില്ല. പഠിച്ച നീതിന്യായം കൊണ്ടു മാത്രമല്ല, കണ്ടും കേട്ടും മാനവികതയിലധിഷ്ഠിതമായ, സാമൂഹിക പ്രതിബദ്ധവിചാരം നേടിയ ഗൗരി സജീവ രാഷ്ട്രീയജീവിതത്തിലേക്ക് ഉറച്ച കാൽവപ്പോടെ ചവിട്ടിയിറങ്ങി. എ. കെ. ജിയുടെ വിദ്യാർഥി റാലിയിൽ പങ്കെടുത്ത പെൺകുട്ടി,സർ സിപിക്കെതിരായ സമരത്തിലും പുന്നപ്ര വയലാറിലും തന്റെ രാഷ്ട്രീയപക്ഷമുറപ്പിച്ചു.പിന്നെയങ്ങോട്ട് ചരിത്രം. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം,ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം , ഏറ്റവും പ്രായം കൂടിയ മന്ത്രി എന്നിങ്ങനെ ഗൗരിയമ്മക്ക് മാത്രം അവകാശപ്പെട്ട റെക്കോർഡുകളോടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രൗഢയായ രാഷ്ട്രീയക്കാരിയായി. 13 തവണ നിയമസഭാംഗമായി. ആറു തവണ മന്ത്രിയായി. ജയിച്ചപ്പോൾ മാത്രമല്ല, തോല്പിച്ചപ്പോഴും ഗൗരിയമ്മ തോറ്റില്ല. ഭരിച്ച വകുപ്പുകളിലെല്ലാം അനക്കങ്ങളും തിളക്കങ്ങളുമുണ്ടാക്കി.കാര്‍ഷിക നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ എന്നിങ്ങനെ അടിസ്ഥാന വർഗ ജീവിതത്തോട് ചേർന്നു നിന്നെടുത്ത തീരുമാനങ്ങൾ ഒരു ഭരണാധികാരിയുടെ രാഷ്ട്രീയ ഉൾക്കാഴ്ചയുള്ള ജീവിതം കണ്ടു പഠിക്കാനുള്ള പാഠപുസ്തകമാണ്.

athmaonline-kr-gouriyamma-03

പ്രണയവും കുടുംബ ജീവിതവുമെല്ലാം വന്നു പോയി. “കുടുംബ ജീവിതത്തിന്റെ പ്രാട്ടോക്കോളിൽ ഭർത്താവിനാണടീ സീനിയോരറ്റി ” എന്ന് പറയിക്കുന്ന ആണിഷ്ട ജനപ്രിയ സിനിമയിലൊതുക്കുന്ന സേതുലക്ഷ്മിയല്ല, യഥാർഥ ജീവിതത്തിലെ കെ ആർ.ഗൗരി.ലാത്തിയും പീഢയും ഒളിവും ജയിൽവാസവും കടന്നു താണ്ടിയ ശരീരവും മനസ്സുമുള്ള പോരാട്ടമുള്ള സ്ത്രീ. പെണ്ണുങ്ങൾക്ക് രാഷ്ട്രീയം പറഞ്ഞിട്ടില്ല എന്ന പുച്ഛപരിഹാസപൊതുബോധങ്ങളെ റദ്ദ് ചെയ്ത് രാഷ്ട്രീയത്തെ രക്തത്തിലലിയിച്ച ഗൗരി. രാഷ്ട്രീയ വിരുദ്ധപക്ഷങ്ങളിലും മനുഷ്യപ്പറ്റില്ലാത്തവളല്ലായിരുന്നു ഗൗരിയമ്മ. പാർട്ടി അനുമതി വാങ്ങി ബോംബെയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ടി.വിയെ പോയിക്കണ്ടു രണ്ടാഴ്​ചയോളം ആശുപത്രിയിൽനിന്ന് പരിചരിച്ചു. ഒന്നിച്ച് താമസിക്കേണ്ട കളത്തിപ്പറമ്പ് വീട്ടിൽ നിന്നിറങ്ങി സി പി ഐ യിൽ ചേർന്ന ടി.വിയെ രാഷ്ട്രീയ ആദർശത്താൽ വേർപിരിഞ്ഞപ്പോഴും കിടപ്പുമുറിയിൽ കേരളത്തിലെ ഏക രാഷ്ട്രീയ ദാമ്പത്യത്തിന്റെ നിറചിരി ചിത്രങ്ങളുണ്ട്. കവിതയെഴുതുമായിരുന്നു ഗൗരി. അസ്സൽ പ്രാസംഗികയായിരുന്നു ഗൗരി. സൗഹൃദങ്ങളിൽ പദവിയും പത്രാസും മാറ്റിവക്കുമായിരുന്നു ഗൗരി. മക്കളെ പ്രസവിക്കാതെ തന്നെ ഗൗരിയമ്മയും കുഞ്ഞമ്മയുമായി ഗൗരി.വനിതാമതിലിൽ തന്റെ കൈയും ചുരുട്ടി ഗൗരിയമ്മ. എഴുതിയ ‘ആത്മകഥ’ പാതി പോലുമില്ല. എഴുതാത്ത ജീവിതമേറെ നീണ്ടു കിടക്കുന്നു. കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കണമെന്ന മുദ്രാവാക്യം അറ്റുപോയ രാഷ്ട്രീയ കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയാവാത്തതെന്ത് എന്നതിനുള്ള സംവാദം കൂടിയാണ് കെ.ആർ.ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം “കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളീ” എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതിഷേധകവിത ഗൗരിയമ്മയുടെ നൂറാം ജന്മദിനാഘോഷത്തിൽ ഉദ്ധരിച്ചത് പാർട്ടിയുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മുണ്ടയില്‍ കോരന്റെ മകന്‍ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്ന കേരളത്തിൽ ചോത്തിയായ കളത്തിപ്പറമ്പിൽ ഗൗരിയമ്മക്കെന്നെങ്കിലും ഒരു പിൻഗാമിയുണ്ടാവട്ടെ.
ലാൽസലാം…

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...