ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!

0
318

സോമൻ പൂക്കാട്

മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ കണ്ടു ശീലമോ കേട്ടറിവോ ഉണ്ടാകില്ല. സിൽവർ സ്‌ക്രീനിന്റെ ഒരറ്റത്ത് തെളിഞ്ഞു കാണുന്ന ഇത്തരക്കാരുടെ അക്ഷരവടിവിൽ പ്രേക്ഷകർ അത്രയൊന്നും ശ്രദ്ധ കൊടുക്കാറില്ല എന്നതല്ലേ വാസ്തവം. അതിനാൽ ഇദ്ദേഹത്തെ പോലുള്ളവർക്ക് ഫാൻസ്‌ അസോസിയേഷനുകളോ ആരാധക ലോകമോ ഉണ്ടാകില്ല. എന്നാൽ ‘അച്ചാണി രവിയെന്നും’ ‘ജനറൽ പിക്ചേർസ് രവിയെന്നും’ കേട്ടാൽ ചിലർക്കെങ്കിലും ഓർമ്മവരും. അഭിമാനിക്കുകയും ആദരിക്കുകയും ചെയ്യും. മലയാള സിനിമാ നിർമ്മാണരംഗത്ത് അതുല്യ സംഭാവന നൽകിയ ആ മഹത് വ്യക്തിയെ സ്വന്തം നാടായ കൊല്ലത്തെ ഉൽബുദ്ധരായ ജനങ്ങൾ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്ത ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്..

എന്നാൽ മേൽപ്പറഞ്ഞ പല മഹാരഥന്മാരെയും നാലാളറിയുന്ന സിനിമാ കലാകാരന്മാരാക്കിയതിലും അവാർഡ് ജേതാക്കളാക്കിയതിലും ആദരവും ഉൽഘാടന കർമ്മവും നടത്തൽ ആനയും അമ്പാരിയും വെച്ച് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നതിലേക്ക് വളർത്തി യെടുത്തതിലും ഇത്തരം മനുഷ്യർ വഹിച്ച പങ്കു ആരും ഓർക്കാറില്ല. അവരെയാണ് നമ്മൾ നിർമ്മാതാക്കൾ എന്ന് പറയുന്നത്.സിനിമയെ ഒരു വൻ വ്യവസായമായി കണ്ടു കോടികൾ പൊടിച്ചു ശതകോടികൾ പോക്കറ്റിലാക്കുന്ന വൻ തേക്കുകൾ അരങ്ങു വാഴുന്ന ഇടമാണ് ഇന്ന് മലയാള സിനിമാ ഇഡസ്ടറി.അതേസമയം നല്ല സിനിമകൾ എന്ന് സങ്കല്പം പേറി സിനിമയുടെ വ്യാമോഹ വലയിൽപ്പെട്ടു വീടും സ്വത്തും വിറ്റു തെരുവോരം ശരണം പ്രാപിച്ചവരും ചില്ലറയല്ല.അവരുടെ സിനിമകളിൽ അഭിനയിച്ചു സ്റ്റാറും സൂപ്പർ സ്റ്റാറുമായി മാറുന്നവർ ഒരിക്കലും ആഡംബര കാറിൽ റോഡുകളിലൂടെ ചീറിപായുമ്പോൾ ഓർക്കാറില്ല വഴിയോരത്ത് കൂനിപ്പിടിച്ചു നടന്നുപോകുന്ന തന്റെ ആദ്യ കാല അന്നദാതാവിനെ.’സ്വപ്നം വിടർത്താൻ ആകാശം നൽകിയ കണ്കണ്ടദൈവവമാണെന്ന് അന്ന് പറഞ്ഞ ‘സാറിനെ’.വേദിയിയിലും അഭിമുഖങ്ങളിലും കയറി സിനിമയുടെ അലകും പിടിയും തിരിച്ചുമറിച്ചും അമ്മാന മാടുന്ന നാടിനടന്മാരും മറ്റ് സാങ്കേതിക വിദഗ്ധരും സംവിധായകരും ഓർക്കാറില്ല തനിക്ക് കയറിവരാൻ അവസരം ഒരുക്കായ കിടപ്പാടം വിറ്റ ഹതഭാഗ്യനെ.അത്തരക്കാരുടെ ദുരിതം അകറ്റാൻ പ്രതിഫലം വാങ്ങാതെ ഒരു പടം ചെയ്തു കൊടുക്കാനുള്ള സന്മനസ്സ് പ്രേം നസീറിന് ശേഷം ആരും ചെയ്തതായും ‘കേട്ടറിവില്ല’.കഴിവുള്ളവർക്ക് വിശാലമായി വിരിച്ചിട്ട ചുവന്ന പരവതാനിയാണ് സിനിമയെന്നോ സിനിമയിൽ ഉള്ളവരെല്ലാം കഴിവുള്ളവരാണ് എന്നോ ഇതിനർത്ഥമില്ല.കല്ലും മുള്ളും താണ്ടി വിജയക്കൊടി പാറിച്ചവരുടെ കഥകളാണ് പലരുടെയും പിന്നാമ്പുറ രഹസ്യങ്ങൾ എങ്കിലും ആദ്യ ഷോട്ടിന് അവസരം ഒരുക്കിയ ആ വലിയ മനുഷ്യനെ മറക്കുവതെങ്ങനെ?

സർഗാത്മക മായ കഴിവുകൾ ഉണ്ടായതുകൊണ്ട് മാത്രം ആയില്ല. അത് വിനിയോഗിക്കാനുള്ള അവസരം കൂടിയുണ്ടാകണം.പ്രത്യേകിച്ചും സിനിമാ പോലുള്ള കൂട്ടായ കലാ സംരംഭങ്ങളിൽ.അതിന് മുതൽ മുടക്കാൻ തയ്യാറുള്ള ആളുകൾ ഉണ്ടാകണം.ബാബു ഇസ്മായിൽ സേട്ടു ഉള്ളതുകൊണ്ടാണ് നമുക്കൊരു ‘ചെമ്മീൻ’ ഉണ്ടായത്.എം ടിയോടപ്പംചേരാൻ ചിലർ തയ്യാറായതുകൊണ്ടാണ് ‘നിർമ്മാല്യം’ പോലൊരു സിനിമാ ഉണ്ടാകാനും പി ജെ
ആന്റണി എന്ന അതുല്യ [പ്രതിഭക്ക് ദേശിയ പുരസ്‌കാരം ലഭിക്കാനും ഇടയായത്.അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ ചൂ ണ്ടികാണിക്കാനുണ്ടാകും.

കൊല്ലത്തെ ഒരു പ്രമുഖകശുവണ്ടി വ്യവസായി ആയ രവീന്ദ്രനാഥാൻ നായർ സ്ഥാപിച്ച ജനറൽ പിച്ചേഴ്‌സ് എന്ന നിർമ്മാണ കമ്പനിയാണ് എണ്ണം പറഞ്ഞ ലോകത്തൊര ക്ലാസിക്കുകൾ മലയാള സിനിമക്ക് നൽകിയത് എന്നുപറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാകില്ല.മലയാളത്തിലെ ഏറ്റവും മികച്ച 10 സിനിമകൾ എടുത്താൽ അതിൽ ഭൂരിഭാഗവും നിർമ്മിച്ചിട്ടുള്ളത് രവീന്ദ്രനാഥൻ നായരായിരിക്കും.കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ ക്ലാസ്സിക് ചിത്രങ്ങൾ ഏതാണ്ടെല്ലാം സെല്ലോലോയിഡിൽ വരക്കപ്പെട്ടത് രവീന്ദ്രനാഥൻ നായര് എന്ന കലാസ്വാദകന്റെ പണവും പിന്തുണയും കൊണ്ടായിരുന്നു.1967 മുതൽ ചലച്ചിത്രനിർമ്മാണ രംഗത്ത് എത്തിയ അദ്ദേഹം തന്റെ സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു.പാറപ്പുറത്തിന്റെ ‘അന്വേഷിച്ചു കണ്ടത്തിയില്ല’ എന്ന നോവലിനെ അവലംബിച്ചു നിർമ്മിച്ച അതെ പേരിലുള്ള ആദ്യസിനിമ വൻ വിജയമായിരുന്നു. തുടർന്ന ആ വിൻസെന്റ് സംവിധാനം ചെയ്ത പ്രേം നസീർ നന്ദിതബോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അച്ചാണി’ വൻ ഹിറ്റായി മാറുകയും ഈ ചിത്രത്തിൽനിന്ന് ലഭിച്ച ലഭം മുഴുവൻ സാമൂഹ്യസേവനത്തിനും കൊല്ലം പബ്ളിക്ക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിക്കാനും ഉപയോഗിച്ച്.തുടന്ന് അരവിന്ദൻ സംവിധാനം ചെയ്ത ദേശിയ അന്തർ ദേശിയ അവാർഡുകൾ കരസ്ഥമാക്കിയ കാഞ്ചന സീത,തമ്പ്,കുമ്മാട്ടി,എസ്തപ്പാൻ, പോക്കുവെയിൽ,മഞ്ഞു,അടൂരിന്റെ മികച്ച സിനിമകളായ എലിപ്പത്തായം,മുഖാമുഖം, അനന്തരം, വിധേയൻ എന്നിങ്ങനെ ആ നിര നീണ്ടു പോകും സംസ്ഥാന ദേശിയ അന്തർദേശിയ പുരസ്‌കാരങ്ങളുടെ സുവർണ്ണ തിളക്കങ്ങളോടെ.

അദ്ദേഹത്തിന്റെ അർപ്പണബോധത്തെ മാനിച്ചാണ് 2008-ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ അവാർഡ് നൽകപ്പെട്ടത്.ലോകനിലവാരത്തിലേക്ക് മലയാള നവസിനിമയെ കൈപിടിച്ചുയര്‍ത്താന്‍ സ്വന്തം സമ്പാദ്യം ഉപയോഗിക്കുകയും കൊല്ലത്തിന്റെ കലാ, സാംസ്‌കാരിക,വ്യാവസായിക,ജീവകാരുണ്യപ്രവര്‍ത്തന മേഖലകളില്‍ അതുല്യസംഭാവന നല്‍കുകയും ചെയ്ത ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥന്‍ നായര്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍പൗരാവലി ഒരുക്കിയ ആദരിക്കൽ ചടങ്ങിന്റെ ഏതാനും ദൃശ്യങ്ങളിലാണിവ.മലയാള സിനിമയുടെ സൗഭാഗ്യങ്ങളിൽ ഏറ്റവും മഹനീയ മായ ഒന്നിനെയാണവർ വിവേകപൂര്വ്വം ആദരിച്ചത് എന്നുള്ളതിൽ സംശയമില്ല.

കൊമേർഷ്യൽ രംഗത്ത് ഏറെ പ്രസിദ്ധരായ ഉദയ,മെരിലാൻഡ് നിർമ്മാതാക്കൾ ഉണ്ടായിരുന്നു നമുക്ക്‌.സത്യൻ എന്ന അതുല്യ നടന്റെ നടനപാടവം കണ്ടു അതിശയിക്കാൻ ‘മഞ്ഞിലാസ്’ എന്നൊരു നിർമ്മാണ കമ്പനിയും.അവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്യാൻ കെ എസ് സേതുമാധവൻ സാറും ഉണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.എന്നാൽ കാലാനുവർത്തികളായ സിനിമകളിലൂടെ മലയാള സിനിമയെ ദേശ ഭാഷ രാജ്യാതിർത്തികൾ ഭേദിച്ച് ഇന്ത്യൻ സിനിമയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ അവരിൽ നിന്നെല്ലാം ഏറെ വേറിട്ടുനിൽക്കുന്നു എന്നതാണ് വാസ്തവം മലയാള സിനിമക്ക് ഇനിയൊരിക്കലും ഇത്തരമൊരു നിർമ്മാതാവിനെ കിട്ടിയെന്ന് വരില്ല.അർഹതയാണ് പുരസ്‌കാരങ്ങളുടെ മാനദണ്ഡമെങ്കിൽ അദ്ദേഹത്തെ തേടി ദാദ സാഹിബ് ഫാൽക്കെ അവാർഡ് തന്നെ എത്തേണ്ടതുണ്ട് എന്നഭിപ്രായക്കാരനാണ് ഞാൻ.
(ഫോട്ടോ കടപ്പാട് മാതൃഭൂമി)

LEAVE A REPLY

Please enter your comment!
Please enter your name here