ഗസൽ ഡയറി -2
മുർഷിദ് മോളൂർ
റഫ്‌ത റഫ്ത വോ മെരേ
ഹസ്തി കാ സാമാൻ ഹോ ഗയേ..
ഉസ്താദ് മെഹ്ദി ഹസൻ സാബ്,
പ്രണയത്തിൻറെ നനവുണങ്ങാത്ത അനേകം ഗസലുകളുമായി ഹൃദയങ്ങളിൽ അലഞ്ഞു നടക്കുന്ന ഫകീർ..
ആരുമല്ലായ്മയിൽ നിന്ന്, എല്ലാമെല്ലാമായിത്തീരുന്നവരെ ചേർത്തിയിരുത്തി പാടിക്കൊടുത്ത അനുഗ്രഹ ഗാനമാണ് റഫ്‌ത റഫ്‌ത…
അപരിചിതമായ മുഖങ്ങൾ അനുരാഗച്ചിരിയോടെ അഭേദ്യരായി മാറുന്നതിന്റെ ആകാശവും അലകടലും..
കേട്ടിരിക്കുന്നവർക്ക് ചിറക് കൊടുത്ത്, നീല നീല വഴികൾ വരച്ച് ഈ പ്രേമരാഗം ഇന്നുമുണ്ട്, കാലം കറങ്ങിയൊഴുകുമ്പോഴും മാറാതങ്ങനെ..
റഫ്ത റഫ്ത വോ മെരേ..
ഹസ്തി കാ സാമാൻ ഹോ ഗയേ..
മെല്ലെ മെല്ലെ അവൾ എനിക്ക് എന്റേതായി മാറി.. പരിചയമില്ലായ്മയുടെ ഇരുൾനിറങ്ങൾ പ്രിയതരമായ സ്നേഹ വെളിച്ചത്തിന് വഴി മാറിക്കൊടുത്തു..
പെഹ്‌ലെ ജാൻ..
ഫിർ ജാനേ ജാൻ..
ഫിർ ജാനേ ജാനാ ഹോ ഗയേ..
എനിക്ക് എന്റെ ജീവനായി അവൾ.. പിന്നെ ജീവന്റെ ജീവനായി..
മെല്ലെ എന്റെ ജീവിതത്തിന്റെ സർവ്വം അവൾ മാത്രമായി…
ഇടയിൽ അകലങ്ങൾ ശ്വാസം കിട്ടാതെ മരിച്ചു വീഴുന്നു.
പണ്ടെന്നോ വായിച്ച ഒരു ഗസലിൽ അറിവും പ്രണയവും തമ്മിൽ സ്നേഹ സംവാദം നടത്തുന്ന ആഖ്യാനമുണ്ട്..
ഇൽമ് നെ മുജ്‌സെ കഹാ
ഇശ്ഖ് ഹേ ദീവാനാ പൻ
അറിവ് എന്നോട് പറഞ്ഞു പ്രണയം വെറും ഭ്രാന്താണെന്ന്..
ഇശ്ഖ് നെ മുജ്‌സെ കഹാ
ഇൽമ് ഹേ തഖ്‍മീൻ വോ സൻ
അത് കേട്ട് പ്രണയം മറുപടി പറഞ്ഞു
അറിവെന്നാൽ വെറും ഊഹങ്ങൾ മാത്രമാണല്ലോ എന്ന്..
ഈ ഭ്രാന്തിന്റെ ലോകത്തെ അനർഘ നിമിഷങ്ങളെയാണ് ഗസലുകൾ പാടിപ്പാടി നടക്കുന്നത്..
അങ്ങനെ ഞാനും അവളും രണ്ടിൽ നിന്ന് ഒന്നായി.. സുൽത്താൻ ഖലീഫാ ബഷീറിന്റെ ഇമ്മിണി ബല്ല്യ ഒന്ന്.
ദിൻ ബ ദിൻ ബഡ്തീ ഹെ
ഇസ് ഹുസ്ൻ കി നാദായിയാ..
പിന്നെ ഓരോ പുലരികളിലും അവളുടെ സൗന്ദര്യം ഏറിയേറി വന്നു.. ബാക്കിയുള്ളവർക്കാർക്കും കാണാനാവാത്ത ഒരുപാട് വെളിച്ചങ്ങൾ.
പെഹ്‌ലെ ഗുൽ
ഫിർ ഗുൽ ബദൻ..
ഫിർ ഗുൽ ബദാമാ ഹോഗ യേ..
ആദ്യമാദ്യം വിരിയാൻ ഒരുങ്ങിയ പൂ മൊട്ട് പോലെ, പിന്നെ അതങ്ങനെ വിരിഞ്ഞിറങ്ങിയ പനിനീരു പോലെ..
അതിന്റെ കണ്ണിൽ ആയിരം പൂക്കൾ നിറഞ്ഞ പൂവാടിയാവുന്നു ഇന്ന്..
അവളെക്കുറിച്ച് നിങ്ങൾ പറയുന്ന പരിഭവങ്ങൾ എന്റെ കണ്ണിന് കാണാനാവില്ല ഇനി.. കണ്ണിനേക്കാളും അടുത്തടുത്ത്, കണ്ണിന് കാണാനാവാത്തിടത്ത്…
ആപ് തോ നസ്ദീക് സെ,
നസ്ദീക് തർ ആതേ ഗയേ..
ദിനേന, അത്രയും വേഗത്തിൽ അവളെന്നിലേക്ക് അടുത്തടുത്ത് വന്നു..
പെഹ്‌ലെ ദിൽ.
ഫിർ ദിൽറുബാ..
ഫിർ ദിൽ കി മെഹ്മാൻ ഹോഗയേ..
എനിക്കെന്റെ ഹൃദയമായി മാറി അവൾ.. പതുക്കെ അതെന്റെ മധുരമാനസമായി.
പിന്നെ അവളെന്റെയുള്ളിലെ സ്നേഹധന്യയായ അതിഥിയായി..
തിരിച്ചയക്കാൻ എനിക്കാവാത്ത വിധം എന്റെ ഉള്ളിൽ അവൾ.. ആഴങ്ങളിലേക്ക് വേരുകൾ.. ഉയരങ്ങളിലേക്ക് ശിഖിരങ്ങൾ..
എന്റെ പ്രിയപ്പെട്ട വായനക്കാരാ.. അവൾ എന്നെഴുതിയിടത്ത് അവൻ എന്ന് വായിക്കാൻ എനിക്കും നിനക്കും മനസ്സുണ്ടല്ലോ.. പ്രണയത്തിന്റെ കിതാബിൽ അക്ഷരതെറ്റുണ്ടാവില്ലയെന്നത് ഓർമ്മയിൽ വേണം..
അങ്ങനെ,
പ്യാർ ജബ് ഹദ് സെ ബഡേ.
സാരേ തകല്ലുഫ് മിഡ് ഗയേ..
പ്രണയം അതിന്റെ എല്ലാ അതിരുകൾക്കും അപ്പുറത്തേക്ക് പടർന്നു പിടിച്ചപ്പോൾ ഞങ്ങൾക്കിടയിലെ എല്ലാ ഔപചാരികതകളും ചിതലരിച്ചില്ലാതെയായി.
ആപ് സെ, ഫിർ തും ഹുവേ..
ഫിർ തൂ കാ ഉൻവാൻ ഹോഗയേ..
നിങ്ങൾ എന്ന വിളി ആദരത്തിനേക്കാൾ സ്നേഹം കലർത്തി നീ എന്ന് മാത്രമായി..
ഉപചാര മര്യാദകൾ പ്രണയത്തിന്റെ ഭാഷയിലുണ്ടാവാറില്ലെന്ന് തന്നെ..
മെല്ലെ മെല്ലെ റഫ്ത റഫ്ത എന്റെതായി മാറിയതിങ്ങനെയാണ്..
വരി: തസ്‌ലീം ഫാസിൽ
ചിത്രം: സീനത്ത്(പാക്കിസ്ഥാൻ)
വർഷം: 1975
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം
♥️♥️♥️
رفتہ رفتہ وہ میری ہستی کا سامان ہوگیے ❤️