ഗന്ധം

1
643
athmaonline-story-gandham-tony-teens-thumbnail

ടോണി ടീൻസ്

ജനാലകള്‍ അടച്ചു കഴിഞ്ഞപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടി. വാതിലുകള്‍ തുറന്നിട്ട്‌ ദിവസങ്ങളായിരിക്കണം. ഓര്‍മ്മ കിട്ടുന്നില്ല. താഴെ റോഡിലൂടെ മാസ്ക്‌ ധരിച്ച ആളുകള്‍ നടക്കുന്നത്‌ കാണാം. ഇവിടേക്ക്‌ ആരും വരാതെയിരുന്നാല്‍ മതിയായിരുന്നു. ചെറുതായി പനിക്കുന്നുണ്ട്‌. ടെസ്റ്റ്‌ ചെയ്യണോ? ഏയ്‌ വേണ്ട, ഇത്‌ പേടികൊണ്ട്‌ ഉണ്ടാകുന്നതാണ്‌.

അപ്പുറത്തെ മുറിയില്‍ നിന്നും വരുന്ന ഗന്ധം രൂക്ഷമാകുന്നുണ്ട്‌. ഭാഗ്യം, ഗന്ധം ഇപ്പോഴും അറിയാന്‍ സാധിക്കുന്നുണ്ട്‌. അപ്പോള്‍ ഇത്‌ പേടിപ്പനി തന്നെയാണ്‌. സാധാരണ ഫ്ളാറ്റ്‌ വൃത്തിയാക്കാന്‍ വരുന്ന സ്ത്രിയാണ്‌ കെട്ടിപൊതിഞ്ഞ്‌ വെയ്ക്കുന്നതെല്ലാം കൊണ്ടുപോയി കളയുന്നത്‌. ഇപ്പോള്‍ അവര്‍ക്ക്‌ വരാന്‍ കഴിയില്ലല്ലോ. വന്നാല്‍ തന്നെ ഇതവര്‍ കൊണ്ടുപോയി കളയാന്‍ സാധ്യതയില്ല. ഒന്നും രണ്ടും കിലോ അല്ലല്ലോ.

ഒറ്റയ്ക്കാകുന്നത്‌ എനിക്ക്‌ പേടിയാണ്‌. ആകെ ആശ്വാസം അവനായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നപ്പോഴാണ്‌ ലോക്ഡാണ്‍ പ്രഖ്യാപിക്കുന്നത്‌. അവനെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചതാണ്‌. അവന്‌ ഇഷ്ടമായില്ല. വഴക്കായി. വേണ്ടായിരുന്നു.



അപ്പുറത്തെ മുറിയില്‍ നിന്നും വരുന്ന ഗന്ധം അസഹനീയം ആകുകയാണ്‌. ചുവന്ന വാല്‍നക്ഷത്രങ്ങള്‍ വന്ന്‌ പതിച്ചതു പോലെ അവിടം തിളങ്ങുന്നു. ഗന്ധത്തിന്റെ നിറം കൊണ്ടാകും. അവയ്ക്ക്‌ നിറമുണ്ടോ? വാല്‍നക്ഷത്രങ്ങളോട്‌ വിടപറഞ്ഞ്‌ അവയുടെ നിഴലുകള്‍ എന്‍റ്റെ അടുത്തേയ്ക്ക്‌ വരുന്നു. ഇവിടം ഇരുട്ടുകൊണ്ട്‌ നിറയുന്നു. ലൈറ്റിട്ടാല്‍ പോകാവുന്നത്ര ഇരുട്ടേയുള്ളു. വേണ്ട, ലൈറ്റിട്ടാല്‍ ചിലപ്പോള്‍ നിഴലുകള്‍ അപ്പുറത്തെ മുറിയിലേക്ക്‌ തിരികെ പോയെന്നു വരും. അതെന്നെ കൂടുതല്‍ ഭയപ്പെടുത്തും. ഇരുട്ടെനിക്ക്‌ കൂട്ടായി ഇവിടെ നില്‍ക്കട്ടെ.

പനി കൂടുന്നു. തളര്‍ന്ന്‌ വീഴുമോ ? അറിയില്ല. വീഴും മുന്നേ എല്ലാം കൊണ്ടുപോയി കളയണം. മുടികെട്ടി മാസ്‌ക്‌ ധരിച്ച്‌ ചാക്ക്‌ വലിച്ചിഴച്ച്‌ ഞാന്‍ താഴേക്കിറങ്ങി. ഗേറ്റിലെ സെക്യൂരിട്ടി എന്നെ കണ്ട്‌ ചിരിച്ചതുപോലെ തോന്നി. ഞാനും ചിരിച്ചതായി അയാള്‍ക്ക്‌ തോന്നിക്കാണണം.

ആളൊഴിഞ്ഞ സ്ഥലത്ത്‌ ചാക്ക്‌ കളഞ്ഞു. മനസ്സിന്റെ ഭാരം കൂടുന്നു. കണ്ണുകള്‍ കലങ്ങുന്നു. മാനം നീലയണിയുന്നു. മഴ വരുന്നുണ്ട്‌. ഞാന്‍ ഫ്ളാറ്റിലേക്ക്‌ ഓടി. ഇരുട്ട്‌ കനത്തു. പക്ഷേ ചാക്കിരുന്ന ഈ മുറിയിലെ തിളക്കം കെട്ടിട്ടില്ല. ആ തിളക്കത്തില്‍ എന്നെ കൂടുതല്‍ ചുവന്നതായി കാണുന്നു. ഞാൻ ഇവിടം വൃത്തിയാക്കുകയാണ്‌.

വേണ്ടായിരുന്നു. ഒറ്റയ്ക്കാകേണ്ടായിരുന്നു. അവനോട്‌ വാശി പിടിക്കണ്ടായിരുന്നു. അവന്‍ പോകാന്‍ തുടങ്ങണ്ടായിരുന്നു. അവനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കണ്ടായിരുന്നു. അവന്‍ ഇവിടെ വഴുതി വീഴണ്ടായിരുന്നു. ഇവിടം ചുവക്കണ്ടായിരുന്നു. ചുവപ്പ്‌ മായുന്നു. തിളക്കം കെടുന്നു. ഗന്ധം ഇവിടെ തങ്ങി നില്‍പ്പുണ്ട്‌. അവന്റെ ഗന്ധം. നിറമില്ലാതെ അവനില്ലാതെ ഒറ്റയ്ക്ക്‌. പേടിയാകുന്നുണ്ടാകും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. അതേ ഒറ്റയ്‌ക്കെരിക്കാൻ എനിക്കുപേടിയാണ് ! ഇരുട്ടും ഗന്ധവും കൂട്ടാണ് എന്ന് പറയാൻ പറ്റുമോ.?

LEAVE A REPLY

Please enter your comment!
Please enter your name here