5500 അടി ഉയരത്തിൽ മൂന്നാറിൽ ഒരു സ്വർഗം: ഫോറസ്റ്റ്‌ കൗണ്ടി

0
1279

ഷാന നസ്രിൻ

മഞ്ഞും മലകളും എക്കാലത്തും യാത്രാസ്നേഹികളുടെ വീക്ക്‌പോയിന്റുകളാണ്. എന്നാൽ, സഞ്ചാരികൾ ഒരൽപ്പം മടിച്ചുനിൽക്കുന്ന കാലാവസ്ഥയാണ് കേരളത്തിലെ സ്ഥിരതയില്ലാത്ത മൺസൂൺ കാലഘട്ടം. അപ്പോഴും, മഞ്ഞുവീണ മലനിരകളിൽ മഴത്തുള്ളികൾ ചിത്രം വരയ്ക്കുമ്പോൾ പ്രകൃതിയുടെ മടിത്തട്ടിലേക്ക്‌ സഞ്ചാരികളെ മാടിവിളിക്കുകയാണു മൂന്നാർ.

വസന്തവും ഹേമന്തവും ശിശിരവും മൂന്നാറിനെ സുന്ദരിയാക്കി സഞ്ചാരികൾക്ക്‌ സൗകര്യം പ്രദാനം ചെയ്യുമ്പോൾ , യാത്ര ലഹരിയായവർക്ക്‌ ആഘോഷിക്കാനുള്ളതാണ് മൂന്നാറിലെ മൺസൂൺ. കോരിച്ചൊരിയുന്ന മഴയത്ത്‌ വീടിനകത്ത്‌ നിന്നും പുതപ്പുകൾ ദൂരെയെറിഞ്ഞ്‌ കയ്യിലൊതുങ്ങുന്ന ബാക്ക്‌ പായ്ക്കുമായി ആനവണ്ടി കയറി മൂന്നാറിലെത്തുമ്പോഴേക്കും മൺസൂണിന്‍റെ നവരസഭാവങ്ങളും സഞ്ചാരിക്ക്‌ പരിചിതമാവും.

എറണാകുളം, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്ന് ‘മൂന്നാർ’ ബോർഡെഴുതിയ ബസുകൾ സുലഭം. കോതമംഗലം കഴിഞ്ഞ്‌ നേര്യമംഗലം അടുക്കുമ്പോഴേക്കും കാലാവസ്ഥ മാറി രോമകൂപങ്ങൾക്കിടയിലേക്ക്‌ തണുപ്പ്‌ അരിച്ചു കയറാൻ തുടങ്ങും. പിന്നീടങ്ങോട്ട്‌ നീലാകാശവും പച്ചക്കടലും തന്നെയാണു ചുറ്റും !

ആർത്തുലഞ്ഞ്‌ ചാടുന്ന ചീയ്യപ്പാറ വെള്ളച്ചാട്ടം യാത്രാമധ്യേ കാണാവുന്ന ഒരത്ഭുതമാണ്. ആനച്ചാലെത്തിയാൽ തേയിലത്തോട്ടങ്ങളുടെ തല കണ്ടു തുടങ്ങും; ഒപ്പം തണുപ്പ്‌ പൂർണ്ണമായും നമ്മെ പുതപ്പിക്കുകയും ചെയ്യും. ആനച്ചാലിൽ നിന്ന് മൂന്നാർ ടൗണിലേക്ക്‌ ഏകദേശം പന്ത്രണ്ട്‌ കിലോമീറ്റർ ദൂരം ബാക്കി, ആ ദൂരമത്രയും തേയിലത്തോട്ടങ്ങളും അതിനിടയിലൂടെ ഉറുമ്പുകളെപ്പോലെ അരിച്ച്‌ നടക്കുന്ന മനുഷ്യരേയും ഒപ്പം മഴത്തുള്ളികളുടെ നൃത്തവും കണ്ണിമയ്ക്കാതെ നോക്കിയിരിക്കാം !

ഇങ്ങനെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുകയാണ് മൂന്നാർ ടൗണിൽ നിന്ന് ഒൻപത്‌ കിലോമീറ്റർ ദൂരത്തിൽ ‘ലെച്ച്മി എസ്റ്റേറ്റിനകത്ത്‌ 5500 അടി ഉയരത്തിൽ ‘ഫോറസ്റ്റ്‌ കൗണ്ടി’ എന്ന സ്വപ്നതുല്യമായ ഒരു റിസോർട്ട്‌. യാത്രയുടെ രസം അതേപടി ഉൾക്കൊണ്ട്‌ മഞ്ഞും മഴയും ആസ്വദിക്കാൻ മെയിൻ സീ ലെവലിൽ നിന്നും 5500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്വർഗത്തിലെത്താൻ മൂന്ന് കിലോമീറ്റർ ഓഫ്‌ റോഡ്‌ യാത്രയും ഉണ്ട്‌, സഞ്ചാരിയുടെ മലനിരകളിലേക്കുള്ള യാത്രാനുഭവത്തെ പൂർണ്ണമാക്കാൻ അത്‌ മാത്രം മതി എന്ന് തോന്നിക്കുംവിധം രസകരവുമാണത്‌ !

ലെച്ച്മി എസ്റ്റേറ്റിനകത്ത്‌ കൂടെ ‘ഫോറസ്റ്റ്‌ കൗണ്ടി’യിലേക്കുള്ള യാത്രതന്നെ കണ്ണിനും മനസിനും കുളിർമ്മയേകും.നിരയൊപ്പിച്ച ചായത്തോട്ടങ്ങൾക്കിടയിലൂടെ ഒൻപത്‌ കിലോമീറ്ററോളം ദൂരം പൂത്തുലഞ്ഞ പേരമരങ്ങളും ഓറഞ്ച്‌ മരങ്ങളും, തണൽ വിരിച്ച പുൽമേടുകളിൽ മേയുന്ന പശുക്കളും , പ്രകൃതിയുടെ കാവ്യസൃഷ്ടിപോലെ റോഡിനിരുവശവുമായി ഒഴുകുന്ന കുഞ്ഞരുവികളും മനോഹരമായ ചിത്രങ്ങളായി മനസിൽ പതിയുന്നു.

എസ്റ്റേറ്റിനകത്ത്‌ മൂന്ന് കിലോമീറ്റർ ദൂരം ഓഫ്‌ റോഡ്‌ യാത്ര; ഫോറസ്റ്റ്‌ കൗണ്ടിയുടെ 4*4 വീലർ ജീപ്പിൽ, ഇത്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌ ആധുനികതയും കാൽപ്പനികതയും ഒരുപോലെ സമന്വയിപ്പിച്ച്‌ പണികഴിപ്പിച്ച ‘ഫോറസ്റ്റ്‌ കൗണ്ടി’ എന്ന റിസോർട്ടിലേക്ക്‌. മുറ്റത്ത്‌ ഓർഗാനിക്കായി പരിപാലിച്ച്‌ വരുന്ന സ്ട്രോബറിയും ഓറഞ്ചും വിവിധ തരം പൂക്കളും ചെടികളും അടങ്ങിയ തോട്ടം. ഒരു വശത്ത്‌ ലെച്ച്മി ഹിൽസ്‌ എന്ന കൊടുംകാട്‌, ട്രെക്കിംഗ്‌ പ്രിയമുള്ളവർക്ക്‌ കാടുകയറി പഴങ്ങളും പൂക്കളുമായി തിരിച്ച്‌ വരാം, താത്പര്യമെങ്കിൽ അവിടെ ടെന്റൊരുക്കാനും ‘ഫോറസ്റ്റ്‌ കൗണ്ടി’ ടീം റെഡിയാണ്.

ഏതു കടുത്ത വേനലിലും മൂന്നാറിൽ മഞ്ഞിറങ്ങുന്ന മലകളിലൊന്നാണിത്‌. റിസോർട്ടിലെ ഏതു മുറിയിൽ നിന്നും കാണാവുന്ന ഇലകളില്ലാത്ത ‘ഒറ്റമരം’ ഇവിടുത്തെ ഒരു ഐക്കൺ ആണ്. മേഘങ്ങൾക്കിടയിലേക്ക്‌ തുറക്കുന്ന ബാൽക്കണികളും, അതി മനോഹരമായ സൂര്യാസ്തമയവും ഉദയവും ഇവിടം വ്യത്യസ്തമാക്കുന്നു. എല്ലാമുറികളിലേയും ഗ്ലാസിൽ തീർത്ത ബാൽക്കണി വാൾ മൺസൂണിൽ മഴത്തുള്ളിചിത്രങ്ങളുടെ ക്യാൻ വാസാകുന്നു!

സൗത്ത്‌ ഇന്ത്യൻ, നോർത്ത്‌ ഇന്ത്യൻ, ചൈനീസ്‌, ഫ്രെഞ്ച്‌,ഇറ്റാലിയൻ, ട്രഡീഷനൽ രീതികളിൽ ഉള്ള ഏതു തരം ഭക്ഷണവും ഒരുക്കുന്ന റെസ്റ്റൊറന്റും ഇതിനോട്‌ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്‌.

ദിവസങ്ങൾ ചിലവഴിക്കാൻ വരുന്ന വിദേശികളിൽ പലരും അത്‌ മാസങ്ങളിലേക്ക്‌ നീട്ടിയ കഥകളും ഈ റിസോർട്ടിനു പറയാനുണ്ട്‌. മഞ്ഞിനും മഴയ്ക്കും കട്ടൻ ചായയ്ക്കും ‘ഇന്നർപീസ്‌’ നൽകാൻ കഴിയുമെന്ന് തെളിയിക്കുകയാണു പ്രകൃതിസ്നേഹികളായ നാല് യുവസംരംഭകരുടെ സ്വപ്നസാക്ഷാത്കാരമായ ‘ഫോറസ്റ്റ്‌ കൗണ്ടി’. അതിഥികളുടെ അഭിരുചി അറിഞ്ഞ്‌ ആതിഥേയത്വം വഹിക്കുകയാണ് ഇവരുടെ രീതി.


ഏതു ഊഷരമനസുകളിലും മഴത്തുള്ളികളാൽ കവിത വിരിയിക്കും വിധം ഭൂമിയിലെ ഒരു ഏദൻ തോട്ടമായി നിലനിൽക്കുന്ന ഫോറസ്റ്റ്‌ കൗണ്ടിയോട്‌ യാത്ര പറയുമ്പോൾ ഒരു കവിതയെങ്കിലും സഞ്ചാരികളിൽ നിന്ന് വിരിഞ്ഞിരിക്കും എന്നതാണു സത്യം !

LEAVE A REPLY

Please enter your comment!
Please enter your name here