ഗ്ലോബല്‍ വെല്‍നെസ് സമ്മിറ്റിന്റെ ഭാഗമായി യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ‘ഷാര്‍ക്ക് ടാങ്ക് ഓഫ് വെല്‍നസ്’ മത്സരം സംഘടിപ്പിക്കുന്നു. വെല്‍നസ് വ്യവസായത്തിനുള്ള ഏറ്റവും നൂതനമായ ആശയങ്ങള്‍ സമര്‍പ്പിക്കുന്ന മൂന്ന് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രൊഫസര്‍ക്കും ഇറ്റലിയിലെ സെസെനയില്‍ ടെക്‌നോംഗ് വില്ലേജില്‍ ഒക്‌റ്റോബര്‍ 6 മുതല്‍ 8 വരെ നടക്കുന്ന വാര്‍ഷിക ഗ്ലോബല്‍ വെല്‍നസ് സമ്മിറ്റില്‍ പങ്കെടുത്ത് അവരുടെ ബിസിനസ് ആശയങ്ങള്‍ സമ്മിറ്റ് പ്രതിനിധികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാം.
ആര്‍ക്കിടെക്ചര്‍, ബ്യൂട്ടി, വിദ്യാഭ്യാസം, ഫിറ്റ്‌നെസ്സ്, ഹോസ്പിറ്റാലിറ്റി, ഇന്‍വെസ്റ്റ്മെന്റ്, ഔഷധം, പോഷകാഹാരം, റിയല്‍ എസ്റ്റേറ്റ്, സ്പാ, ടെക്‌നോളജി, ട്രാവല്‍ ആന്റ് ടൂറിസം തുടങ്ങിയ ക്ഷേമവ്യവസായത്തിലെ വ്യത്യസ്ത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയം വിശദീകരിക്കുന്ന ആശയവിനിമയ അപേക്ഷ ഫോമും അവരുടെ ആശയം അവതരിപ്പിക്കുന്ന 1-2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വ വീഡിയോയും സമര്‍പ്പിക്കണം.
18 വയസ്സ് കവിഞ്ഞ യൂണിവേര്‍സിറ്റി/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റക്കോ, ടീം ആയോ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് എന്‍ട്രി ഫീസ് ഒന്നും തന്നെ ഇല്ല. ലാഭകരമായ ബിസിനസ്സ് സംരംഭമാകാന്‍ സാധ്യതയുള്ള നൂതനമായ ആശയങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 5000 (ഉദ്ദേശം 3,25,000 രൂപ ) അമേരിക്കന്‍ ഡോളറും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000 അമേരിക്കന്‍ ഡോളര്‍ എന്നിങ്ങനെയും സമ്മാനതുക ലഭിക്കും. ഇതിനുപുറമെ മൂന്ന് ഫൈനലിസ്റ്റുകള്‍ക്കും അവരുടെ പ്രൊഫസര്‍ക്കും ഇറ്റലിയിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ താമസം എന്നിവയും 3360 അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന മൂന്ന് ദിന സമ്മിറ്റിലും ഫൈനല്‍ ഗാലയിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതായിരിക്കും. എന്‍ട്രികള്‍ ജൂണ്‍ 1 ന് മുമ്പായി സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.globalwellnesssummit.com/2018-global-wellness-summit/2018-shark-tank-wellness-student-competition