റഷ്യന്‍ സിനിമ ഇതിഹാസത്തിന്‌ 86-ാം ജന്മവർഷം

0
488

നിധിൻ.വി.എൻ

ലോകസിനിമയിലെ മഹാനായ സംവിധായകന്, ഇതിഹാസകാരന് ഇന്ന് എൺപത്തിയാറാം ജന്മവർഷം.സിനിമയിൽ പുതുമയുടെ കലാപം തീർത്ത ആന്ദ്രെ തർക്കോവ്സ്കി 7 കഥാചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകൻ, എഡിറ്റർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തനാണ് ആന്ദ്രേ.

പ്രസിദ്ധ റഷ്യൻ കവിയും വിവർത്തകനുമായ ആർസെനി തർക്കോവ്സ്കിയുടെയും മരിയ ഇവാനോവയുടേയും പുത്രനായി 1932 ഏപ്രിൽ 4 ന് മോസ്കോയിൽ ജനിച്ചു. സ്റ്റേറ്റ് ഫിലിം സ്കൂളിൽ നിന്ന് 1960-ൽ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പന്ത്രണ്ടു വയസ്സുകാരനായ ഇവാന്റെ ഓർമ്മകളിലൂടെ രണ്ടാം ലോകമഹായുദ്ധകാലത്തെ കഥ പറഞ്ഞ ഇവാൻഡ് ചൈൽഡ് ഹുഡ് (1962) ആണ് ആദ്യ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ പുരസ്കാരം നേടി കൊണ്ട് അദ്ദേഹം നവ റഷ്യൻ സിനിമയുടെ പതാക വാഹകനായി. അർസെനി തരക്കോവസ്കിയുടെ പല കവിതകളും ആന്ദ്രെയുടെ സിനികളിൽ പുതിയ അനുഭവമാകുന്ന കാഴ്ച്ചയ്‌ക്കാണ് തുടർന്ന് സിനിമാലോകം സാക്ഷ്യം വഹിച്ചത്. വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966-ൽ നിർമ്മിച്ച “ആന്ദ്രെ റുബ്ലേവ് ” 1971-ൽ മാത്രമേ പുറത്തിറക്കാൻ സോവിയേറ്റ് അധികൃതർ അനുവദിച്ചുള്ളു.

സ്വന്തം ജീവിത സ്മരണകളുടെ ആദ്യന്ത്യമില്ലാത്ത ആവിഷ്കാരമായി 1974-ൽ നിർമ്മിച്ച “ദ മിറർ” ഒരു തലമുറയുടെ സ്മരണയായി മാറി. 1986-ൽ പുറത്തിറങ്ങിയ “സാക്രിഫൈസ് ” ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമയും, ഏറ്റവും മികച്ച സൃഷ്ടിയും. ചരിത്രം, ആത്മകഥ,ശാസ്ത്രം, ഫാന്റസി,പ്രണയം, എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞുപോയ സംവിധായകനായിരുന്നു തർക്കോവ്സ്കി. ഇത്രയും വ്യതിരിക്തമായി സിനിമയെ സമീപിച്ച അധികം സംവിധായകരുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ സ്വയമൊരു ഇതിഹാസമാവുകയായിരുന്നു തർക്കോവ്സ്കി.

LEAVE A REPLY

Please enter your comment!
Please enter your name here