തുട്ടുകളില്‍ നിന്ന് നിധിയിലേക്ക് !

0
623

അനഘ സുരേഷ്
നമ്മളെല്ലാവരും കൂടങ്ങ് ഇറങ്ങ്വല്ലെ, പിന്നെന്ത് പ്രയാസം! അതെ, ഇന്ന് കൊയിലാണ്ടി താലൂക്കിലെ മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയത് കേരളത്തിനു വേണ്ടിയാണ്. ഒരു പുന:സൃഷ്ടിയ്ക്കായുള്ള തങ്ങളുടെ പങ്ക് സ്വരൂപിക്കാനായി. കേരളത്തെ വരിഞ്ഞ കാര്‍മേഘങ്ങളുടെ ആര്‍ത്ത നാദങ്ങള്‍ നിലവിളികളായി മാറിയ ദിനങ്ങള്‍… അവ സമ്മാനിച്ച നാശനഷ്ടങ്ങള്‍ക്ക് കൈതാങ്ങാവാനായി. കൈകോര്‍ക്കുന്നു ഓരോരുത്തരായി!

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമായി സഹായ ഹസ്തങ്ങള്‍ നീളുമ്പോഴും അണ്ണാറക്കണ്ണന് തന്നാലായത് എന്ന പോലെ പ്രായ പരിധികളില്ലാതെ ഇവിടെയും ഓരോരുത്തരായി പണം സ്വരൂപിക്കുകയാണ്. തങ്ങളുടെ കൂടപ്പിറപ്പുകള്‍ക്കായി. മുണ്ട് മുറുക്കിയുടുത്ത് തന്നെയാവണം ഇവരില്‍ ഓരോരുത്തരും തന്റെ പങ്ക് സഹായ നിധിയിലേക്കെത്തിക്കുന്നത്. ഇങ്ങനെ പല ദിവസങ്ങളിലായി വ്യത്യസ്ത ജില്ലകളിലായി വിവധ റൂട്ടുകളില്‍ പണം സമാഹരിച്ച് കൊണ്ടിരിക്കുന്നു. ഞാന്‍ സുഖം അനുഭവിക്കുന്ന ഈ അവസരത്തില്‍ എത്രയോ പേര്‍ ശൂന്യതയിലാണെന്ന തിരിച്ചറിവ് തന്നെയാവണം ഇവരെയിതിനെല്ലാം പ്രേരിപ്പിക്കുന്നത്. ” ഇതുകൊണ്ട് ഒന്നും ആവില്ലെന്ന് എനിയ്ക്ക് അറിയാം. പക്ഷേ അവരുടെ ഒരു നേരത്തെ ആവശ്യത്തിനെങ്കിലും ഇത് കൊണ്ട് സാധ്യമായാല്‍ അത്രയും സന്തോഷം” എന്നായിരുന്നു കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലോടുന്ന റനീസ് ബസിലെ ജീവനക്കാരന്റെ മറുപടി. കൂടാതെ ജനങ്ങളൊക്കെയും നല്ല സഹകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു കാര്യം ഇന്ന് ബസുകളില്‍ ജനതിരക്ക് കൂടിയിട്ടുണ്ടെന്നാണ്. സാധാരണ സ്വകാര്യ വാഹനങ്ങളില്‍ പോകുന്ന പലരും ഇന്ന് പൊതു വാഹനങ്ങളെ ആശ്രയിച്ചു എന്നതും പ്രതീക്ഷാവഹമാണ്. കൂടാതെ പതിവ് കാഴ്ചകളിലൊന്നായ ചില്ലറയ്ക്ക് വേണ്ടിയുള്ള സംസാരങ്ങളും എവിടെയും കണ്ടില്ല.


കേരളം കണ്ടതില്‍ ഏറ്റവും ഭയാനകമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇത്തവണത്തെ മഴ നമുക്ക് സമ്മാനിച്ചത്. എന്നാല്‍ ഏത് അവസരത്തിലും നമുക്ക് ചെറുത്ത് നില്‍ക്കാന്‍ കഴിയും എന്നാണ് ഈ സംഭവത്തോടെ നമ്മുടെ ജനത കാണിച്ചു തന്നത്. ഇവിടെ മത്സ്യതൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വാക്കുകള്‍ക്കതീതമാണ്. കൂടാതെ പുതു തലമുറയുടെ സമീപനവും. പുതു തലമുറകള്‍ സ്വായത്തമാക്കേണ്ട പലതിനെ കുറിച്ച് മുതിര്‍ന്നവര്‍ ഘോരഘോരമായി പ്രസംഗിക്കുന്നതിനും അവരെ അനവസരങ്ങളില്‍ ഉപദേശിക്കുന്നതിനും അവരുടെ ശരിയായ ആശയങ്ങളെ വേരോടെ എതിര്‍ക്കുന്നതിനുമുള്ള ഒരുത്തരം തന്നെയാണ് അവരുടെ ഈ പ്രവര്‍ത്തികള്‍. എന്ത്‌കൊണ്ടും മുതിര്‍ന്നവരേക്കാള്‍ ഒരു പടി മുന്‍പിലായി പ്രവര്‍ത്തിക്കാന്‍ അവരുടെ ഈ നൂതന വിദ്യകളിലൂടെ തന്നെയാണ് സാധ്യമായത്.

ഒരു രീതിയില്‍ പറയുകയാണെങ്കില്‍ നല്ലൊരു ഉപദേശം നമുക്ക് ലഭിക്കാന്‍ പ്രളയം കൊണ്ട് സാധിച്ചുവെന്ന് തന്നെ പറയാം. ദിവസത്തില്‍ മുഴുവന്‍ സമയം നാവുകളില്‍ ഉച്ചരിച്ച ഒന്നും തന്നെയും ഈ വേളയില്‍സഹായത്തിനെത്തിയിരുന്നില്ല. ആ കറുത്ത ദിനങ്ങളില്‍ കൈകള്‍ നീട്ടിയത് അടുത്തടുത്ത വീടുകളിലെ രാഷ്ട്രീയ-ജാതി-മത-ലിംഗ സമാനതകളൊന്നും തന്നെയില്ലാത്തവരായിരിക്കാം. ആ ദിവസങ്ങളില്‍ ഇവിടെ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ അര്‍ത്ഥത്തിലും ഇത് കേരളത്തിന്റെ ഒരു പുന: നിര്‍മ്മിതി തന്നെയാവട്ടെ. ഒരു പക്ഷേ ചിലപ്പോള്‍ ശങ്കരന്‍ തെങ്ങില്‍ തന്നെയാവും. എല്ലാം കാത്തിരുന്ന് കാണാം!
(ഫോട്ടോ കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here