കൊല്ലം: വ്യവസായിയും ചലച്ചിത്ര നിര്‍മാതാവും ജനറല്‍ പിക്‌ചേഴ്‌സ് സ്ഥാപകനുമായ കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അച്ചാണി രവി, ജനറല്‍ പിക്ചേഴ്സ് രവി എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി ഭാസ്‌കരന്‍ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയില്‍ പ്രശസ്തനായത്. ഭാര്യ: പരേതയായ ഉഷാ രവി (പിന്നണി ഗായിക). മക്കള്‍: പ്രതാപ്, പ്രീത, പ്രകാശ്.
1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്‌ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്‌ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എം ടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.
ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്തപ്പാന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല