ഫെസ്റ്റിവലുകളുടെ സ്വന്തം നാടായ കോഴിക്കോട്, വ്യത്യസ്തമായ ഒരു മഹോത്സവത്തിന് ആതിഥ്യമരുളുകയാണ്. ഡിസംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിന്റെ സംഘാടകര്‍
കെ.എസ്.ടി.എയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ മഹോത്സവത്തിന്റെ പ്രഥമമായ ലക്ഷ്യം. ലോകരാജ്യങ്ങളില്‍ നിലവിലുള്ള പാഠ്യപദ്ധതി പരിചയപ്പെടുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
200 വര്‍ഷത്തെ പൊതു വിദ്യാഭ്യാസ ചരിത്രം അടയാളപ്പെടുത്തുന്ന വിപുലമായ പ്രദര്‍ശനം, സ്‌കൂളുകളുടെ വേറിട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്ന മികവുത്സവം, ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ പങ്കുചേരുന്ന പത്ത് സെമിനാറുകള്‍, കുട്ടികളും സ്‌കൂളും പ്രമേയമായി വരുന്ന പത്ത് ലോകോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം, 25 രാജ്യങ്ങളില്‍ നിന്നുള്ള പാഠ്യപദ്ധതികള്‍ പരിചയപ്പെടുത്തുന്ന വേള്‍ഡ് കരിക്കുലം ലൈബ്രറി എന്നിവയുണ്ടാവും. മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യം ഉത്സവത്തിന് മാറ്റ് കൂട്ടും. പുസ്തകോത്സവവും പ്രദര്‍ശന സ്റ്റാളുകളും കലാപരിപാടികളും ഫുഡ്‌കോര്‍ട്ടും ചേര്‍ന്ന് ഉത്സവത്തിന് മോടിയേറും.
ടി.പത്മനാഭന്‍, എം.മുകുന്ദന്‍, യു.എ.ഖാദര്‍, കെ.വി.മോഹന്‍കുമാര്‍, വി.ആര്‍.സുധീഷ്, തുടങ്ങി എഴുത്തുകാരുടെ വലിയ നിര പരിപാടികളെ പൊലിപ്പിക്കും. ഡോ.ബി.ജു, ദീദി ദാമോദരന്‍, ജി.പി.രാമചന്ദ്രന്‍, ചെലവൂര്‍ വേണു, മധു ജനാര്‍ദ്ദനന്‍, ടി.വി.സുനീത തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചലച്ചിത്രോത്സവ വേദിയിലെ ഓപണ്‍ ഫോറങ്ങളെ സജീവമാക്കും. ഫോക് ലോര്‍ അക്കാദമിയുടെ തനത് കലാവിഷ്‌കാരങ്ങളും ഭാനു പ്രകാശും സംഘവുമൊരുക്കുന്ന മെഹ്ഫിലും ചേര്‍ന്ന് ആഘോഷസന്ധ്യകള്‍ തീര്‍ക്കും.