ഫേവർ ഫ്രാൻസിസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്
പള്ളീലച്ചൻമാരും കന്യാസ്ത്രികളും നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും ചെല്ലുമ്പോൾ അവിടത്തെ ചുവരുകളുടെ നിസ്സംഗത എന്നെ ഭയപ്പെടുത്താറുണ്ട്. ചുവരെഴുത്തുകളില്ലാതെ പ്രണയം കോറിയിടാതെ മുഷിയാതെ ചായം അടർന്നു പോകാതെ പട്ടാളച്ചിട്ടയോടെ നിൽക്കുന്ന വെള്ളയോ മഞ്ഞയോ കൂറ്റൻ ചുമരുകൾ. ചുവരിൽ ചിത്രം വരച്ചാൽ പിഴയടക്കേണ്ടി വരുന്ന കലാകാരന്മാർ. ഗ്രാഫിറ്റികൾ അശ്ലീലമെന്ന് കരുതുന്ന മേധാവികൾ.
ഇതൊനൊരപവാദമാണ് തൃശ്ശൂരിലെ ചിയ്യാരത്തെ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിംഗ് ആർട്സ്. ഇന്ത്യൻ സിനിമയിൽ പ്രഗല്ഭരായ ടെക്‌നീഷ്യന്മാരെ സംഭാവന ചെയ്ത ചേതന മീഡിയ ഇന്സ്ടിട്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ ബെനഡിക്റ്റ് ചിറമലിൻറെ (ബെന്നിയച്ചൻ) സാരഥ്യത്തിൽ മുന്നേറുന്ന ഈ കോളേജിൽ ഇപ്പോൾ നടന്നു വരുന്ന പെയിന്റഡ് വാൾസ് (ചായം പൂശിയ ചുവരുകൾ) എന്ന ക്യാംപ്.
പ്രശസ്തകലാസംവിധായകൻ റാസി മുഹമ്മദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാംപിൽ കോളേജിന്റെ ഒരു ചുവരുകളും സത്യജിത് റേ, ഋത്വിക് ഘട്ടക് പോലുള്ള പ്രശസ്ത ചലച്ചിത്രകാരന്മാരുടെ ചലച്ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അണിഞ്ഞൊരുകയാണ്. ഫിലിം ആൻഡ് ടെലിവിഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവുമുള്ള ഈ കോളേജിനെ അക്ഷരാർത്ഥത്തിൽ വർണങ്ങളുടെ വിശാലലോകമാക്കി മാറ്റുകയാണ് പെയിന്റഡ് വാൾസ് എന്ന ഈ ക്യാംപ്. ചുവരിൽ വരക്കാൻ തെരെഞ്ഞെടുത്ത ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണ് കുട്ടികൾ ഈ ക്യാംപിലൂടെ നടത്തുന്നത്.