കാടിനുള്ളിൽ ഒരു ദിനം..

0
263

ഫോട്ടോ സ്റ്റോറി
ഫൈറോസ് ബീഗം

2021 മാർച്ച് 20..

തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ യാത്രയും. കേരളത്തിലെ ആദ്യത്തെ വന്യമൃഗസങ്കേതമായ പെരിയാറിലേക്കായിരുന്നു ആ കുടുംബയാത്ര. കേരളത്തിനകത്തെ ഞങ്ങളുടെ യാത്രകൾ പലതും അങ്ങനെയുള്ളതായിരുന്നു. പെരിയാറിൻ്റെ സഹായവനപ്രദേശമാണ് തേക്കടി. യഥാർത്ഥത്തിൽ ഏപ്രിൽ ആദ്യവാരത്തിൽ പോകാനാണ് ആസൂത്രണം ചെയ്തിരുന്നത്. അന്നത്തേക്ക് ചില തടസ്സങ്ങൾ വന്നതിനാലും ഈ ദിവസം താമസസൗകര്യം ഉൾപ്പെടെ ലഭ്യമാണെന്നതിനാലും ആണ് പെട്ടെന്നുള്ള യാത്ര തീരുമാനിച്ചത്. വനം വകുപ്പിൻ്റെ കീഴിലുള്ള എടപ്പാളയം ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് താമസം ലഭിച്ചത്.

തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കര, അടൂർ, റാന്നി, എരുമേലി, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമിളി വഴി അഞ്ചര മണിക്കൂർ കൊണ്ട്  തേക്കടിയെത്തി. പത്തനംതിട്ട കഴിഞ്ഞാൽ പിന്നെ കുന്നും മലകളും നിറഞ്ഞ കാഴ്ചവസന്തമാണ്. പീരുമേട് എത്തുന്നതോടെ പച്ചപ്പിൻ്റെ  മേളമായ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെയുള്ള യാത്ര കണ്ണിനു മാത്രമല്ല, മനസ്സിനും കുളിരേകും.
fairos beegum

വനം വകുപ്പിൻ്റെ തന്നെ കീഴിലുള്ള ആനവച്ചാൽ ഐ.ബി. (ടൈഗർ ബംഗ്ലാവ്) യിലായിരുന്നു ഉച്ചഭക്ഷണം. ഇതിൻ്റെ പരിസരം പക്ഷികളുടെ കേന്ദ്രമാണ്. കോമ്പൗണ്ടിലുള്ള മരങ്ങളുടെ പൊത്തുകളിൽ ഗരുഡൻ ചാരക്കിളികൾ (Malabar starling) കൂടുകൂട്ടിയിട്ടുണ്ട്. ആനറാഞ്ചി (Black Drongo), ലളിതകാക്ക (Bronzed Drongo), കാടുമുഴക്കി (Greater Racket tailed Drongo) തുടങ്ങി കുറേയേറെ പക്ഷികളെ ഉച്ച സമയത്തു പോലും കാണാൻ കഴിഞ്ഞു.

fairos beegum
തുടർന്ന് ബോട്ടിംഗ് യാർഡിലേക്ക്.. കോവിഡിനു ശേഷമുള്ള ഇളവുകൾ വന്നതിനാൽ സന്ദർശകർ എത്തിയിട്ടുണ്ട്. എങ്കിലും ബോട്ടിംഗിനുള്ള ടിക്കറ്റ് കൗണ്ടറിൽ പ്രതീക്ഷിച്ച തിരക്കുണ്ടായിരുന്നില്ല. ബോട്ടിംഗിനുള്ള കെ.ടി.ഡി.സിയുടെ ടിക്കറ്റ് കൗണ്ടറിനു എതിർവശത്താണ് വനം വകുപ്പിൻ്റെ ടിക്കറ്റ് കൗണ്ടർ. അവിടെ ആവശ്യമായ അപേക്ഷാഫോറം പൂരിപ്പിച്ചു നൽകി ഒദ്യോഗിക പ്രക്രിയ പൂർത്തിയാക്കി. കെ.ടി.ഡി.സി യുടെ നിയന്ത്രണത്തിലുള്ള ആരണ്യ നിവാസ് റിസോർട്ട് ഇതിനടുത്താണ്.
fairos beegum

അവിടെ നിന്നും ബോട്ടിൽ എടപ്പാളയം ഐ.ബി യിലേക്ക്.. തേക്കടിയിലെത്തുന്ന ഏതൊരു സഞ്ചാരിയും തടാകത്തിലൂടെയുള്ള ബോട്ട് യാത്ര നഷ്ടപ്പെടുത്തരുത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് സുഹൃത്തുക്കളുടെ കൂടെ ഗവിയിൽ പോകുന്ന വഴി ഇവിടെ സന്ദർശിച്ചിരുന്നുവെങ്കിലും ടിക്കറ്റ് കൗണ്ടറിലെ നീണ്ടനിര കണ്ടു അന്ന് ബോട്ടുയാത്ര വേണ്ടെന്നു വെയ്ക്കുകയായിരുന്നു. അതൊരു വലിയ നഷ്ടമായിരുന്നുവെന്നു പിന്നീട് ഞങ്ങളുടെ ഫോട്ടോഗ്രാഫി സുഹൃത്തുക്കളുടെ ഫോട്ടോകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്. അന്നത്തെ പ്രധാന ലക്ഷ്യം ഗവിയായിരുന്നുവെന്നതും മറ്റൊരു കാരണമായിരുന്നു. ആ നഷ്ടം നികത്താൻ പല കാരണങ്ങളാൽ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. പെരിയാർ ദേശീയോദ്യാനത്തിലൂടെയുള്ള ഈ യാത്ര തന്നെ പ്രത്യേക അനുഭൂതി നൽകുന്നതാണ്. വന്യജീവി സങ്കേതത്തിൻ്റെ കാഴ്ചകളും ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന സവിശേഷയിനം പക്ഷികൾ, വന്യമൃഗങ്ങൾ എന്നിവയും ആകർഷണങ്ങളാണ്. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിനു ശേഷം രൂപപ്പെട്ടതാണ് ഈ തടാകം. ഇതു പെരിയാർ വന്യജീവി സങ്കേതത്തിനകത്താണ്. തടാകത്തിലൂടെ അര മണിക്കൂർ സഞ്ചരിച്ചാൽ എത്തുന്ന എടപ്പാളയത്തെ താമസസ്ഥലം കാടിനോടു ചേർന്നാണ്. പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന കെ.ടി.ഡി.സി. യുടെ ലെയ്ക്ക് പാലസ് ഇതിനോടു ചേർന്നാണ്. ബോട്ടിൽ പോകുമ്പോൾ തടാകത്തിൻ്റെ ഇരുകരകളിലേക്കും കൗതുകത്തോടെയും അതിലേറെ ആകാംക്ഷയോടെയും നോക്കിക്കൊണ്ടിരുന്നു. ആമ, പുള്ളിമീൻ കൊത്തി (Pied kingfisher), മീൻ കൊത്തിച്ചാത്തൻ (White throated kingfisher), വലിയ നീർക്കാക്ക ( Great cormorant), ചെറിയ നീർക്കാക്ക, ഇണകാത്തേവൻ (Ashy Woodswallow), ചേരക്കോഴി (Oriental Darter), മ്ലാവ് എന്നിവയെല്ലാം ഇരുകരകളിലും തടാകത്തിലെ മരക്കൊമ്പുകളിലുമായി കണ്ടു.

fairos beegumfairos beegum
അര മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ എടപ്പാളയത്തെത്തി. വളരെ മനോഹരവും ശാന്തസുന്ദരവുമായ അന്തരീക്ഷം. ശുദ്ധവായുവിൻ്റെ ആശ്വാസം. നല്ല വെയിലാണെങ്കിലും അത്ര ചൂടില്ലായിരുന്നു. താമസസ്ഥലത്തിൻ്റെ മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഒരു ഭാഗത്ത് കാടാണ്.

കുറച്ച് ഉയർന്ന സ്ഥലമായതിനാൽ കുറെ പടവുകൾ കയറിയിട്ടാണ് കോട്ടേജ്. താമസസ്ഥലത്തിന് ചുറ്റും ട്രഞ്ച് നിർമ്മിച്ചിട്ടുണ്ട്. അങ്ങോട്ടു കടക്കാനുള്ള ഭാഗം മാത്രം ഇരുമ്പു പൈപ്പുകൾ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. എന്തിനു വേണ്ടിയാണെന്നു ഊഹിക്കാമല്ലോ. വരാന്തയിലിരുന്നാൽ തടാകത്തിനക്കരെയുള്ള സുന്ദര കാഴ്ചകൾ. ഉൾക്കാട്ടിൽ നിന്ന് മൃഗങ്ങൾ വെള്ളം കുടിക്കാനും, പുല്ല് തിന്നാനുമായി എത്തുന്നതും കാണാം. കാട്ടുപോത്തുകൾ  കൂട്ടമായി വന്ന് മേഞ്ഞ് നടക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ തൊട്ടടുത്തു ചുറ്റുഭാഗത്തേക്കുമായി ഒരു ട്രക്കിങ്ങ്. കുറച്ചു ദൂരം കാടിൻ്റെ ഉള്ളിലേക്ക് പോയപ്പോൾ മൺപുറ്റുകൾ ഇളക്കിയിട്ടിരിക്കുന്നത് കണ്ടു. കരടി ഇളക്കി നോക്കിയതാകാമെന്ന് വഴികാട്ടി പറഞ്ഞു. ഭാഗ്യപരീക്ഷണത്തിനു മുതിരാതെ സഹായി ഒന്നു ദിശ മാറി നടന്നു. കുറച്ചകലെയായി ഒരു കൂട്ടം കാട്ടുപോത്തുകൾ. നല്ല  വേനലായതിനാൽ അടിക്കാട് കുറവായിരുന്നു. ചുറ്റുപാടും നിരീക്ഷിച്ച് പതുക്കെ നടന്നു. മുന്നിലായി നടന്ന സഹായി പെട്ടെന്നു നിന്ന് ചെവിയോർക്കുന്നതു കണ്ടു. ഞങ്ങളും നിന്നു.

ശബ്ദമില്ലാതെ നടന്നു വരാൻ അയാൾ ആംഗ്യം കാട്ടി. ഒരു 50 മീറ്റർ അകലെയായി അമ്മയാനയും കുഞ്ഞും നിൽക്കുന്നുണ്ട്. ആകെ മണ്ണിൽ കുളിച്ച് വള്ളിപ്പടർപ്പുകൾക്കിടയിലാണ് നിൽപ്പ്. അതുകൊണ്ടു തന്നെ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും കൃത്യമായി കിട്ടിയില്ല. നടന്നു നടന്നു ഞങ്ങൾ കാടിൻ്റെ ഏകദേശം നടുവിലായി ഒരു തുറസ്സായ സ്ഥലത്തെത്തി. അവിടെ ഒരു ട്രീ ഹൗസ് പണിതിട്ടുണ്ട്. രണ്ടു പേർക്ക് താമസിക്കാം. കൂടെ വനം വകുപ്പിൻ്റെ സഹായിയും ഉണ്ടാകും. ഇതു നമുക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്.

fairos beegum

പനങ്കാക്ക (Indian Roller), നീലത്തത്ത (Malabar Parakeet), മഞ്ഞക്കാഞ്ചി  മരംകൊത്തി (Streak throated Woodpecker), പേക്കുയിൽ (Common Hawk Cuckoo), ചെങ്കണ്ണി തിത്തിരി (Red Wattled Lapwing), വലിയ വാലുകുലുക്കി (White browed Wagtail),  വഴികുലുക്കി (Grey Wagtail), കന്യാസ്ത്രീ കൊക്ക് (Woolly necked Stork) എന്നിവയെ കൂടാതെ സാധാരണ കാണുന്ന ഇരട്ടത്തലച്ചി, മണ്ണാത്തിപ്പുള്ള്, ചിന്നക്കുട്ടുറവൻ, തേൻകിളികൾ എന്നിവയെയെല്ലാം കാണാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞു. കരടി, മുള്ളൻപന്നി, ആന, കാട്ടുപോത്ത്, കടുവ, കരിമ്പുലി, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, മ്ലാവ്, കേഴമാൻ തുടങ്ങിയ മൃഗങ്ങൾ പെരിയാർ മേഖലയിലുള്ളതായി അറിയാം.

fairos beegum
fairos beegum

സന്ധ്യാ സമയം തടാക കരയിലിരുന്ന് കാഴ്ചകൾ കണ്ടു. ഇരുട്ടാകുന്നതും പക്ഷികൾ ചേക്കേറാനുളള തിരക്കിൽ പറന്നകലുന്നതും നോക്കിയിരുന്നു. വല്ലാത്തൊരനുഭൂതി തന്നെയായിരുന്നു അത്. കാട് അതിൻ്റെ എല്ലാ മനോഹാരിതയോടും കൂടി  അവിടുത്തെ കാഴ്ചകൾ നമുക്കായി ഒരുക്കിയിരിക്കുന്നത് പോലെ തോന്നി. അന്ന് പൂർണ്ണചന്ദ്രനായിരുന്നു എന്നൊരു ബോണസ് കൂടിയുണ്ടായിരുന്നു. നിലാവ് ഉദിച്ചുയർന്നു മരങ്ങൾക്കു മേലേ തടാകത്തിൽ വെള്ളി വെളിച്ചം വിതറി. അക്കരെയുള്ള കാട്ടിൽ നിന്ന് രാത്രിയിൽ കേട്ട അലർച്ച കടുവയുടേതാണെന്നു കെയർടേക്കർ പറഞ്ഞു. പിന്നെയും പേരറിയാത്ത ആരൊക്കെയോ അവരുടെ സാന്നിദ്ധ്യം പല തരം ശബ്ദങ്ങളിലൂടെ നമ്മെ അറിയിച്ചു കൊണ്ടിരുന്നു. ഞങ്ങൾ താമസിച്ച കോമ്പൗണ്ടിൽ പോലും ആന വരാറുണ്ടെന്നാണ് അറിഞ്ഞത്. കാടിനുള്ളിലെ ഐ.ബി.യിൽ പുലർക്കാല കാഴ്ചകൾ സ്വപ്നം കണ്ടുള്ള ഉറക്കം ശരിക്കും ഒരനുഭവം തന്നെയാണ്.

 

2021 മാർച്ച് 21..

രാവിലെ നല്ല മഞ്ഞുണ്ടായിരുന്നു. മൂടൽമഞ്ഞിൻ്റെ നേർത്ത പാളികൾക്കിടയിലൂടെ അക്കരെ ഇരുപതോളം കാട്ടുപോത്തിൻ കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നത് കണ്ടു. തൊട്ടപ്പുറത്തു മ്ലാവുകളും. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ചെറിയ ആനക്കുട്ടികളടങ്ങുന്ന എഴു ആനകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടു. കുറേ സമയം അവിടെത്തന്നെ അവർ തുടർന്നു. അതിനിടയിൽ ആനകൾ ചിന്നം വിളിച്ചു കുഞ്ഞുങ്ങളുടെ ചുറ്റുമായി മതിൽ തീർത്ത് സുരക്ഷയൊരുക്കുന്നതും കണ്ടു. ശത്രുവിൻ്റെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെടുമ്പോഴാണ് ഇത്തരത്തിൽ സുരക്ഷയൊരുക്കുന്നത്. മാർച്ച് മാസത്തിൽ സാധാരണയായി ഉണ്ടാകുന്നതിനേക്കാൾ 15 അടിയോളം വെള്ളം കൂടുതലായതിനാൽ കരഭാഗം കുറവായിരുന്നു. വെള്ളം കുറവായിരുന്നെങ്കിൽ കുറച്ചു കൂടി അടുത്തേക്കു മൃഗങ്ങൾ എത്താറുണ്ടെന്നാണ് അറിഞ്ഞത്.

fairos beegum

fairos beegum

മടക്കയാത്രയിൽ, അങ്ങോട്ടു പോകുമ്പോൾ കണ്ട പക്ഷികൾക്കും മ്ലാവിനും പുറമേ കാട്ടുപോത്ത്, ആന എന്നിവയെയും വഴിയിൽ കണ്ടു. മസിലുകൾ പെരുപ്പിച്ച് ഒറ്റയ്ക്കു പുല്ലു തിന്നുന്ന കാട്ടുപോത്തിനെ ബോട്ടും അതിലെ ആളുകളുമൊന്നും അലട്ടുന്നേയില്ലായിരുന്നു. ചില സന്ദർഭങ്ങളിൽ ഏതു കാനന സഫാരിയിൽ പോയാലും ഒരു മൃഗത്തെ പോലും കാണാൻ കഴിഞ്ഞെന്നു വരില്ല. അതൊരു ഭാഗ്യം കൂടിയാണ്. ഈ തേക്കടി യാത്രയിൽ ഞങ്ങൾക്ക് അത് ആവോളം ലഭിച്ചു. തുടർന്നു മെയിൻ റോഡു വരെയുള്ള യാത്രയിൽ റോഡരുകിൽ വെച്ച് കോഴിവേഴാമ്പൽ (Malabar Grey Hornbill), മരതകപ്രാവ് (Emerald Dove), അരിപ്രാവ് (Spotted Dove), കാട്ടുകോഴി (Grey Junglefowl), മഞ്ഞച്ചിന്നൻ (Yellow browed Bulbul), കാവി (Indian Pitta) തുടങ്ങി വിവിധയിനം പക്ഷികളേയും മലയണ്ണാൻ, കാട്ടുമുയൽ, കരിങ്കുരങ്ങ്, കലമാൻ എന്നിവയേയും കാണാൻ സാധിച്ചു. എല്ലാവരുടേയും നല്ല ഫോട്ടോകളും കിട്ടി.

fairos beegum

കാടും പ്രകൃതിയും ഇഷ്ടപ്പെടുന്ന ഏതൊരാളും ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണിവിടെ. കാട്ടിൽ സ്വീകരിക്കേണ്ട പ്രോട്ടോകോൾ കൃത്യമായി പാലിക്കുകയെന്നത് വളരെ പ്രധാനമാണ്. കാട് അവിടെയുള്ള മൃഗങ്ങളുടേതും മറ്റു ജീവജാലങ്ങളുടേതുമാണ്. അതുകൊണ്ടു തന്നെ നമ്മുടെ താൽക്കാലിക സാന്നിദ്ധ്യം അവർക്കു ശല്യമാകാത്ത വിധത്തിലാകാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാടിൻ്റെ അവകാശികൾ നമുക്കു വഴി മാറിത്തരികയല്ല, നാം വഴിമാറിപ്പോവുകയാണ് വേണ്ടത്. നല്ലൊരു കാടനുഭവം ഒരുക്കുന്നതിനു സഹായം നൽകിയ സി.സി.എഫ് ശ്രീ. സഞ്ജയൻകുമാർ ഐ.എഫ്.എസ്, തേക്കടി ഡി.എഫ്.ഒ ശ്രീ.സുനിൽ ബാബു ഐ.എഫ്.എസ് എന്നിവർ മുതൽ താഴെ തലത്തിലുള്ള മുഴുവൻ ജീവനക്കാർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

ഫൈറോസ് ബീഗം

മലപ്പുറം മുണ്ടുപറമ്പ് സ്വദേശി

യാത്ര, ഫോട്ടോഗ്രാഫി, വായന, സംഗീതം എന്നിവ താൽപര്യങ്ങൾ. ഭർത്താവ് എം.എ.ലത്തീഫ്, മക്കൾ: റിസ്മി എം, ഐഷ ഷഹ്മി എം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here