അജയ് സാഗ
വേനലാകുമ്പോൾ പുഴ കടന്ന് മുണ്ടേങ്ങരയിലേക്കൊരു അതിഥിയെത്തും… പുഴയിലൂടെ കൊണ്ടുവന്ന മരങ്ങൾ എടവണ്ണ പേട്ടയിലേക്ക് വലിച്ചു കയറ്റി അടുക്കി വെക്കുന്ന കരിവീരനെ സുഹൃത്തുക്കൾക്കൊപ്പം ഞാനും, ഇക്കരെ പുഴ മാടിൽ കാത്തിരിക്കും. അപ്പോഴേക്കും ആനച്ചൂര് പുഴങ്കാറ്റിൽ ആകെ പരക്കും. തോണിയാത്രക്കാർക്കൊക്കെ നല്ലൊരു കാഴ്ചയാണ്, മരപ്പണി കഴിഞ്ഞാൽ പുഴയിലേക്കിറങ്ങാനുള്ള ആവേശത്തിൽ പേട്ടയുടെ കുന്നിറിങ്ങിവരുന്ന കരിവീരന്‍…
തോണി കടവിൽ ഇറങ്ങി പുഴയിലൂടെ നീന്തി കളിച്ച് മുണ്ടേങ്ങര കടവിലെത്തും. മാലങ്ങാടന്റെ ആനയാണത്. കൂപ്പിൽ നിന്നും മരപ്പണികഴിഞ്ഞ് വരുന്നതാണ്.
ആനയോളം ഇഷ്ടമാണനിക്ക് പണിയൻ വില്ലനെ. കറുത്ത ശരീരം നീളം കുറഞ്ഞ നല്ല ആരോഗ്യമുള്ള വില്ലന്റെ കണ്ണ് എപ്പഴും ചുവന്നിരിക്കും ഒപ്പം വെറ്റില മുറക്കി ചുവപ്പിച്ച ചുണ്ടും. ചന്തുട്ടി പാവാണ് കുറച്ച് നീളം കൂടിയ ആള്. വില്ലനെയാണ് ആനക്ക് പേടി…
കരയിൽ വന്ന്, ഒന്ന് ഇരുന്ന് മെല്ലെ പുഴയിൽ കെടക്കും. പുഴയിൽ വലിയൊരു ഓളമുണ്ടാവും… കടത്ത് തോണി അക്കരെ നിന്നും ഇക്കരെ നിന്നും ആളുകളെ കൊണ്ടുപോകും. ഞങ്ങൾ മെല്ലെ ആനയുടെ അടുത്തെത്തും. വില്ലൻ അരയിൽ നിന്ന് കത്തിയെടുത്ത് ചെകിരി ചെത്തി ബ്രഷാക്കി മാറ്റും. ചന്തുട്ടിയും വില്ലനും നന്നായി ഒരച്ച് കുളിപ്പിക്കാൻ തുടങ്ങും. ഞങ്ങളും മെല്ലെ ലോഗ്യം കൂടി ആനയെ തൊടും പിന്നെ ആന വാലിൽ.. കാലിൽ… തുമ്പികൈക്ക് നല്ല ഭംഗിയാണ്… മെല്ലെ ആ.. പുള്ളിയിൽ തലോടും ഇടക്ക് ഞാൻ ആ ചെറിയ കണ്ണിലേക്ക് നോക്കിയിരിക്കും. ചിരിക്കുന്നത് പ്പോലെ തോന്നും… വില്ലൻ ഞങ്ങളോട് മാറി നിൽക്കാൻ പറയും. മാടിൽ പോയിരിക്കും. അക്കരെ കുന്നിൽ പട്ടം പറത്തുന്നത് നോക്കി നിൽക്കും . ആന എണീറ്റ് മറിഞ്ഞ് കെടക്കും… കുളി തീരാൻ കുറെ സമയമെടുക്കും. അതിനിടയിൽ കിഴക്കേത്തലക്കലെ കുട്ടികളൊപ്പം ബലൂൺ വീർപ്പിച്ച് തുണികൊണ്ട് കെട്ടിയ പന്തിൽ കളിക്കും. പുഴ മാടിൽ ഓടി തളരും ദാഹം കൂടും .. പുഴക്കരയിലേക്കോടി മണലിൽ കൈ കൊണ്ട് മാന്തി കുഴിയാക്കും. വെള്ളം നിറഞ്ഞ് തെളിഞ്ഞ് വരുമ്പോൾ മുട്ടുക്കുത്തി കൈകൾ കുത്തി വായ കൊണ്ട് വലിച്ച് കുടിക്കും. ദാഹം തീരും… ആനയുടെ കുളിയും ..
പുഴക്കരയിലൂടെ ഓടി ആനക്കടുത്തെത്തും. അപ്പോഴേക്കും പണിയൻമാരും കുളിച്ചിട്ടുണ്ടാവും. തുമ്പി കൈയ്യിൽ വെള്ളം നിറച്ച് ചീറ്റി ശരീരം മുഴുവൻ നനക്കും. കരിവീരന് നല്ല കളിയാണ്.
ആനയോട് എഴുന്നേൽക്കാൻ പറയും, വില്ലന് കാൽ വെച്ച് കൊടുക്കും. കഴുത്തിലെ കയറിൽ പിടിച്ച് വില്ലൻ ആനപുറത്തേക്ക് കയറും. കുളി കഴിഞ്ഞ് പുഴ മാടിലൂടെ നടന്ന് കുന്ന് കയറി വരുന്നത് കാണാൻ നല്ല രസമാണ്..
ആന പുറത്തിരിക്കുന്ന വില്ലന്റെ കയ്യിൽ വളഞ്ഞ മൂർച്ചയുള്ള തോട്ടിയുണ്ടാവും. ആനക്കൊപ്പം നടക്കുന്ന ചന്തുട്ടിയുടെ കയ്യിൽ ചൂരൽ വടിയും… വലിയ ശരീരത്തിലെ ചെറിയ കണ്ണുകൾക്ക് വല്ലാത്തൊരു ദയനീയത തോന്നും. മണൽപോലെ മണ്ണുള്ള റോഡ് ഇടവഴിയിലൂടെ മാലക്കാടൻ ചെറുക്കാക്കയുടെ വീട്ടിലേക്ക് ആന നടക്കും കൂടെ ഞങ്ങൾ കുട്ടിക്കൂട്ടവും..
ആന ഉമ്മറത്ത് വന്ന് നിൽക്കും. ചെറുകാക്ക വലിയൊരു പഴത്തിന്റെ ചീർപ്പ് കൊണ്ടുവരും അപ്പോഴേക്കും തല കുലുക്കി തുമ്പിക്കൈ ഉയർത്തി വായ തുറക്കും പഴചീർപ്പ് തിന്നാന്‍… ചിരിച്ചു കൊണ്ട് ചെറുകാക്ക തുമ്പികൈയ്യിലൊക്കെ തലോടും. സന്തോഷത്തോടെ ആനക്കൊപ്പം ഞങ്ങളും…
കുറെ പനമ്പട്ടയും… വലിയ ചെമ്പിൽ ചോറും റെഡിയായി പല മരുന്നുകളും കൂട്ടി വലിയ ഉരുളയായി വെച്ചത് ആനക്ക് കൊടുക്കും. അപ്പോഴേക്കും സമയം ഇരുട്ടി തുടങ്ങും. ഞങ്ങൾ കൂട്ടത്തോടെ വീട്ടിലേക്ക് ഓടും.
വീട്ടിലെത്തുമ്പോൾ വിളക്ക് തെളിഞ്ഞ സമയം… അമ്മയുടെ ദേഷ്യപ്പെടൽ ചായ കുടിക്കാതെ ഓടിയതാണ്, എവിടായിരുന്നൂന്ന്… അമ്മക്ക് ഞാനും എനിക്ക് അമ്മയും മാത്രമായതിനാൽ എന്നെ ഇതുവരെ അടിച്ചിട്ടില്ല. ആനയോടൊപ്പമാണന്ന് പറയുന്നത് പ്രശ്നാണ്. മാട്ട്മ്മല് പന്തുകളിയാണന്ന് പറഞ്ഞ് രക്ഷപ്പെടും.
വായന കഴിഞ്ഞ് ചോറിനിരിക്കുമ്പോ അമ്മയോട് പറയും. പന്ത് കളിക്കുമ്പോ, മാലങ്ങാടന്റെ അവിടെത്തെ ആന പുഴ കടന്ന് വന്ന കഥ പറയും… അമ്മ എന്നോട്, അതിന്റെ അടുത്ത് പോകരുത്… പിന്നാലെ നടക്കരുത് എന്നൊക്കെ പറയും. ഞാൻ സമ്മതിക്കും. ചോറ് കറിക്കൂട്ടി വലിയ ഉരുളയാക്കി ഞാൻ ചവച്ചരച്ച് കഴിക്കും.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കൈതോല പായയിൽ കെടന്ന് ഞാൻ ചുമരിലേക്ക് നോക്കുമ്പോൾ പല രൂപങ്ങളും ആനയായി മാറും… വില്ലനെപ്പോലെ കയ്യിൽ ഒരു തോട്ടിയും പിടിച്ച് ആനപ്പുറത്തിരുന്ന് ആനയെ കൊണ്ടു നടക്കുന്ന സ്വപ്നം കാണും..
ബാല്യകാലങ്ങളിലെ ആഗ്രഹങ്ങൾക്ക് മതിലുകളില്ലാ.. ആകാശത്തോളം മനസ്സ് നിറച്ച് കാണാം…
(തുടരും)