ശരണ്യ. എം ചാരു
ബേക്കലിലും സമീപ പ്രദേശങ്ങളിലും പലയിടങ്ങളിലായി കിടക്കുന്ന കൊച്ചു കൊച്ചു ബീച്ചുകള്‍, വ്യത്യസ്തതയാര്‍ന്ന എക്‌സ്പീരിയന്‍സുകള്‍ നല്‍കുന്ന അനുഭവവേദ്യ (experiential) ടൂറിസം കടലോരങ്ങള്‍ ആയി വികസിപ്പിക്കാന്‍ ബിആര്‍ഡിസി നടപടി തുടങ്ങി. ബീച്ച് ടൂറിസം വികസനത്തിനുള്ള സാധ്യതകളെ അടിസ്ഥാനപ്പെടുത്തി 1991-ല്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഭാരതത്തിലെ അഞ്ച് സ്ഥലങ്ങളിലൊന്നാണ് ബേക്കല്‍. കോടി, കാപ്പില്‍, ചെമ്പരിക്ക, തൃക്കണ്ണാട്. ഇങ്ങനെ പത്തോളം മൈക്രോ ബീച്ചുകള്‍ ആണ് വികസിപ്പിക്കുക.
ഓരോ ബീച്ചിന്റെയും സാധ്യതകള്‍ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഇവയെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, ടൂറിസത്തിന്റെ സാമ്പത്തിക-സാമൂഹ്യ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കും പ്രാപ്യമാക്കുക, ഫലവത്തായ മാര്‍ക്കറ്റിംഗ് നടപ്പിലാക്കുക മുതലായവ ആണ് പ്രധാന ലക്ഷ്യങ്ങള്‍.
ഓരോ മൈക്രോ ബീച്ചും ഓരോ തീമിനെ അടിസ്ഥാനപ്പെടുത്തി ആണ് വികസിപ്പിക്കുന്നത്.
അതത് തീമുകളെ ആധാരമാക്കി ആയിരിക്കും പ്രസ്തുത ബീച്ചിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിസൈനും നിര്‍മ്മാണവും. പ്രസ്തുത ബീച്ചിലെ പരമാവധി ആക്ടിവിറ്റികളും അങ്ങനെ തന്നെ ഓയിസ്റ്റര്‍സ് ബീച്ചില്‍ കല്ലുമ്മക്കായ കൊണ്ടുള്ള പല വിധ വിഭവങ്ങള്‍ രുചിക്കാന്‍ മാത്രമല്ല, ഇവയുടെ പോഷക വശങ്ങള്‍ ഉള്‍പ്പെടെ അറിയാനും, ആവശ്യക്കാര്‍ക്ക് റെസിപ്പി പഠിക്കാനും, പാചകം പ്രാക്ടീസ് ചെയ്യാനുമൊക്കെ അവസരം ഒരുക്കും.
പട്ടം പറത്തലുമായി ബന്ധപ്പെട്ട എന്തും, ഏതും എപ്പോള്‍ വേണമെങ്കിലും അനുഭവിക്കാനും ലഭ്യമാക്കാനും സാധിക്കുന്ന ഇടമായിരിക്കും കൈറ്റ്‌സ് ബീച്ച്.
സാന്‍ഡ് ആര്‍ട്‌സ് ബീച്ച് വികസനത്തോടൊപ്പം പ്രദേശത്തുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാന്‍ഡ് ആര്‍ട്ടില്‍ പരിശീലനം നല്‍കും. ഇവര്‍ക്ക് ഒഴിവ് വേളകളില്‍ ബീച്ചില്‍ പ്രദര്‍ശനം നടത്താനും വരുമാന മാര്‍ഗ്ഗമായി മാറ്റാനും സാധിക്കും.
ഇങ്ങിനെ, പത്ത് ഇടങ്ങളിലായി, പത്ത് വിഷയത്തെ ആധാരമാക്കിയുള്ള, പത്ത് അനുഭവവേദ്യ ടൂറിസം ബീച്ചുകളാണ് വികസിപ്പിക്കുക.
ബീച്ച് വോളി, ബീച്ച് ഫുട്ബാള്‍ മുതലായ ഗെയിമുകള്‍, സീ ഫുഡ് നാടന്‍ പലഹാര-ഭക്ഷണ ശാലകള്‍, അക്വേറിയം, കടല്‍ക്കഥകള്‍ പ്രാദേശിക ചരിത്രം മീന്‍ വിവരണങ്ങള്‍ മുതലായവയുടെ ഗ്യാലറികള്‍, കടലാമയുടെയും ഞണ്ടിന്റെയും മറ്റ് കടല്‍ ജീവികളുടെയും ആകൃതിയില്‍ കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍. ഇത്യാദി
പൊതു ഘടകങ്ങള്‍ വിവിധ ബീച്ചുകളിലുണ്ടാകും.
ബിആര്‍ഡിസിയുടെ സൈക്കിള്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി, ഓരോ ബീച്ചിലും സൈക്കിള്‍ ഹബ്ബ്കള്‍ സ്ഥാപിക്കുകയും, ബീച്ചുകള്‍ പരസ്പരം ബന്ധിപ്പിച്ച് സൈക്കിള്‍ ടൂറുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ടൂറിസ്റ്റുകള്‍ക്ക് (പ്രത്യേകിച്ചും വിദേശികള്‍ക്ക്) നാടന്‍ ബോട്ടുകളില്‍ കടല്‍ ക്രൂയിസും മീന്‍പിടുത്ത അനുഭവങ്ങളും നല്‍കാന്‍ ബീച്ചുകള്‍ കേന്ദ്രമാക്കി സംവിധാനമുണ്ടാകും. കടല്‍ ജോലികളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള പ്രദേശവാസികള്‍ക്ക് ടൂറിസ്റ്റുകള്‍ക്ക് സേവനം നല്‍കുന്നതിനുള്ള പരിശീലനം നല്‍കും.
ഓരോ ബീച്ചിനോട് ചേര്‍ന്നും ഹോംസ്റ്റേ, സര്‍വ്വീസ്ഡ് വില്ല, ടെന്റ്, കാരവന്‍ മുതലായ അക്കമൊഡേഷന്‍ സംരംഭങ്ങള്‍ ‘സ്‌മൈല്‍’ പദ്ധതിയുമായി ബന്ധിപ്പിച്ച് നടപ്പിലാക്കും.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലനം, വിപണനം മുതലായവയും ബി.ആര്‍.ഡി.സി നടപ്പിലാക്കും.