മരങ്ങള്‍ പലവിധമുണ്ടെങ്കിലും എന്റെ കേരളം പ്രദര്‍ശനത്തിലുള്ള “മരം” ഒന്നുവേറെ തന്നെയാണ്. തൃശൂര്‍ സായി ഇന്‍ഡസ്ട്രീസ് ഒരുക്കിയിരിക്കുന്ന സംഗീതോപകരണങ്ങളുടെ സ്റ്റാളിലാണ് മരം എന്ന വാദ്യോപകരണങ്ങളിലെ പ്രധാനിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നാടിന്‍പാട്ടിലെ മുഖ്യഇനമായ ‘മര’ത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കൂടുതല്‍ അറിയാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാരിന്റെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. മരം മാത്രമല്ല, കണ്ടതും ഇനി കാണേണ്ടതുമായ നിരവധി വാദ്യോപകരണങ്ങള്‍ ഇവിടെയുണ്ട്. താളവാദ്യങ്ങളായ ചെണ്ട, കുട്ടി ചെണ്ട, തകില്‍ ,ഇടയ്ക്ക, തിമില, തബല, ജിംബെ, ഈഴറ, ഉടുക്ക്, ഉറുമി, ഗഞ്ചിറ, യുക് ലീലി, ഹാപ്പി ഡ്രം എന്നീ വാദ്യോപകരണങ്ങള്‍ കാണാനും ആസ്വദിക്കാനും മാത്രമല്ല, കലാകാരന്മാര്‍ക്ക് വായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം മാത്രമല്ല വിപണനവുമുണ്ട്. പശ്ചാത്യ സംഗീതത്തിനുപയോഗിക്കുന്ന യുക് ലീലിയുടെ മേളയിലെ വില്‍പന വില 2500 രൂപയാണ്.